തിരയുക

മോചനം കാത്ത് - സിറിയയിൽ നിന്നുള്ള ദൃശ്യം മോചനം കാത്ത് - സിറിയയിൽ നിന്നുള്ള ദൃശ്യം 

സിറിയ: ഏഴായിരം കുട്ടികൾ ഇപ്പോഴും സുരക്ഷിതമല്ലാത്ത ക്യാമ്പുകളിൽ

സിറിയയുടെ കിഴക്കൻ മേഖലയിലെ സുരക്ഷിതമല്ലാത്ത വിവിധ ക്യാമ്പുകളിൽ ഏഴായിരത്തോളം കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിറിയയുടെ കിഴക്കൻ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ ഏകദേശം ഏഴായിരത്തോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, എന്നാൽ ഇവിടങ്ങളിലെ അൽ ഹോൾ, റോജ് ക്യാമ്പുകളിൽനിന്ന്2021-നെ അപേക്ഷിച്ച് ഏതാണ്ട് അറുപതു ശതമാനത്തോളം സ്ത്രീകളെയും കുട്ടികളെയും തിരികെ അയക്കാൻ സാധിച്ചിട്ടുണ്ടണെന്നും സേവ് ദി ചിൽഡ്രൻ സംഘടന ഡിസംബർ ഇരുപത്തിയൊന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2019 മുതൽ അകെ 1,464 സ്ത്രീകളെയും കുട്ടികളെയുമാണ് സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ സാധിച്ചതെന്നും, 2019 ഐസിസിന്റെ പ്രാദേശികപരാജയത്തിന്റെ വർഷമായിരുന്നെന്നും കുട്ടികളുടെ അവകാശനങ്ങൾക്കുവേണ്ടി പോരാടുന്ന ഈ അന്താരാഷ്ട്രസംഘടന അറിയിച്ചു. വിവിധ ക്യാമ്പുകളിൽ ഏഴിരട്ടി ആളുകളാണ് അന്നുമുതൽ എത്തിയത്.

വീടുകളിലേക്ക് തിരികെ അയക്കാൻ സാധിച്ച ആളുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ സ്വാഗതം ചെയ്യുമ്പോഴും, കുട്ടികളെ സ്വദേശങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് തോത് വർദ്ധിപ്പിക്കണമെന്ന് സംഘടന പ്രതീക്ഷിക്കുന്നുവെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2012 മുതൽ സേവ് ദി ചിൽഡ്രൻ സംഘടനാ സിറിയയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഏതാണ്ട് മുപ്പതുലക്ഷത്തോളം കുട്ടികളുൾപ്പെടെ, അമ്പതു ലക്ഷത്തോളം ആളുകൾക്ക് സേവനമെത്തിക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.

ഈ വർഷം മാത്രം നിലവിൽ 517 സ്ത്രീകളെയും കുട്ടികളെയും തിരികെ സ്വഭവനങ്ങളിലേക്കയക്കാൻ സേവ് ദി ചിൽഡ്രൻ സംഘടനയ്ക്കായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏഴായിരത്തിലധികം കുട്ടികളെയാണ് ഐസിസിന്റെ പതനത്തിനു ശേഷം സിറിയയുടെ വടക്കുകിഴക്കൻ പ്രദേശത്ത് താമസിപ്പിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ക്യാമ്പുകളിൽ 2021-ൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രക്ഷോഭങ്ങൾ ഉണ്ടായെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. ആഴ്ചയിൽ രണ്ടു പേരിലധികമാണ് കൊല്ലപ്പെടുന്നത്.

നിരാശാജനകമായ അവസ്ഥയിലാണ് ഈ കുട്ടികൾ കഴിയുന്നതെന്നും, വിദേശരാജ്യങ്ങളിലെ സർക്കാരുകളുടെ മെല്ലെപ്പോക്ക് മൂലം പല കുട്ടികളും ക്യാമ്പുകളിൽനിന്ന് പോകുന്നതിന് വർഷങ്ങൾ എടുത്തേക്കുമെന്നും, സേവ് ദി ചിൽഡ്രൻറെ സിറിയയിലെ പ്രവർത്തനങ്ങളുടെ ചുമതല നിർവഹിക്കുന്ന മാറ്റ് സുഗ്രൂ പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2022, 15:07