ദൈവത്തിന്റെ ഉന്നത സൃഷ്ടിയായ മനുഷ്യൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഗായകനേതാവിന് ആലപിക്കാനായി ദാവീദ് ഗിത്യരാഗത്തിൽ എഴുതിയ ദൈവസ്തുതിയുടെ ഒരു കീർത്തനമാണ് എട്ടാം സങ്കീർത്തനം. ഇതിന്റെ ഒന്നും ഒൻപതും വാക്യങ്ങൾ സമൂഹം ഒരുമിച്ചും രണ്ടുമുതൽ എട്ടുവരെ വാക്യങ്ങൾ ഗായകസംഘനേതാവും ചൊല്ലാനുള്ള രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്ന ദാവീദ്, മനുഷ്യന് ദൈവം നൽകിയിരിക്കുന്ന ഉന്നതസ്ഥാനത്തെയോർത്ത് അവനു നന്ദി പറയുന്നു. ദൈവദൂതന്മാരുടെ നിലയിൽനിന്ന് അല്പം മാത്രം താഴ്ന്ന സ്ഥാനം ദൈവം മനുഷ്യന് നൽകുന്നത്, അവനോടുള്ള ദൈവത്തിന്റെ കരുണയുടെയും കരുതലിന്റെയും തെളിവാണ്. സൃഷ്ടപ്രപഞ്ചവുമായി തട്ടിച്ചു നോക്കുമ്പോൾ നിസ്സാരനെന്ന് തോന്നിയേക്കാമെങ്കിലും, ദൈവത്തിന്റെ സൃഷ്ടിയുടെ മകുടമെന്ന നിലയിൽ മനുഷ്യൻ മറ്റെല്ലാ സൃഷ്ടജാലങ്ങളെക്കാളും ഉയർന്ന സ്ഥാനം വഹിക്കുക മാത്രമല്ല, അവരുടെമേൽ ആധിപത്യം വഹിക്കാൻ അവകാശമുള്ളവനാണെന്നും ദാവീദ് തിരിച്ചറിയുകയും അതിന് നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവനാമത്തിന്റെ മഹത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിയുടെ സമയത്ത് ദൈവം മനുഷ്യന് കൽപ്പിച്ചു നൽകുന്നതും ഈയൊരു അവകാശമാണ് (ഉല്പത്തി 1, 26). ദൈവം മനുഷ്യന് നൽകിയ പ്രാധാന്യം മനുഷ്യൻ തിരിച്ചറിയുകയും, അതനുസരിച്ച് ജീവിക്കുകയും, ദൈവത്തോടുള്ള കടപ്പാട് ഉള്ളിൽ സൂക്ഷിച്ച്, നന്ദി നിറഞ്ഞ ഹൃദയത്തോടെ തന്റെ സൃഷ്ടാവിന് സാക്ഷ്യവും സ്തോത്രവും നൽകുവാൻ ഈ സങ്കീർത്തനം ഏവരെയും ആഹ്വാനം ചെയ്യുന്നു.
സൃഷ്ടി വിളിച്ചോതുന്ന ദൈവമഹത്വം
പ്രപഞ്ചം അതിന്റെ നിലനില്പിനാൽത്തന്നെ ദൈവമഹത്വം അറിയിക്കുന്നുണ്ട്. സൃഷ്ടി, സൃഷ്ടാവിന്റെ മഹിമയ്ക്കാണ് സാക്ഷ്യം നൽകുക. സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം ഈ ഒരു വസ്തുതയാണ് പറയുക: "കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങൾക്കുമീതെ പ്രകീർത്തിക്കപ്പെടുന്നു" (സങ്കീ. 8, 1). യാഹ്‌വെ ഇസ്രയേലിന്റെ ദൈവവും, ഇസ്രായേൽ, ദൈവം തിരഞ്ഞെടുത്ത ജനവുമാണെന്നത് സത്യം തന്നെ. എന്നാൽ, ഈ ഒന്നാം വാക്യം സാക്ഷ്യം നൽകുന്ന മറ്റൊരു കാര്യം, യാഹ്‌വെ ഉടമ്പടിയുടെ ദൈവമാണെന്നതിനൊപ്പം, ലോകം മുഴുവൻ മഹത്വപ്പെടേണ്ട, ലോകത്തിന്റെ മുഴുവൻ നാഥനാണ് എന്നതാണ്. ഈ ഭൂമിയിൽ മാത്രമല്ല, ആകാശങ്ങൾക്ക് മീതെയും പ്രകീർത്തിക്കപ്പെടേണ്ട ദൈവമാണവൻ.
