ബാലവേലകൾക്ക് കുരുന്നുകളെ തള്ളിവിട്ടുകൊണ്ട് താലിബാൻ ഭരണകൂടം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഭീകരതയുടെയും, മാനുഷികാവകാശങ്ങളുടെയും ലംഘനം ഏറിവരുന്ന അഫ്ഗാനിസ്ഥാനിൽ വീണ്ടും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്ന താലിബാൻ ഭരണകൂടത്തിന്റെ അടുത്തതീരുമാനം എത്തിക്കഴിഞ്ഞു. രണ്ടാഴ്ചകൾക്കു മുൻപാണ് ഇതേ അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകളെ ജോലിക്കു പോകുന്നതിൽനിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് താലിബാൻ സർക്കാർ പുറപ്പെടുവിച്ചത്. 28 ദശലക്ഷത്തിലധികം കുട്ടികൾക്കും മുതിർന്നവർക്കും മാനുഷിക സഹായം ആവശ്യമുള്ള അഫ്ഗാനിസ്ഥാൻ ഏറ്റവും മോശമായ സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.
കുട്ടികളുടെ ഉന്നമനത്തിനായി ലോകം മുഴുവൻ നിലനിൽക്കുന്ന സേവ് ദി ചിൽഡ്രൻ തുടങ്ങിയ സന്നദ്ധ സംഘടനകൾ പോലും അഫ്ഘാനിസ്ഥാൻ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ അന്തർദേശീയ അല്ലെങ്കിൽ ദേശീയ സംഘടനകളിൽ കളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ നിരോധിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം, കുട്ടികളെ തെരുവിലോ ഫാക്ടറികളിലോ ആളുകളുടെ വീടുകളിലോ ജോലി ചെയ്യാൻ നിർബന്ധിതരാക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ലഭിക്കുന്നത്.
കുടുംബത്തെ പോറ്റാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മനസോടെയല്ലെങ്കിലും പലപ്പോഴും അപകടകരമായ ചുറ്റുപാടുകളിൽ ജോലിക്ക് അയയ്ക്കുവാൻ നിർബന്ധിക്കപ്പെടുന്നു. ഇഷ്ടിക ഫാക്ടറികളിലെ ജോലികൾ, നിർമ്മാണ സ്ഥലങ്ങളിലെ ജോലികൾ, ആളുകളുടെ വീടുകളിൽ ഉള്ള വീട്ടുവേലകൾ, മാലിന്യ ശേഖരണം തുടങ്ങിയ ഏറ്റവും അപകടകരമായ ജോലികളിലായിരിക്കും കുട്ടികളെ വിന്യസിക്കുവാൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നത്. കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ പോരാടുവാൻ അന്തരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെടുകയാണ് സേവ് ദി ചിൽഡ്രൻ പോലെയുള്ള സന്നദ്ധ സംഘടനകൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: