ആഘോഷങ്ങളല്ല ക്രിസ്തുവാണ് ഞങ്ങളുടെ സന്തോഷം: ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭ തലവൻ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും ഒഴിഞ്ഞുമാറാത്ത ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കർ ജനുവരി ആറാം തീയതി രാത്രിയാണ് ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുമസ് ആഘോഷിക്കുന്നത്. എപ്പോഴും ആഘോഷങ്ങളുടെ അകമ്പടിയോടുകൂടി കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചിരുന്ന ഉക്രൈൻ ജനതയ്ക്ക് ഈ വർഷം ക്രിസ്തുമസ് ഏറെ സങ്കടകരമാണ്.യുദ്ധത്തിന്റെ ഭീകരമുഖവും, പരിണിതഫലങ്ങളും കുടുംബങ്ങളെ ശിഥിലമാക്കുകയും, ഒന്നിച്ചുകൂടുവാനും പ്രാർത്ഥിക്കുവാനും ആരാധയർപ്പിക്കാനുമുള്ള ദേവാലയങ്ങൾ പലതും നശിപ്പിക്കപ്പെടുകയും, അടയ്ക്കപ്പെടുകയും ചെയ്തത് കണ്ണീരിന്റെ നനവായി ഈ ക്രിസ്തുമസിനെ മാറ്റുന്നു.
ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവൻ മേജർ ആർച്ബിഷപ്പ് സ്വിയത്തോസ്ളാവ് ഷെവ്ചുക് തന്റെ ജനതയുടെ വേദനയുടെ ഭാരം ഉൾക്കൊണ്ടുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്, "ക്രിസ്മസ് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ കുട്ടിക്കാലത്തെ അതിമനോഹരമായ വികാരങ്ങളും ചിത്രങ്ങളുമാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്: മനുഷ്യന്റെ ഊഷ്മളമായ വികാരങ്ങൾ, സമാധാനം, സന്തോഷം, നമ്മുടെ മാതാപിതാക്കളുടെ സാന്നിധ്യം അങ്ങനെ നന്മ നിറഞ്ഞ ഒരുപാടു ഓർമ്മകൾ. എന്നാൽ യുദ്ധം ഈ സന്തോഷങ്ങളെയെല്ലാം ഞങ്ങളുടെ അടുത്തുനിന്നും ദൂരെയകറ്റി. ഞങ്ങൾ ഇരുട്ടിലാണ്, തണുപ്പിലാണ്. അതിനാൽ, നമ്മുടെ കുട്ടിക്കാലം മുതൽ ഞങ്ങൾ വഹിക്കുന്ന ക്രിസ്മസിന്റെ ചിത്രം വെല്ലുവിളിക്കപ്പെടുകയോ പൂർണ്ണമായും തകർക്കപ്പെടുകയോ ചെയ്യുന്നു.
എന്നിട്ടും, യുദ്ധസാഹചര്യങ്ങളിൽപ്പോലും, ഈ വിരുന്നിന്റെ മറ്റൊരു അർത്ഥം കർത്താവ് നമുക്ക് വെളിപ്പെടുത്തുന്നു: മനുഷ്യരുടെ ഇടയിൽ നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള സംഭവം മാനുഷിക വീക്ഷണകോണിൽ നിന്ന് മാത്രമല്ല, ദൈവികമായി പരിഗണിക്കാൻ ഞങ്ങൾ പഠിക്കുന്നു. ഇത് ഒരു മനുഷ്യ വിരുന്നല്ല, മറിച്ച് ക്രിസ്‌മസിന്റെ യഥാർത്ഥ സന്തോഷം എല്ലാ കാലത്തും എല്ലാ സംസ്‌കാരങ്ങളിലും ഉള്ള എല്ലാ മനുഷ്യർക്കും സാധുതയുള്ളതാണ് അത് ദൈവീകമാണ്.
അതിനാൽ ഈ ദുരിതങ്ങൾക്കുമപ്പുറം ഞങ്ങളോടൊത്ത് സഹതപിക്കുന്ന ദൈവം ഒരു നാൾ നന്മയുടെ ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്ന വലിയ പ്രത്യാശയും ഞങ്ങൾക്കുണ്ട്. ആർച്ച്ബിഷപ്പ് പറഞ്ഞു.മാനുഷികതയ്‌ക്കെതിരായ ഇത്തരം യുദ്ധങ്ങൾ എല്ലാക്കാലത്തും ഒഴിവാക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ ഉക്രൈനെ മറന്നുപോകരുതേയെന്ന അഭ്യർത്ഥനയും ആർച്ച്ബിഷപ്പ് നടത്തി. സാധാരണമായി ഈ ക്രിസ്തുമസ് കാലം സമ്മാനങ്ങളുടെ കൈമാറ്റം കൊണ്ട് ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. എന്നാൽ ഇത്തവണ സമ്മാനങ്ങൾ കുറവെങ്കിലും ഹൃദയങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ കൈമാറ്റം സന്തോഷദായകമാണെന്ന് ആർച്ച്ബിഷപ്പ് എടുത്തു പറഞ്ഞു.
"ലളിതമായ മാനുഷിക സഹായം മാത്രമല്ല, എല്ലാറ്റിനുമുപരിയായി ഒരു അഗാധമായ ആത്മീയ അർത്ഥവും, ജീവൻ രക്ഷിക്കുന്ന ഐക്യദാർഢ്യവും കാണുമ്പോൾ, സമ്മാനങ്ങളുടെ കൈമാറ്റം ഞങ്ങൾ ശരിക്കും അനുഭവിക്കുന്നു. "ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: