തിരയുക

സങ്കീർത്തനചിന്തകൾ - 3 സങ്കീർത്തനചിന്തകൾ - 3 

അഭയമാകുന്ന ദൈവം

വചനവീഥി: മൂന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
മൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തന്നിൽ അഭയം തേടുന്നവരെ ഉപേക്ഷിക്കാത്ത, സംരക്ഷകനായ ദൈവമാണ് യാഹ്‌വെ എന്ന വിശ്വാസമാണ് കർത്താവായ ദൈവത്തിൽ അഭയം തേടാൻ ഓരോ വിശ്വാസിയെയും നയിക്കുന്നത്. ഈയൊരു ചിന്തയാണ് ഒരു വൈയക്തികവിലാപഗാനത്തിന്റെ രൂപത്തിലുള്ള മൂന്നാം സങ്കീർത്തനത്തിലുടനീളം നാം കാണുന്നത്. ദൈവത്തിൽ വിശ്വാസമില്ലാത്ത ശത്രുക്കൾ ദൈവത്തിന്റെ സംരക്ഷണത്തെ ചോദ്യം ചെയ്യുമ്പോഴും സങ്കീർത്തകന് ദൈവത്തിന്റെ കരുതലിനെക്കുറിച്ച് സംശയമൊന്നുമില്ല. തനിക്ക് സംരക്ഷണം നൽകുമെന്ന് സങ്കീർത്തകൻ ഉറച്ചുവിശ്വസിക്കുന്ന തന്റെ ദൈവത്തിനെതിരെ തിന്മ സംസാരിക്കുന്നവരുടെ അവസാനത്തിനായാണ് അവൻ പ്രാർത്ഥിക്കുന്നത്. "തന്റെ മകനായ അബ്സലോമിൽനിന്ന് രക്ഷപെട്ടോടുന്ന ദാവീദിന്റെ സങ്കീർത്തനം" എന്ന ഒരു വാക്യം ഈ സങ്കീർത്തനത്തിന്റെ ആരംഭത്തിൽ പിന്നീട് എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ സൈനികവിപ്ലവം നടത്തുന്ന അബ്സലോമിനോട് ഇസ്രായേല്യർ കൂറ് പ്രഖ്യാപിച്ച അവസരത്തിലാണ് ദാവീദ് നഗരത്തിൽനിന്ന് രക്ഷപെട്ടോടുന്നത്. ദുഷ്ടരുടെ അക്രമങ്ങളിൽനിന്ന് രക്ഷപെടാനായി ദൈവത്തിലാശ്രയിക്കുന്ന ഒരുവന്റെ ശക്തമായ വിശ്വാസമാണ് ഈ സങ്കീർത്തനത്തിൽ നിഴലിക്കുന്നത്.

ദൈവത്തിനെതിരെയുള്ള ശത്രുവിന്റെ സ്വരം

സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിൽ, തന്റെ ശത്രുക്കൾക്കെതിരെ സങ്കീർത്തകൻ ദൈവസന്നിധിയിലുണർത്തുന്ന ഒരു ആവലാതിയാണ് നാം കാണുന്നത്. "കർത്താവെ എന്റെ ശത്രുക്കൾ അസംഖ്യമാണ്; അനേകർ എന്നെ എതിർക്കുന്നു. ദൈവം അവനെ സഹായിക്കുകയില്ല എന്ന് പലരും എന്നെക്കുറിച്ച് പറയുന്നു" (വാ. 1-2). ഒരു വ്യക്തിപരമായ പരാതിയാണിത്. ദൈവം തന്നെ സഹായിക്കുമെന്ന ചിന്തയ്‌ക്കെതിരെ സംസാരിക്കുന്ന നിരവധിയായ ശത്രുക്കൾക്കെതിരെയാണ് സങ്കീർത്തകൻ ദൈവസന്നിധിയിൽ പ്രാർത്ഥനയുയർത്തുന്നത്. അവർ സങ്കീർത്തകനെ എതിർക്കുകയും, ദൈവം അവന്റെ സഹായത്തിനെത്തില്ല എന്ന നിരാശയുടെ സന്ദേശം പരത്തുകയും ചെയ്യുന്നു. അബ്സലോമിന്റെ കപടവാഗ്ദാനങ്ങൾക്ക് മുന്നിൽ ദാവീദിനെ ഉപേക്ഷിച്ച് പുതിയ നേതാവിനോട് ചേർന്നവർ അനവധിയാണ്. താൻ ഏറ്റവുമധികം വിശ്വസിക്കുന്ന, തന്റെ സഹായത്തിനെത്തുമെന്ന് പ്രതീക്ഷയർപ്പിച്ച ദൈവം പോലും തനിക്ക് സഹായത്തിനുണ്ടാകില്ല എന്ന ചിന്ത ഒരു വിശ്വാസിയുടെ മുന്നിൽ അതികഠിനമാണ്.

