തിരയുക

കഴിഞ്ഞ വർഷത്തിലെ വെള്ളപ്പൊക്കസമയത്ത് പാക്കിസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം കഴിഞ്ഞ വർഷത്തിലെ വെള്ളപ്പൊക്കസമയത്ത് പാക്കിസ്ഥാനിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം 

പാക്കിസ്ഥാൻ: കാലാവർഷമവസാനിച്ചിട്ടും അതിജീവനത്തിനായി പാടുപെട്ട് കുട്ടികൾ

കനത്ത മഴ മൂലം ബുദ്ധിമുട്ടിയിരുന്ന പാക്കിസ്ഥാനിൽ, മഴയവസാനിച്ചിട്ടും, കുട്ടികൾ അതിജീവിതാനത്തിനായി പാടുപെടുകയാണെന്നും, ഇപ്പോഴും നിരവധി കുട്ടികൾ മരണമടയുന്നുവെന്നും പാകിസ്താനിലെ യൂണിസെഫ് പ്രതിനിധി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കേണ്ടിവന്ന പാക്കിസ്ഥാനിൽ ഏതാണ്ട് നാൽപതു ലക്ഷത്തോളം കുട്ടികൾ ശുദ്ധജലലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുകയാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽ ബുദ്ധിമുട്ടുന്ന വിവിധ ജില്ലകളിൽ, പതിനാറു ലക്ഷത്തിലധികം കുട്ടികൾ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിച്ചു എന്നും, ഏതാണ്ട് അറുപത് ലക്ഷത്തോളം കുട്ടികൾ, ഇപ്പോഴും തുടർച്ചയായ പോഷകാഹാരഭക്ഷണ ലഭ്യത മൂലം ബുദ്ധിമുട്ടുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ പാകിസ്താനിലേക്കുള്ള പ്രതിനിധി അബ്ദുല്ല ഫാദിൽ പ്രസ്താവിച്ചു. രാജ്യത്താകമാനം ഏതാണ്ട് 27000 സ്കൂളുകളാണ് തകർന്നത്.

കനത്ത മഴയും, അതോടൊപ്പം ആഗോളശ്രദ്ധയും പാക്കിസ്ഥാനില്നിന്ന് അകന്നുവെങ്കിലും, ഏതാണ്ട് നാല്പത് ലക്ഷത്തോളം കുട്ടികൾ തങ്ങളുടെ അതിജീവനത്തിനായി ബുദ്ധിമുട്ടുകയാണെന്നും, നിരവധി ഭവനങ്ങൾ തകർന്നതിനാൽ, കഠിനമായ ശൈത്യകാലത്തിന്റെ ബുദ്ധിമുട്ടിൽ, ആവശ്യത്തിന് സംരക്ഷണകേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ സാധാരണ ജനം കൂടുതലായി കഷ്ടപ്പെടുകയാണെന്നും യൂണിസെഫ് പ്രതിനിധി പറഞ്ഞു. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപുകൾ പോലെ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണെന്നും, ഇത് കുട്ടികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ഭാവിയിൽ കൂടുതൽ നാശമുണ്ടാക്കുമെന്നും ഫാദിൽ യൂണിസെഫിന്റെ പേരിൽ നടത്തിയ പത്രപ്രസ്താവനയിൽ അറിയിച്ചു. വെള്ളപ്പൊക്കത്തിന് ശേഷം ഈ സ്ഥിതിഗതികൾ കൂടുതൽ വഷളായേക്കാമെന്നും അദ്ദേഹം സന്ദേഹം പ്രകടിപ്പിച്ചു.

ഏതാണ്ട് മുപ്പതിനായിരത്തോളം സ്‌കൂളുകൾ പൂർണ്ണമായും നശിച്ചു എന്നും, യൂണിസെഫ് നടത്തിയിരുന്ന അഭ്യർത്ഥനയിൽ പറഞ്ഞിരുന്ന പതിനേഴര കോടിയോളം ഡോളറിന്റെ ധനസഹായം പകുതിപോലും എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സഹായമെത്തിക്കാൻ യൂണിസെഫ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാൻ കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന ഒരു പ്രധാനയിടമായി മാറിയിട്ടുണ്ടെന്നും, ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങൾ അവർത്തിക്കപ്പെട്ടേക്കാമെന്നും യൂണിസെഫ് പ്രതിനിധി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജനുവരി 2023, 16:11