തിരയുക

സങ്കീർത്തനചിന്തകൾ - 7 സങ്കീർത്തനചിന്തകൾ - 7 

രക്ഷകനായ ദൈവത്തിൽ അഭയം കണ്ടെത്തുന്ന നീതിമാൻ

വചനവീഥി: ഏഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഏഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദാവീദിന്റെ വ്യക്തിപരമായ ഒരു വിലാപപ്രാർത്ഥനയാണിത്. ബെഞ്ചമിൻ ഗോത്രജനായ കുഷ് ദാവീദിനെതിരായി നടത്തിയ കുറ്റാരോപണങ്ങളുടെ മുന്നിലാണ് ദാവീദ് ദൈവസഹായം അപേക്ഷിക്കുന്നത്. തന്നെ ആക്രമിക്കുവാൻ ഓടിയടുക്കുന്ന ദുഷ്ടരിൽനിന്നും ഓടിയകന്ന്, നീതിക്കും സംരക്ഷണത്തിനുമായി ദൈവസന്നിധിയിലേക്കെത്തുന്ന നീതിമാനെയാണ് ദാവീദിൽ നാം കാണുക. നിഷ്കളങ്കമായ ഒരു ഹൃദയത്തോടെയാണ് താൻ ദൈവസന്നിധിയിൽ നിൽക്കുന്നതെന്ന് ബോധ്യമുള്ള ഒരുവന്റെ മുഖമാണ് ദാവീദിന്. തന്നിൽ പ്രത്യാശയർപ്പിച്ച്, തന്റെ ഉദ്ബോധനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവരെ ദൈവം കൈവിടില്ലെന്ന തികഞ്ഞ പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് അവനിൽ ധൈര്യമുളവാക്കുന്നത്. ദുഷ്ടന്റെ തിന്മപ്രവർത്തികൾ അവനിലേക്ക് തന്നെ തിരികെവരുമെന്നും, അതവന്റെ ജീവിതം തകർക്കുമെന്നുമുള്ള ഉറച്ച ബോധ്യം ദാവീദിനുണ്ട്. ദൈവികനീതി തീർച്ചയായും നടപ്പിലാക്കപ്പെടുമെന്ന ബോധ്യത്തോടെയാണ് അവൻ ദൈവനാമത്തിന് സ്തുതിയർപ്പിക്കുന്നത്. അന്യായമായ കുറ്റംവിധികളാലും, അനീതിയുടെ പ്രവൃത്തികളാലും വേദനയനുഭവിക്കുന്ന ഓരോ മനസ്സിനും സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയാണിത്. വേദനയനുഭവിക്കുന്ന മനസ്സിന്റെ വിലാപവും ദൈവാശ്രയബോധം നൽകുന്ന സന്തോഷത്തിന്റെ ഉദ്‌ഘോഷവുമാണ് ഏഴാം സങ്കീർത്തനം.

വേട്ടയാടപ്പെടുന്നവന്റെ വിലാപം

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ദാവീദിന്റെ വിലാപത്തിന്റെ വാക്കുകളാൽ രൂപപ്പെട്ടവയാണ്: "എന്റെ ദൈവമായ കർത്താവെ, അങ്ങിൽ ഞാൻ അഭയം തേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ! അല്ലെങ്കിൽ, സിംഹത്തെപ്പോലെ അവർ എന്നെ ചിന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും" (സങ്കീ. 7, 1-2). നീതിക്കും സംരക്ഷണത്തിനുമായാണ് ദാവീദ് ദൈവസന്നിധിയിലെത്തുന്നത്. ദുഷ്ടനായ ശത്രുവിൽനിന്നുള്ള മോചകനും അനാഥരുടെ രക്ഷാകേന്ദ്രവുമാണ് ദൈവം. എല്ലാവരാലും ഉപേക്ഷിക്കപ്പെടുകയും അരക്ഷിതാവസ്ഥയുടെ അനിശ്ചിതത്വത്തിൽ താഴുകയും ചെയ്യുന്നവന്റെ അഭയസ്ഥാനവും അവിടുന്നാണ്. ദുഷ്ടത പറയുകയും, അന്യായമായി വിധിക്കുകയും ചെയ്യുന്ന നാവുകളുടെ ആക്രമണത്തിന് മൂർച്ചയേറിയ വാളിനേക്കാൾ ഹൃദയങ്ങളെ മുറിപ്പെടുത്താനാകും. ഒരു ഇടയാനായിരുന്ന ദാവീദിന് ഇരയെ ചിന്തിക്കീറുന്ന സിംഹമെന്ന ചിത്രം പരിചിതമാണ്. ശക്തനായ ദൈവം സഹായത്തിനില്ലെങ്കിൽ തന്റെ ജീവിതം അപകടത്തിലാണെന്ന ബോധ്യത്തോടെയാണ് ദാവീദ് സഹായത്തിനപേക്ഷിക്കുന്നത്.

ഹൃദയത്തിന്റെ നിഷ്കളങ്കത

തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾക്ക് മുന്നിൽ തന്റെ നിഷ്കളങ്കതയിലുള്ള ഉറച്ച ബോധ്യത്തോടെയാണ് ദാവീദ് ദൈവത്തിനു മുൻപിൽ പ്രാർത്ഥിക്കുന്നത്. മൂന്നുമുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ ഇതാണ് നാം കാണുന്നത്: "എന്റെ ദൈവമായ കർത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കിൽ, ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ സുഹൃത്തിന് തിന്മ പ്രതിഫലം കൊടുത്തിട്ടുണ്ടെങ്കിൽ, അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ, ശത്രു എന്നെ പിന്തുടർന്ന് കീഴടക്കിക്കൊള്ളട്ടെ; എന്റെ ജീവനെ നിലത്തിട്ടു ചവിട്ടി മെതിക്കട്ടെ; പ്രാണനെ പൂഴിയിൽ ആഴ്ത്തിക്കൊള്ളട്ടെ" (സങ്കീ. 7, 3-5). തന്റെ ജീവിതത്തിൽ താൻ തിന്മകൾ ഒന്നും ചെയ്തിട്ടില്ലെന്നോ, താൻ ഒരു നിഷ്കളങ്കനാണെന്നോ ഉള്ള ഭാവത്തിനോ വാദത്തിനോ ദാവീദ് മുതിരുന്നില്ല. സുഹൃത്തായിരുന്നവന് തിന്മ പ്രതിഫലം കൊടുത്തുവെന്നും, അന്യയമായി ശത്രുവിനെ കൊള്ളയടിച്ചുവെന്നുമുള്ള കുറ്റാരോപണങ്ങൾക്കെതിരെയാണ് ദാവീദ് ദൈവത്തിന് മുൻപിൽ നിഷ്കളങ്കത അവകാശപ്പെടുന്നത്. ശത്രുവിന്റെ തിന്മകളേക്കാൾ വലിയ പാപങ്ങൾ താൻ ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെയാണ്, അവൻ ദൈവത്തിന്റെ ന്യായവിധിക്കായി തന്റെ ജീവിതം സമർപ്പിക്കുന്നത്. ദുഷ്ടരെ അവരുടെ തിന്മയുടെ പേരിലും ശിഷ്ടരെ അവരുടെ നന്മയുടെ പേരിലും വിധിക്കണമേയെന്ന പ്രാർത്ഥനയാണ് ദാവീദുയർത്തുന്നത്.

നീതിമാനായ ദൈവത്തിന്റെ സംരക്ഷണം

സങ്കീർത്തനത്തിന്റെ ആറുമുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങളിൽ, നീതിമാനായ ദൈവത്തിൽ ദാവീദിനുള്ള വിശ്വാസവും, സംരക്ഷണത്തിനായുള്ള പ്രാർത്ഥനയുമാണ് നാം കാണുന്നത്. "കർത്താവേ, കോപത്തോടെ എഴുന്നേൽക്കണമേ! എന്റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാൻ എഴുന്നേൽക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. ജനതകൾ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവർക്കു മുകളിൽ ഉയർന്ന സിംഹാസനത്തിൽ അവിടുന്ന് ഉപവിഷ്ടനാകണമേ!" (സങ്കീ. 7, 6-7) എന്ന രണ്ടു വാക്യങ്ങളിൽ ദൈവത്തിന്റെ നീതിപൂർവ്വമായ ഇടപെടലിനുവേണ്ടിയുള്ള അപേക്ഷയാണ് നാം കാണുന്നത്. മാനുഷികമായ വികാരങ്ങളോടെ പ്രവർത്തിക്കുന്ന ഒരുവനാണ് ദൈവമെന്ന ചിന്തയാണ് ദാവീദിനെ നയിക്കുന്നത്. എന്നാൽ അതേസമയം, ദൈവത്തിന്റെ ന്യായവിധിയെ അവൻ മാനിക്കുന്നുമുണ്ട്. തനിക്കുവേണ്ടി മാത്രമല്ല, ദൈവജനത്തിനുവേണ്ടിക്കൂടിയാണ് ദാവീദ് പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും.

