മ്യന്മാറിനുവേണ്ടി സമാധാന അഭ്യർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിഭവങ്ങളാൽ അനുഗ്രഹീതമായ മ്യന്മാറിൽ ജീവനുകൾ നശിപ്പിക്കപ്പെടുന്നത് ഹൃദയഭേദകമായ ഒരു ദുരന്തമാണെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാർ.
പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ചാൾസ് മൗങ് ബോയും മണ്ഡലയ് ആർച്ച്ബിഷപ്പ് മാർക്കൊ തിൻ വിന്നും, തവുങ്കി ആർച്ചബിഷപ്പ് ബസീലിയൊ അത്തായിയും അന്നാട്ടിലെ വിവിധമത നേതാക്കളുടെ നാമത്തിൽ ഒപ്പുവച്ച സമാധാനാഭ്യർത്ഥനയിലാണ് ഈ പ്രസ്താവനയുള്ളത്.
ഈ അടുത്ത കാലത്ത് അന്നാട്ടിൽ ജീവൻറെ പവിത്രതയ്ക്കെതിരെ വലിയ ഭീഷണികൾ ഉയർന്നതും അനേകം ജീവനുകൾ നഷ്ടമായതും പട്ടിണി പിടിമുറുക്കിയതും ഈ സമാധാനാഭ്യർത്ഥനയിൽ അനുസ്മരിക്കുന്നു. ജനങ്ങൾ ശാന്തി തേടിയെത്തുന്ന ആരാധനായിടങ്ങളും ആശ്രമങ്ങളും ആക്രമിക്കപ്പെടുകയും കൊലക്കളമാക്കി മാറ്റപ്പെടുകയും ചെയ്ത സംഭവങ്ങളിൽ മെത്രാന്മാർ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഏറെ കഷ്ടതകൾ മ്യന്മാർ ജനത അനുഭവിച്ചുവെന്ന വസ്തുത അനുസ്മരിക്കുന്ന മെത്രാന്മാർ തോക്കുകളെല്ലാം നിശബ്ദരാകട്ടെയെന്നും സഹോദരീസഹോദരന്മരെന്ന നിലയിൽ പരസ്പരം കരങ്ങൾ നീട്ടാമെന്നും പവിത്രമായ സമാധാന തീർത്ഥാടനം നടത്താമെന്നും സമാധാനം സാദ്ധ്യമാണ്, അത് മാത്രമാണ് ഏക വഴിയെന്നും പറയുന്നു.