ദൈവകരുണയ്ക്കായുള്ള അനുതാപകീർത്തനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അനുതാപസങ്കീർത്തനങ്ങൾ എന്നറിയപ്പെടുന്ന ഏഴു സങ്കീർത്തനങ്ങളിൽ ഒന്നാമത്തേതാണ് ആറാം സങ്കീർത്തനം (സങ്കീ. 6, 32, 38, 51, 102, 130, 143). അഷ്ടമിരാഗത്തിൽ ഗായകസംഘനേതാവിനായി എഴുതപ്പെട്ടതാണ് ഈ കീർത്തനം. ഒരു വ്യക്തിഗതവിലാപമെന്നതിനേക്കാൾ, മനുഷ്യരുടെ പാപങ്ങളുടെയും, അവയുളവാക്കുന്ന സഹനങ്ങളുടെയും മുന്നിൽ, എളിമയോടെ, ദൈവത്തിൽനിന്നുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആരാധനാവേളയിൽ ഉപയോഗിക്കാനായി രചിക്കപ്പെട്ട ഒന്നായിരിക്കണം ഈ സങ്കീർത്തനം. താൻ നിഷ്കളങ്കനാണെന്ന ഒരു ചിന്ത സങ്കീർത്തകൻ മുന്നോട്ടു വയ്ക്കുന്നില്ല; മറിച്ച് കർത്താവിന്റെ കരുണയ്ക്കായാണ് അവൻ യാചിക്കുന്നത് (സങ്കീ. 6, 4). തിന്മയും അതിന്റെ പരിണിതഫലവും പാപമായാണ് കണക്കാക്കപ്പെടുക; ഇവിടെ ശാരീരികമായ വിഷമതകളും, ശത്രുക്കളുടെ ആക്രമണങ്ങളും തിന്മയുടെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. ഈ ഭൂമിയിൽ എല്ലാം അവസാനിക്കുമെന്ന ഭീതിയിൽ, മാനുഷികമായ പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയിലും, കർത്താവ് തന്റെ വിലാപസ്വരം കേട്ട്, പ്രാർത്ഥന കൈക്കൊള്ളുമെന്നും, തന്നെ രക്ഷിക്കുമെന്നുമുള്ള വിശ്വാസത്തോടെയാണ് സങ്കീർത്തകൻ മുന്നോട്ട് പോകുന്നത്.
വേദനയോടെയുള്ള നിലവിളി
സഹനങ്ങളുടെ മുന്നിൽ, മാനുഷികമായ ഉത്തരങ്ങൾ ഇല്ലാത്ത അവസ്ഥയിൽ ദൈവത്തോടുള്ള ഒരു വിശ്വാസിയുടെ നിലവിളിയാണ് സങ്കീർത്തനത്തിന്റെ ആദ്യഭാഗം. ദാവീദ് എന്ന ഒരു മനുഷ്യന്റെ പ്രാർത്ഥനയാണിതെങ്കിലും, ഇത് പാപത്തിന്റെയും സഹനത്തിന്റെയും തിരിച്ചറിവിൽ, ദൈവസഹായം അപേക്ഷിക്കുന്ന മാനവികതയുടെ മുഴുവൻ നിലവിളിയുടെ സ്വരമാണ്.
"കർത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ!" എന്ന ഒന്നാം വാക്യത്തിലൂടെ ദാവീദ് തന്റെ അവസ്ഥയെ ഏറ്റുപറയുന്നു. താൻ കർത്താവിന്റെ കോപത്തിന് വിധേയനായിരിക്കുന്നുവെന്നും, അതുകൊണ്ടുതന്നെ തന്റെ മേൽ കനിവാകണമെന്നുമുള്ള പ്രാർത്ഥനയാണിത്. സഹനങ്ങളെ ദൈവകോപത്തിന്റെ ലക്ഷണമായി കണ്ടിരുന്ന ഒരു ചിന്തയിലൂടെയാണ് ദാവീദിന്റെ വിലാപത്തെ മനസ്സിലാക്കാനാകുക. സഹനങ്ങളെല്ലാം പാപത്തിന്റെ ഫലമാകണമെന്നില്ല എന്ന ബോധ്യത്തിലേക്ക് സങ്കീർത്തകൻ വളർന്നിരുന്നില്ല.