ദൈവം നീതിമാനാണെന്നും അവൻ ന്യായവിധിയാണ് നടപ്പാക്കുകയെന്നുമുള്ള ബോധ്യത്തിൽ ദാവീദ് പറയുന്ന വാക്കുകളാണ് എട്ടുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്. "എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ" (സങ്കീ.7, 8).  "മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണ് ദൈവമെന്ന" (സങ്കീ.7, 9) ബോധ്യത്തോടെ, ദുഷ്ടരുടെ തിന്മയ്ക്ക് അറുതി വരുത്തുവാനും, നീതിമാന്മാർക്ക് സ്ഥിരത നൽകുവാനും അവൻ പ്രാർത്ഥിക്കുന്നു. തന്റെ കരങ്ങളുടെ കരുത്തിനേക്കാൾ ദൈവത്തിന്റെ ശക്തിയിലാണ് താൻ ആശ്രയിക്കേണ്ടത് എന്ന ബോധ്യമാണ് "ഹൃദയനിഷ്കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച" (സങ്കീ.7, 10) എന്ന് ദാവീദിനെക്കൊണ്ട് പറയിപ്പിക്കുന്നത്.

സ്നേഹവും കാരുണ്യവും നിറഞ്ഞ ഒരു ദൈവമാണ് കർത്താവെങ്കിലും അവൻ നീതിപൂർവ്വം വിധിക്കുന്നവൻ കൂടിയാണെന്ന ബോധ്യം ദാവീദിലെ വിശ്വസിക്കുണ്ട്. അതുകൊണ്ടുതന്നെ, അനുതപിക്കാത്ത മനസ്സുകൾക്കെതിരെ ശിക്ഷയൊരുക്കി കാത്തിരിക്കുന്നവനാണ് കർത്താവെന്ന ചിന്തയും അവനെ നയിക്കുന്നുണ്ട്. സങ്കീർത്തനത്തിന്റെ പത്തുമുതൽ പതിമൂന്ന് വരെയുള്ള വാക്യങ്ങളിൽ ഈയൊരു കാര്യമാണ് ദാവീദ് എഴുതിവയ്ക്കുന്നത്. തിന്മ പ്രവർത്തിക്കുന്നവരെ നീതിപൂർവ്വം ശിക്ഷിക്കുന്ന ദൈവമാണ് കർത്താവ്.

ദുഷ്ടരുടെ അവസാനവും നീതിമാന്റെ പ്രത്യാശയും

പതിനാലുമുതൽ പതിനാറുവരെയുള്ള വാക്യങ്ങളിൽ ദുഷ്ടന്റെ പ്രവൃത്തികളും അവന്റെ പ്രതിഫലവുമാണ് പ്രതിപാദ്യവിഷയമാകുന്നത്. "ഇതാ ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു; അധർമ്മത്തെ ഉദരത്തിൽ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു. അവൻ കുഴി കുഴിക്കുന്നു; താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുന്നു. അവന്റെ ദുഷ്ടത അവന്റെ തലയിൽത്തന്നെ പതിക്കുന്നു; അവന്റെ അക്രമം അവന്റെ നെറുകയിൽത്തന്നെ തറയുന്നു". പാപം പാപിയിൽനിന്നാണ് ജന്മമെടുക്കുന്നത്. ദൈവികമായ നീതിയുടെ ഭാഗമാണ്, പ്രവർത്തികൾക്കൊത്തുള്ള പ്രതിഫലം. ദുഷ്ടതയുടെ അവസാനമെന്തെന്ന ചോദ്യത്തിന് ദാനിയേലിനെ സിംഹക്കുഴിയിലെറിഞ്ഞവരുടെ അവസാനം (ദാനിയേൽ 6, 24) നല്ല ഒരു ഉദാഹരണമാണ്. ദുഷ്ടരുടെ ദുഷ്ടത അവരിലേക്ക് തന്നെ തിരികെയെത്തും.

വിലാപപ്രാർത്ഥനയോടെ ആരംഭിച്ച ഈ സങ്കീർത്തനം, "കർത്താവിന്റെ നീതിക്കൊത്തു ഞാൻ അവിടുത്തേക്ക് നന്ദി പറയും; അത്യുന്നതനായ കർത്താവിന്റെ നാമത്തിന് ഞാൻ സ്തോത്രമാലപിക്കും" എന്ന ശുഭാപ്തിവിശ്വാസത്തിന്റെ വാക്കുകളോടെയാണ് അവസാനിക്കുന്നത്. ശത്രുവിനേക്കാൾ താരതമ്യേന നിഷ്കളങ്കമായ ജീവിതം അവകാശപ്പെടുന്ന ദാവീദ്, തന്റെ ചിന്തകളേക്കാൾ ഉയർന്ന ദൈവികനീതിയിൽ ആനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. തന്റെ നീതിയിലും ശക്തിയിലുമെന്നതിനേക്കാൾ, ദൈവത്തിന്റെ നീതിയിലും ശക്തിയിലും ആശ്രയിച്ച്, അവനിൽ ശരണപ്പെടുന്നവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സംരക്ഷണത്തിന്റെയും ഉറപ്പുകൂടിയാണ് ഈ അവസാനവാക്യം.

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്തിനു മുൻപിൽ സ്വന്തം വേദനകളും, ശത്രുക്കൾ ജീവിതത്തിലേൽപ്പിക്കുന്ന മുറിപ്പാടുകളും സമർപ്പിച്ച്,  ഹൃദയത്തെ തുറന്നുവയ്ക്കുന്ന ഒരുവന് അവകാശമാക്കാൻ കഴിയുന്ന, സമാധാനത്തിന്റെ നാളുകളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഏഴാം സങ്കീർത്തനം. നമുക്കെതിരെ അനീതി പ്രവർത്തിക്കുന്നവർക്കും ദൂഷണം പറയുന്നവർക്കുമെതിരെ പോരാടുവാൻ നമ്മുടെ ശക്തിയും കഴിവുകളും പോരാതെ വരുമ്പോൾ, നമ്മുടെ കുറവുകളും വീഴ്ചകളും അംഗീകരിച്ചുകൊണ്ട്, എളിമയോടെ, എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനവരികൾ നമ്മെ ആഹ്വാനം ചെയ്യുന്നു. കാരുണ്യപൂർവ്വം എന്നാൽ, മാനുഷികചിന്തകൾക്ക് അതീതമായ, വിട്ടുവീഴ്ചകളില്ലാത്ത നീതിബോധത്തോടെ വിധിക്കുന്ന ന്യായാധിപനായ ദൈവത്തിന്റെ പ്രീതിക്കും സംരക്ഷണത്തിനും അർഹരാകുവാൻ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയിലൂടെ നമുക്ക് സാധിക്കുമെന്ന് ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. പാപത്തിന്റെ ഫലം ശിക്ഷയാണെന്ന ബോധ്യത്തിൽ, തിന്മകളിൽനിന്ന് അകന്നു ജീവിക്കാനും, അപരന്റെ ഹൃദയനൊമ്പരത്തിന് കാരണക്കാരാകാതിരിക്കുവാനും, ദൈവകോപത്തിന് ഇരകളാകാതിരിക്കാനും ദാവീദിന്റെ വചനങ്ങൾ നമുക്ക് പ്രേരണയാകട്ടെ. വിടുതൽ നൽകുന്ന അത്യുന്നതനായ ദൈവത്തിന് നമുക്ക് സ്തോത്രമാലപിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2023, 13:39