ദൈവത്തിനെതിരെ നിൽക്കുന്ന ശത്രുക്കളെ നിശ്ശബ്ദരാക്കാൻ കഴിവുള്ളവനാണ് യാഹ്‌വെ. ദുർബലരായ ശിശുക്കളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ശക്തരാക്കാൻ കഴിവുള്ളവനാണ് അവിടുന്ന്. രണ്ടാം വാക്യത്തിൽ ഇതാണ് നാം കാണുക: "ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാൻ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾകൊണ്ട് സുശക്തമായ കോട്ടകെട്ടി" (സങ്കീ. 8, 2). രണ്ടു കാര്യങ്ങൾ ഇവിടെ അനുമാനിക്കാനാകും. ഒന്ന്, ദാവീദ് ദൈവത്തിനായി സ്തുതിഗീതം പാടുമ്പോൾ തന്നെത്തന്നെ ദുർബലനും അശക്തനുമായ ഒരുവനായി കാണുകയും, തന്നെപ്പോലെയുള്ള മനുഷ്യരെ ഉപയോഗിച്ച് ശത്രുക്കൾക്കെതിരെ പ്രതിരോധം തീർക്കുന്ന ദൈവത്തിന് സാക്ഷ്യം നൽകുകയും ചെയ്യുന്നു. രണ്ടാമത്തേത് നമുക്കും പ്രത്യാശ നൽകുന്ന ഒരു വസ്തുതയാണ്. ഒരു പിഞ്ചു പൈതലിനെപ്പോലും ശത്രുക്കളും രക്തദാഹികളുമായ മനുഷ്യർക്കെതിരെ എതിർത്തുനിൽക്കാൻ കെൽപ്പുള്ളവനാക്കി മാറ്റാൻ ദൈവം ശക്തനാണ്. ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യർ എത്ര ബലഹീനരുമായിക്കൊള്ളട്ടെ, ദൈവമാണ് അവരുടെ ശക്തിയും പാലകനും.
മനുഷ്യന്റെ നിസ്സാരത
സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ, സാധാരണ ഒരു വ്യക്തിയുടെ കണ്ണുകളിലൂടെ ദൈവം സൃഷ്‌ടിച്ച പ്രപഞ്ചത്തെയും മനുഷ്യനെയും താരതമ്യം ചെയ്‌തുകൊണ്ട്, മനുഷ്യന്റെ നിസ്സാരതയെ സങ്കീർത്തകൻ എടുത്തുപറയുന്നു. "അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു" (സങ്കീ. 8, 3) എന്ന മൂന്നാം വാക്യം പ്രപഞ്ചസൃഷ്ടിക്കുപിന്നിലെ ദൈവകരങ്ങൾക്കാണ് സാക്ഷ്യമേകുന്നത്. വിണ്ണും, ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ സൃഷ്‌ടിച്ച ദൈവത്തിന് മുൻപിൽ മനുഷ്യന്റെ നിസ്സാരതയെക്കുറിച്ച് ദാവീദ് ധ്യാനിക്കുന്നു: "അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്യന് എന്ത് മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?" ((സങ്കീ. 8, 4). മനുഷ്യപുത്രൻ എന്ന പ്രയോഗം തന്നെ, ദൈവത്തിന് മുൻപിൽ അവന്റെ നിസ്സാരതയുടെ പര്യായമാണ്. ദുർബലനും നശ്വരനുമാണവൻ. എന്നാൽ, മനുഷ്യമനസ്സിന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത ഈ പ്രപഞ്ചത്തിന്റെ വിസ്തൃതിയിൽ ഒന്നുമല്ലാത്ത ഓരോ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിയാണെന്ന ഒരേയൊരു സത്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, ഈ പ്രപഞ്ചത്തെക്കാളേറെ വിലയുള്ളവനായി അവൻ മാറും.