വിശ്വാസിയുടെ പ്രാർത്ഥനയും സാക്ഷ്യവും

സങ്കീർത്തനത്തിന്റെ മൂന്നാം വാക്യത്തിൽ സങ്കീർത്തകൻ തന്റെ വിശ്വാസം ഏറ്റുപറയുകയും ദൈവത്തിന് സാക്ഷ്യം നൽകുകയുമാണ് ചെയ്യുന്നത്. "കർത്താവെ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്സുയർത്തി നിറുത്തുന്നതും അവിടുന്നുതന്നെ" (വാ. 3). ദാവീദിന് ഇസ്രയേലിന്റെ ദൈവമായ കർത്താവിലുള്ള വിശ്വാസമാണ് ഇവിടെ വ്യക്തമാകുന്നത്. തന്റെ ശത്രുക്കളുടെ നിരാശപ്പെടുത്തലുകൾക്കോ എതിർപ്പുകൾക്കോ, ദൈവത്തിലുള്ള സങ്കീർത്തകന്റെ വിശ്വാസത്തെ തകർക്കാനാകില്ല. ശത്രുവിന്റെ മുൻപിൽ ദൈവമാണ് തനിക്ക് സംരക്ഷണമേകുക എന്ന ബോധ്യം ദാവീദിനുണ്ട്. ഇതൊരു പ്രാർത്ഥനയല്ല, മറിച്ച് ദൈവികസംരക്ഷണത്തിലുള്ള തന്റെ അടിയുറച്ച വിശ്വാസത്തിന്റെ ശക്തമായ ഒരു ഏറ്റുപറച്ചിലാണ്. സാധാരണ മനുഷ്യർ സ്ഥാനമാനങ്ങളിലും വസ്തുക്കളിലും ഈ ഭൂമിയിലും തങ്ങളുടെ മഹത്വം തേടുമ്പോൾ ദാവീദിലെ വിശ്വാസി ദൈവത്തിലാണ് തന്റെ മഹത്വം തേടുന്നത്.

ശത്രുവിന്റെ തനിക്കെതിരെയുള്ള ആക്രമണത്തിന് മുന്നിൽ ദാവീദ് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു. നാലാം വാക്യത്തിൽ ഇതാണ് നാം കാണുന്നത്: "ഉച്ചത്തിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധ പർവതത്തിൽനിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു" (വാ. 4). അന്യായമായി തനിക്കെതിരെ വരുന്ന, വിശ്വാസത്തിന്റെ പാതയിൽ തടസ്സമാകാൻ പരിശ്രമിക്കുന്ന, ശത്രുവിന്റെ കുറ്റപ്പെടുത്തലുകൾക്കും ആക്രമണങ്ങൾക്കും മുന്നിൽ ദൈവത്തെ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുകയാണ് സങ്കീർത്തകൻ. തന്നിൽ ആശ്രയിക്കുന്നവരെ കൈവെടിയാത്ത, അവരുടെ പരിഭവങ്ങൾക്കും പരാതികൾക്കും ഉത്തരമേകുന്ന കരുതലിന്റെ ദൈവമാണ് യാഹ്‌വെ.

ദൈവം വിശ്വാസിയുടെ ഉപേക്ഷിക്കാത്ത ശരണം

സങ്കീർത്തനത്തിന്റെ അഞ്ചും ആറും വാക്യങ്ങളിൽ ദാവീദിന് ദൈവത്തിലുള്ള ശരണവും തന്റെ പ്രാർത്ഥനകൾ ശ്രവിച്ച് അവൻ തനിക്ക് ഉത്തരം നൽകുമെന്ന ഉറച്ച വിശ്വാസവും, ആ വിശ്വാസം അവന് നൽകുന്ന ധൈര്യവുമാണ് നാം കാണുന്നത്. "ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു, ഉണർന്നെഴുന്നേൽക്കുന്നു; എന്തെന്നാൽ, ഞാൻ കർത്താവിന്റെ കരങ്ങളിലാണ്. എനിക്കെതിരെ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല" (വാ. 5-6). താൻ ഉറങ്ങിക്കിടക്കുമ്പോഴും തനിക്കായി ഉണർന്നിരിക്കുന്നവനാണ്, തനിക്ക് സംരക്ഷണമേകുന്നവനാണ് ഇസ്രയേലിന്റെ ദൈവമെന്ന ബോധ്യം സങ്കീർത്തകനുണ്ട്. കർത്താവിന്റെ കരങ്ങളുടെ ശക്തിയും അവന്റെ സംരക്ഷണവും ദാവീദ് തന്റെ ജീവിതത്തിൽ പലവുരി തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്കെതിരെ പാളയമടിച്ചിരിക്കുന്ന തന്റെ ജനത്തിനെ, ദാവീദിലെ വിശ്വാസി ഭയപ്പെടുന്നില്ല. ദൈവം തന്നോടുകൂടെയുണ്ടെങ്കിൽ ആർക്കും തനിക്കെതിരെ എതിർത്തു നിൽക്കാനോ എന്നന്നേക്കുമായി വിജയം നേടാനോ സാധിക്കില്ലെന്ന ഉത്തമ ബോധ്യം, സമാധാനമായി കിടന്നുറങ്ങാൻ ദാവീദിന് ധൈര്യം നൽകുന്നുണ്ട്. എതിർപ്പുകൾ എത്രയധികം ശക്തവുമായിക്കൊള്ളട്ടെ, എതിർത്തുനിൽക്കുന്നവർ എത്രയധികം ആയിക്കൊള്ളട്ടെ, ദൈവത്തിനു കീഴിലും അവന്റെ പ്രീതിയിലും നിലനിൽക്കാൻ സാധിക്കുമെങ്കിൽ ഒരു തിന്മയെയും ഭയപ്പെടേണ്ടതില്ലെന്ന ബോധ്യമാണ് ഈ സങ്കീർത്തനവരികൾ നമുക്ക് നൽകുന്നത്.

ശത്രുക്കളെ നിഹരിക്കുന്ന ദൈവത്തിൽ ആശ്രയം

തന്റെ വിശ്വാസം താൻ പൂർണ്ണമായി അർപ്പിച്ചിരിക്കുന്ന ദൈവത്തിനെതിരെയും, തന്റെ വിശ്വാസത്തിനെതിരെയും ദുഷ്ടത പറയുന്ന ശത്രുവിനെതിരെ പ്രാർത്ഥിച്ച്, പ്രതികൂലസാഹചര്യങ്ങളിൽപ്പോലും വിശ്വാസം കൈവിടാതെ മുന്നോട്ട് പോകുന്ന അടിയുറച്ച വിശ്വാസിയെയാണ് നാം സങ്കീർത്തകനിൽ കണ്ടുമുട്ടുന്നത്. സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിലാകട്ടെ, തന്റെ മുൻപിൽ പ്രാർത്ഥിക്കുന്ന ദാവീദിന്റെ ശത്രുവിനെ പ്രഹരിക്കുന്ന, അവനെ നിശ്ശബ്ദരാക്കി പരാജയപ്പെടുത്തുന്നവനാണ് ദൈവമെന്ന് നാം കാണുന്നു. ഏഴാം വാക്യം ഈയൊരു ബോധ്യമാണ് നമുക്ക് നൽകുന്നത്. "കർത്താവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങ് തകർത്തു" (വാ. 7). തന്നെ ഉയർത്തിയതും, താങ്ങി നിറുത്തിയതും കർത്താവാണെന്ന ഉത്തമബോധ്യമുള്ളതിനാലാണ് ദാവീദ് വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. തന്നോട് വിശ്വാസപൂർവ്വം പ്രാർത്ഥിക്കുന്ന തന്റെ വിശ്വസിക്കായി ദൈവം ഉയർന്നെഴുന്നേൽക്കുകയും അവനെ സംരക്ഷിക്കുകയും അവനെതിരെ പ്രവൃത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. ശത്രുവിന്റെ തോൽവിയും അവന്റെമേൽ ദൈവത്തിന്റെ അധിപത്യവുമാണ് ഈ വാക്യത്തിന്റെ രണ്ടാം ഭാഗം വെളിവാക്കുന്നത്. ദൈവത്തിനും അവന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമെതിരെ ശബ്ദിക്കാനാകാത്തവിധം ശത്രുവിന്റെ ചെകിട്ടത്തടിച്ച്, അവന്റെ പല്ലുകൾ തകർത്താണ് സങ്കീർത്തകനിലെ വിശ്വാസിയുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരമേകുന്നത്.

"വിമോചനം കർത്താവിൽനിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ!" എന്ന ശരണത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ചിന്തകൾ നൽകുന്ന എട്ടാം വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. വിമോചനവും അനുഗ്രഹങ്ങളും രക്ഷയും കർത്താവായ ദൈവത്തിൽനിന്നാണ്. ലോകത്തിന്റെയോ തിന്മയുടെയോ ശക്തികൾക്ക്, ദൈവികമായ നന്മയെയും വിശ്വാസത്തെയും എന്നന്നേക്കുമായി ഇല്ലാതാക്കാനാകില്ല. തനിക്ക് വേണ്ടി മാത്രമല്ല ദാവീദിലെ വിശ്വാസി പ്രാർത്ഥിക്കുക, മറിച്ച് തന്നിൽ ഭരമേല്പിക്കപ്പെട്ട ജനത്തിനു വേണ്ടിക്കൂടിയാണ്. ദൈവത്തിനെതിരെയും അവന്റെ വിശ്വാസികൾക്കെതിരെയും ദുഷ്ടതയുടെ ശബ്ദമുയർത്തുന്നവരുടെ പരാജയവും, ദൈവജനത്തിന്റെ നന്മയും വിജയവും, അവരുടെമേലുള്ള അനുഗ്രഹങ്ങളുമാണ് സങ്കീർത്തകനൊപ്പം ഓരോ വിശ്വാസിയും പ്രാർത്ഥിക്കേണ്ടത്.

സങ്കീർത്തനം ജീവിതത്തിൽ

മൂന്നാം സങ്കീർത്തനവിചാരങ്ങൾ അവസാനിപ്പിക്കുമ്പോൾ, വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരു ഉൾവിളിയുടെ സ്വരമാണ് ഈ സങ്കീർത്തണമെന്ന് നമുക്ക് കാണാം. തനിക്കെതിരെ വിപ്ലവമുണർത്തുന്ന അബ്സലോമിനെതിരെയുള്ള ദാവീദിന്റെ വാക്കുകൾ എന്നതിനപ്പുറം, നമ്മുടെ ജീവിതത്തിൽ നാം മനസ്സിലാക്കി ജീവിക്കേണ്ട ചില ചിന്തകൾ കൂടി ഈ വരികളിലുണ്ട്. നിത്യമായ ആശ്വാസവും ആശ്രയവും കർത്താവായ ദൈവത്തിലാണ് തേടേണ്ടത്. അവനാണ് തിന്മകളിൽനിന്നും ശത്രുകരങ്ങളിൽനിന്നും ഇസ്രായേലിനും ദൈവത്തിൽ ശരണമർപ്പിക്കുന്നവർക്കും രക്ഷയേകുന്ന, അഭയമാകുന്ന സംരക്ഷകനായ ദൈവം. ദൈവത്തോടൊപ്പമെങ്കിൽ നിദ്രയുടെ ആഴത്തിലും ഭയലേശമെന്യേ ആയിരിക്കാൻ, ഓരോ പ്രഭാതത്തിലും അനുഗ്രഹീതമായ ദിനങ്ങളിലേക്ക് ഉണർന്നെണീൽക്കാൻ നമുക്ക് സാധിക്കുമെന്ന ഉറപ്പോടെ ജീവിതത്തെ ക്രമപ്പെടുത്താൻ, ദൈവത്തിൽ പൂർണ്ണമായി ജീവിതമർപ്പിക്കാൻ നമുക്ക് സാധിക്കണം. നമുക്കെതിരെ ഉയരുന്ന തിന്മയുടെ നാവുകളെ നിശബ്ദമാക്കുന്നത്, നമ്മുടെ നാശത്തിനായി കാത്തിരിക്കുന്നവരുടെ പദ്ധതികളെയും അവരുടെ കുടില തന്ത്രങ്ങളെയും തകർക്കുന്നത് കർത്താവായ ദൈവമാണ്. തന്റെ വിശുദ്ധ പർവതത്തിൽ നിന്ന്, അവന്റെ മഹനീയമായ അലയത്തിൽനിന്ന് നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരമരുളട്ടെ. അവൻ തന്റെ കരുതലിന്റെ കരങ്ങളാൽ നമ്മെ പൊതിഞ്ഞുപിടിക്കട്ടെ. അവൻ നമ്മെ എന്നും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഡിസംബർ 2022, 13:57