രണ്ടുതരം സഹനങ്ങളെക്കുറിച്ചാണ് രണ്ടും മൂന്നും വാക്യങ്ങളിൽ സങ്കീർത്തകൻ പറയുന്നത്. രണ്ടാം വാക്യം ഇപ്രകാരമാണ്: "കർത്താവെ ഞാൻ തളർന്നിരിക്കുന്നു. എന്നോട് കരുണ തോന്നണമേ! കർത്താവെ, എന്റെ അസ്ഥികൾ ഇളകിയിരിക്കുന്നു. എന്നെ സുഖപ്പെടുത്തണമേ!" (സങ്കീ. 6, 2). ശാരീരികമായ അസ്വസ്ഥതകളുടെ മുന്നിൽ ദൈവത്തിന്റെ കരുണയ്ക്കായി ദാവീദ് പ്രാർത്ഥിക്കുന്നു. വേദനകളുടെ മുന്നിൽ, ദൈവത്തിന്റെ കരുണയിലാണ് താൻ ഇപ്പോഴും ജീവിക്കുന്നതെന്ന് ബോധ്യമുണ്ടെങ്കിൽ അതിജീവനം എളുപ്പമുള്ളതാകും. മൂന്നാം വാക്യമാകട്ടെ മാനസികമായ സഹനത്തെക്കുറിച്ചാണ് പറയുക: "എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരുന്നു; കർത്താവെ, ഇനിയും എത്രനാൾ!" (സങ്കീ. 6, 3). തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യമാണ് ദാവീദുയർത്തുന്നത്. ആത്മാവിന്റെയും ശരീരത്തിന്റെയും വേദനകൾ ദാവീദിലെ വിശ്വാസിയെ ദൈവത്തിലേക്കാണ് അടുപ്പിക്കുന്നത്. വേദനകളുടെ മുന്നിൽ അടിയറവു പറയാതെ, സഹനങ്ങളെ ദൈവത്തിലേക്ക് കൂടുതൽ അടുക്കുവാനും, ആത്മാവിനെ സ്വർഗ്ഗത്തിന്റെ തലത്തിലേക്ക് കൂടുതൽ ഉയർത്തുവാനുമുള്ള അവസരങ്ങളാക്കി മാറ്റാൻ നമുക്ക് സാധിക്കണം.
തന്റെ സഹനങ്ങളുടെ മുന്നിൽ ദൈവത്തിലുള്ള ശരണത്തോടെ കരുണയ്ക്കായി അപേക്ഷിക്കുന്ന ദാവീദിനെയാണ് നാലാം വാക്യത്തിൽ നാം കാണുന്നത്: "കർത്താവെ, എന്റെ ജീവൻ രക്ഷിക്കാൻ വരണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ മോചിപ്പിക്കണമേ" (സങ്കീ. 6, 4). തന്റെ നീതിയിലും അവകാശത്തിലുമല്ല, ദൈവത്തിന്റെ കരുണയിലാണ് തന്റെ രക്ഷയെന്ന് ദാവീദ് ഏറ്റുപറയുകയാണ്. താൻ അനുഭവിക്കേണ്ടിവരുന്ന സഹനങ്ങൾ അർത്ഥശൂന്യമല്ലെന്നും, അവയേക്കാൾ വലുതാണ് ദൈവത്തിന്റെ കാരുണ്യമെന്നും ദാവീദ് തിരിച്ചറിഞ്ഞിട്ടുണ്ട്. താൻ ദൈവത്തിൽനിന്ന് അകന്നുപോയെന്ന ദാവീദിന്റെ തിരിച്ചറിവും ഈ വാക്കുകളിൽ കാണാം. ദൈവം ഒപ്പമുണ്ടെങ്കിൽ വലിയ സഹനങ്ങൾ പോലും ലഘുവായിരിക്കും.
ഈ ഭൂമിയിലെ ജീവിതത്തിനപ്പുറത്തേക്ക് നമ്മെ കാത്തിരിക്കുന്നതെന്ത് എന്ന ഒരു ചോദ്യവുമായി ബന്ധപ്പെട്ട ചിന്തകളാണ് അഞ്ചാം വാക്യമുയർത്തുന്നത്: "മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തിൽ ആര് അങ്ങയെ സ്തുതിക്കും?" (സങ്കീ. 6, 5). മരണശേഷം എന്ത് എന്ന സംശയത്തിന് വ്യക്തമായ ഒരു ഉത്തരം ലഭ്യമല്ലാതിരുന്ന കാലത്താണ് സങ്കീർത്തകന്റെ ഈയൊരു ചോദ്യമുയരുക. മരണമടഞ്ഞ ആളുകളുടെ ആത്മാക്കൾ വസിക്കുന്ന ഇടമായാണ് പാതാളം കരുതപ്പെട്ടിരുന്നത്. മരണശേഷം ദൈവത്തോടോത്തുള്ള ജീവിതമെന്ന പ്രതീക്ഷനൽകുന്ന ചിന്ത പിന്നീടാണ് കടന്നുവരുന്നത്. ഈ ജീവിതത്തിൽ ദൈവത്തെ സ്തുതിക്കുവാൻ ലഭിക്കുന്ന ഒരു നിമിഷം പോലും പാഴാക്കിക്കളയരുതെന്ന ഒരു ബോധ്യമാണ് ഈ വാക്യം ഉയർത്തേണ്ടത്.
മനുഷ്യന്റെ വിലാപവും ദൈവാനുഗ്രഹവും
ആറും ഏഴും വാക്യങ്ങളിൽ തന്റെ ദുഃഖത്താൽ, ശരീരത്തിൽ താൻ അനുഭവിക്കുന്ന വേദനകളും, തന്റെ ശത്രുക്കൾ തന്നിലേൽപ്പിക്കുന്ന അക്രമത്തിന്റെ ഫലങ്ങളുമാണ് ദാവീദ് കർത്താവിനോട് വിവരിക്കുന്നത്: "കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു, രാത്രി തോറും ഞാൻ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിർന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു. ദുഃഖം കൊണ്ട് എന്റെ കണ്ണ് മങ്ങുന്നു; ശത്രുക്കൾ നിമിത്തം അത് ക്ഷയിക്കുന്നു" (സങ്കീ. 6, 6-7). ദൈവം തന്നോട് കോപിച്ചിരിക്കുകയാണെന്നും, അവനിൽനിന്ന് താൻ അകലെയാണെന്നും വിശ്വസിച്ച ദാവീദിന് ഉറക്കം പോലും നഷ്‌ടമായിരിക്കുന്നു. ആവനനുഭവിക്കുന്ന വേദനയുടെ പാരമ്യത്തിലാണ് തലയണ കുതിരുകയും കിടക്ക നനയുകയും ചെയ്യുന്നത്. പ്രായാധിക്യത്താൽ ഒരു വയോധികന്റെ കണ്ണുകൾ മങ്ങുന്നതുപോലെ, ദൈവം തന്നെ ഉപേക്ഷിച്ചുവോ എന്ന ചിന്തയുണർത്തുന്ന ദുഃഖത്താലും, ശത്രുക്കൾ ഉയർത്തുന്ന ഭീതിയാലും അവന്റെ കണ്ണുകൾ മങ്ങിയിരിക്കുന്നു. പ്രതീക്ഷകൾ നഷ്ടപ്പെട്ട കണ്ണുകളാണവ. ദൈവത്തിൽ ആശ്രയിക്കുകയും അവനിൽ സ്വീകാര്യത കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യനേ തെളിച്ചമുള്ള കണ്ണുകളുണ്ടാകൂ.
തിരികെ പ്രത്യാശയിലേക്കും വിജയത്തിലേക്കും
വേദനയുടെയും നിരാശയുടെയും നിമിഷങ്ങളിൽനിന്ന്, സമാധാനത്തിലേക്കും പ്രത്യാശയിലേക്കും തിരികെ വരുന്ന, ദൈവത്തിന്റെ കാരുണ്യത്തിൽ ഉറപ്പുള്ള വിശ്വാസിയുടെ ഉറച്ച വാക്കുകളാണ് എട്ട് മുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്: "അധർമ്മികളേ, എന്നിൽനിന്ന് അകന്നുപോകുവിൻ; കർത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു. കർത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാർത്ഥന കൈക്കൊള്ളുന്നു. എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവർ ക്ഷണത്തിൽ അവമാനിതരായി പിൻവാങ്ങും" (സങ്കീ. 6, 8-10). തന്റെയും സമൂഹത്തിന്റെയും പാപഫലമായി ദൈവകോപത്തിനിരയായെന്ന ബോധ്യത്താൽ നിരാശയിലായിരുന്ന സങ്കീർത്തകൻ, തന്റെ പ്രാർത്ഥനയുടെ അവസാനവരികളിൽ തിരികെ പ്രത്യാശയിലേക്ക് മടങ്ങിവരികയാണ്. പാപികളുടെ സഹവാസവും സാമീപ്യവും ദൈവത്തിൽനിന്ന് മനുഷ്യരെ അകറ്റും. അതുകൊണ്ടുതന്നെ കർത്താവിലേക്ക് തിരികെ നടക്കാൻ തീരുമാനിക്കുന്ന ഒരുവൻ ആദ്യമേതന്നെ അധർമ്മികളിൽനിന്നും അകലം പാലിക്കേണ്ടിയിരിക്കുന്നു.