മനുഷ്യന് ദൈവം നൽകുന്ന വില
തന്റെ കരവേലയായ മർത്യന്, ഈ പ്രപഞ്ചത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവം നൽകുന്ന പ്രാധാന്യവും വിലയുമാണ് സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ നാം കാണുക: "എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നൽകി; എല്ലാറ്റിനെയും അവന്റെ പാദത്തിനു കീഴിലാക്കി. ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും, ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും കടലിൽ സഞ്ചരിക്കുന്ന സകലതിനെയും തന്നെ" (സങ്കീ. 8, 5-8). ദൈവവുമായുള്ള സാമീപ്യത്തിലും, മഹത്വത്തിലും ശക്തിയിലും ദൈവദൂതന്മാരെക്കാൾ താഴ്ന്ന സ്ഥാനമാണ് മനുഷ്യനുള്ളത്. തന്റെ ഛായയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഉത്പത്തിപുസ്തകത്തിൽ നാം വായിക്കുന്നുണ്ടല്ലോ (ഉൽപ്പത്തി 1, 27). പ്രപഞ്ചത്തിലെ മറ്റനേകം സൃഷ്ടവസ്തുക്കളിൽ ഒന്ന് എന്ന രീതിയിൽ മനുഷ്യനെ വിലകുറച്ചു കാണുന്ന ഒരു സംസ്കാരത്തിന് മുന്നിൽ, ദൈവദൂതന്മാരെക്കാൾ ഒരൽപം മാത്രം താഴെ, എന്നാൽ ദൈവം സൃഷ്‌ടിച്ച സകലത്തിന്റെയും മേൽ ആധിപത്യമുള്ളവനായി മനുഷ്യനെ നോക്കിക്കാണുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ സംസ്കാരം ഏറെ ഉയർന്നു നിൽക്കുന്നുണ്ട്. രണ്ടു കാര്യങ്ങൾ ഈ സങ്കീർത്തനവരികൾ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഒന്നാമതായി, സൃഷ്ടവസ്തുക്കളുടെമേൽ അധികാരിയായി നിയോഗിക്കപ്പെട്ട മനുഷ്യൻ, അവയിൽ ഒന്ന് മാത്രമായി തന്നെത്തന്നെ ചുരുക്കരുത്, രണ്ടാമത്, സകലതിനെയും ദൈവഹിതമനുസരിച്ച് ഉത്തരവാദിത്വത്തോടെ നിയന്ത്രിക്കാനും നയിക്കാനും അവന് കടമയുണ്ട്. പ്രപഞ്ചവസ്തുക്കളെയും സൃഷ്ടികളെയും ആരാധിക്കുകയോ, അവയ്ക്ക് അടിമകളാകുകയോ ചെയ്യുന്ന മനുഷ്യൻ, അവയുടേമേൽ ദൈവം തനിക്ക് നൽകിയ അധികാരവും മഹത്വവുമാണ് അവഗണിക്കുകയും വിലകുറച്ചുകാണിക്കുകയും ചെയ്യുന്നത്.
മഹത്വത്തിനർഹനായ ദൈവം
തന്റെ കരവേലയായ മനുഷ്യന് മഹത്വവും പ്രപഞ്ചസൃഷ്ടികൾക്ക് മേൽ അധികാരവും നൽകിയ ദൈവം അവനെ സൃഷ്ടിയുടെ മകുടമായാണ് അവരോധിക്കുന്നത്. എന്നാൽ മനുഷ്യന്റെയും സർവ്വപ്രപഞ്ചത്തിന്റെയും അസ്ഥിത്വവും ഭംഗിയും, അവയുടെയെല്ലാം സൃഷ്ടാവായ ദൈവത്തിന്റെ മഹത്വം തന്നെയാണ് വിളിച്ചോതുന്നത്. സങ്കീർത്തനത്തിന്റെ ആദ്യവാക്യം പോലെ, അവസാനവാക്യമായ ഒൻപതാം വാക്യവും അതുകൊണ്ടുതന്നെ സമൂഹത്തിനൊപ്പം ദൈവമഹത്വത്തിന് സ്തുതിയർപ്പിക്കുന്ന ദാവീദിനെയാണ് കാണിക്കുന്നത്: "കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! (സങ്കീ. 8, 9).
സങ്കീർത്തനം ജീവിതത്തിൽ
എട്ടാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ തനിക്കും വിശ്വാസികൾക്കുമൊപ്പം നാമും ദൈവത്തിന് സ്തുതിയർപ്പിക്കാനുള്ള ആഹ്വാനമാണ് സങ്കീർത്തകൻ നമുക്ക് നൽകുന്നത്. ഒരു ശിശുവിനെപ്പോലെ ദുർബ്ബലരോ കഴിവില്ലാത്തവരോ ആണെങ്കിലും, ദൈവത്തോട് ചേർന്ന് നിന്നാൽ അതിശക്തമായ കോട്ടയുടെ ബലമുള്ള വിശ്വാസികളായി നമുക്ക് ജീവിക്കാനാകും. ലോകം വിലകുറച്ചു കാണുന്നവരാണ് നാമെങ്കിലും ദൈവം സൃഷ്‌ടിച്ച, സൃഷ്ടലോകത്തിനുമേൽ അധികാരം നൽകപ്പെട്ട, ദൈവത്തിന് മുന്നിൽ വിലയുള്ളവരാണ് നാമെന്ന ചിന്ത നമ്മുടെ ജീവിതങ്ങളിൽ ആശ്വാസം നൽകട്ടെ. ലോകത്തിനും അതിലെ വസ്തുക്കൾക്കും ജീവജാലങ്ങൾക്കും അധികമായി ഉയർന്ന മൂല്യമുള്ള നാം, ദൈവം നമുക്കേകിയ മഹത്വത്തിനനുസരിച്ച് നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്തുകയും, ലോകത്തിന് മുൻപിൽ നമ്മിലെ ദൈവികസ്പർശത്തിന്റെയും ഛായയുടെയും സാക്ഷ്യമേകുകയും ചെയ്യാം. മണ്ണിനേക്കാൾ വിണ്ണിനോട് ചേർന്ന ജീവിതത്തിലൂടെ നമുക്കും ദൈവത്തിന് സ്തോത്രമർപ്പിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: