തിരയുക

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero)  ഫ്രാൻസീസ് പാപ്പായുമൊത്ത്. കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero) ഫ്രാൻസീസ് പാപ്പായുമൊത്ത്.  (Vatican Media)

കോംഗൊ റിപ്പബ്ലിക്കിൽ അവസ്ഥ വഷളാകുന്നുവെന്ന് അപ്പൊസ്തോലിക് നുൺഷ്യൊ!

കോംഗൊ റിപ്പബ്ലിക്കിലെ അക്രമാന്തരീക്ഷത്തെക്കുറിച്ച് അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ തുടരുന്ന നരഹത്യകളിലും ആക്രമണങ്ങളിലും അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് എത്തോരെ ബലെസ്ത്രേരൊ (Ettore Balestrero) ആശങ്ക പ്രകടിപ്പിക്കുന്നു.

ഫ്രാൻസീസ് പാപ്പായുടെ സന്ദർശനം പാർത്തിരിക്കുന്ന അന്നാട്ടിൽ പതിനഞ്ചാം തീയിതി ഞായറാഴ്ച, ഉഗാണ്ടയുമായി അതിർത്തി കുറിക്കുന്ന വടക്കു കിഴക്കെ ഭാഗത്തുള്ള കിവൂ പ്രവിശ്യയിലെ ഒരു പെന്തക്കുസ്താ ദേവാലയത്തിൽ നടന്ന സ്ഫോടനത്തിൽ 17 പേർക്ക് ജീവഹാനിയുണ്ടാകുയും നല്പതോളം പേർക്ക് പരിക്കേല്ക്കുകയും അന്നുതന്നെ അന്നാട്ടിലെ ബേനി എന്ന സ്ഥലത്ത് ഒരു ചന്തയിലും ആക്രമണം നടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്തരീക്ഷം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്നതിന് സ്ഥിരീകരണം നല്കുന്നതാണ് ഈ ആക്രമണങ്ങൾ എന്ന് ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ പറഞ്ഞു. കിഴക്കൻ പ്രദേശത്ത് സമാധാനം വളരെ അകലെയാണ് എന്നും അവസ്ഥ മെച്ചപ്പെടുകയല്ല വഷളാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷബാധിത പ്രദേശങ്ങളിൽ സഭ പ്രവർത്തനനിരതയാണെന്നും ജനങ്ങൾക്ക് ഭക്ഷ്യ, വസ്ത്ര, വൈദ്യസഹായങ്ങൾ എത്തിക്കുന്നുണ്ടെന്നും  ആർച്ച്ബിഷപ്പ് ബലെസ്ത്രേരൊ വെളിപ്പെടുത്തി.

ജനുവരി 31-ഫെബ്രുവരി 3 വരെ പാപ്പാ കോംഗൊയിൽ നടത്താൻപോകുന്ന ഇടയസന്ദർശനത്തിനുള്ള ഒരുക്കത്തെക്കുറച്ചു ഉന്നയിച്ച ചോദ്യത്തിന് ഈ ഒരുക്കത്തിൽ ഒരു എക്യുമെനിക്കൽ സഹകരണം ദൃശ്യമാണെന്നും ഒരു സ്വപ്നസാക്ഷാത്ക്കാരമായിരിക്കും ഈ ഇടയസന്ദർശനമെന്ന് അനേകർ കരുതുന്നുവെന്നും അവർ പാപ്പായുടെ സാന്ത്വനവചസ്സുകൾക്ക് കാതോർത്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2023, 12:19