തന്റെ വേദനയിൽ ദൈവം ചെവിചായ്ച്ചു തന്റെ പ്രാർത്ഥനകൾ ശ്രവിച്ചുവെന്ന ബോധ്യമാണ് ദാവീദിനുള്ളത്. വൈകാരികമായ പ്രകടനങ്ങളെക്കാൾ, ആത്മാർത്ഥമായ, വേദനയോടെയുള്ള പ്രാർത്ഥനയ്ക്ക് ദൈവസന്നിധിയിൽ സ്ഥാനമുണ്ട്. വാക്കുകളേക്കാൾ ഹൃദയവിചാരങ്ങൾ അറിയുന്നവനാണ് ദൈവം. താൻ അനുഭവിക്കേണ്ടിവന്ന വേദനകൾ അവസാനിച്ചുവെന്നും, ദൈവം തന്റെ പ്രാർത്ഥനകൾ ശ്രവിച്ചുവെന്നും ഉള്ള ഉറപ്പാണ്, സങ്കീർത്തനത്തിന്റെ അവസാന വാക്യത്തിൽ നാം കണ്ടതുപോലെ, തന്റെ ശത്രുക്കളുടെ വിജയത്തിന്റെ ദിനങ്ങൾ ആവസാനിച്ചുവെന്ന ബോധ്യം ദാവീദിനു നൽകുന്നത്. ദൈവം കൂടെയുണ്ടെങ്കിൽ വേദനകൾ നിസ്സാരമാണ്, വിജയം സുനിശ്ചിതമാണ്.
സങ്കീർത്തനം ജീവിതത്തിൽ
ദുഃഖത്തിന്റെ നാളുകൾ നിരാശയുടെ മാത്രം നാളുകളോ, നാശത്തിലേക്കുള്ള ശിക്ഷാവിധിയോ അല്ല എന്ന ഒരു ബോധ്യമാണ് ആറാം സങ്കീർത്തനം നമുക്ക് നൽകുന്നത്. വേദനകളും പരാജയങ്ങളും, ശാരീരികവും മാനസികവുമായ പീഢനങ്ങളും ദൈവത്തിലേക്ക് തിരികെ നടക്കാനും, അവന്റെ കാരുണ്യത്തിനായി നിലവിളിച്ചപേക്ഷിക്കാനുമുള്ള ഒരു അവസരമാക്കി മാറ്റുവാൻ നമുക്കാകണം. ഈ ലോകത്തിലെ വാസം, ഭൂമിയിലെ ജീവിതത്തിനപ്പുറം ദൈവത്തോടൊപ്പമുള്ള സന്തോഷത്തിന്റെയും വിജയത്തിന്റെയും നാളുകളിലേക്കുള്ള ഒരുക്കത്തിന്റെ, പ്രാർത്ഥനയുടെ ദിനങ്ങളാക്കി മാറ്റാൻ നമുക്കാകണം. തിന്മകളെയും, പാപങ്ങളെയും ഓർത്ത് കണ്ണീരൊഴുക്കുവാനും, അനുതാപത്തിലൂടെ ദൈവത്തിന്റെ കാരുണ്യത്തിന്റെ നാളുകൾക്കായി കാത്തിരിക്കാനും നമുക്ക് സാധിക്കട്ടെ. കർത്താവ് നമ്മുടെ യാചനയുടെ സ്വരം ശ്രവിച്ച്, അധർമ്മമാർഗ്ഗങ്ങളിൽനിന്ന് നമ്മെ മോചിപ്പിച്ച്, തന്റെ സാന്നിദ്ധ്യം നൽകുന്ന ആശ്വാസം അനുഭവിക്കുവാൻ നമ്മിൽ കരുണയായിരിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: