നന്മതിന്മകൾ പ്രവർത്തിക്കുന്നവരും ദൈവവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദൈവികഭവനത്തിന്റെ സംരക്ഷണവും, തിന്മ പ്രവർത്തിക്കുന്നവർ നേരിടേണ്ടിവന്നേക്കാവുന്ന അപകടങ്ങളുമാണ് അഞ്ചാം സങ്കീർത്തനത്തിന്റെ പ്രധാന കാതൽ. ഇവ തമ്മിലുള്ള വ്യത്യാസങ്ങളുടെയും അന്തരത്തിന്റെയും മുന്നിൽ ദൈവത്തോട് തന്റെ പ്രാർത്ഥന കേട്ട്, തനിക്ക് സംരക്ഷണവും, സന്തോഷവും നൽകണമേയെന്ന് സങ്കീർത്തകൻ അപേക്ഷിക്കുന്നു. അധർമ്മികൾക്ക് ശിക്ഷയും നീതിമാന്മാർക്ക് അനുഗ്രഹവും എന്ന ചിന്തയാണ് ഇതിൽ നാം കാണുക. ഗായകസംഘത്തലവന് ഓടക്കുഴലുകൾ ഉപയോഗിച്ച് ആലപിക്കാനായി ദാവീദ് തയ്യാറാക്കിയതാണ് ഇതിന്റെ വരികൾ. പ്രബോധനപരമായ ഈ സങ്കീർത്തനം പ്രഭാതബലിയുമായി ബന്ധപ്പെട്ട് പ്രവാസകാലത്തിന് മുൻപ് ദേവാലയത്തിൽ ആലപിക്കപ്പെട്ടിരുന്ന ഒരു ഗാനമായിരിക്കാം എന്ന് കരുതപ്പെടുന്നു.
പ്രഭാതത്തിൽ ദൈവസന്നിധിയിലുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ആദ്യ മൂന്ന് വാക്യങ്ങളിൽ സങ്കീർത്തകനായ ദാവീദ്, പ്രഭാതത്തിൽ ദൈവസന്നിധിയിൽ ഉണർത്തുന്ന പ്രാർത്ഥനകളാണ് നാം കാണുന്നത്. "കർത്താവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ! എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കേണമേ!. എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കേണമേ! അങ്ങയോടാണല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്. കർത്താവേ, പ്രഭാതത്തിൽ അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുന്നു; പ്രഭാതബലി ഒരുക്കി ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു! (സങ്കീ. 5, 1-3). നന്മതിന്മകളുടെ പ്രതിഫലം അറിയുന്നവനാണ് ദാവീദ്. അതുകൊണ്ടുതന്നെ പ്രഭാതത്തിൽ ദൈവസന്നിധിയിൽ അവൻ പ്രാർത്ഥനയോടെ ദൈവത്തിന്റെ പ്രീതിക്കായി നിലവിളിച്ചു പ്രാർത്ഥിക്കുന്നു. മൂന്ന് വട്ടമാണ് തന്നെ ശ്രവിക്കണമേയെന്ന് ദാവീദ് പറയുക. താൻ ദൈവസന്നിധിയിലാണെന്നും, തന്റെ പ്രാർത്ഥനകൾ ദൈവം ചെവിചായ്ച്ച് ശ്രവിക്കുമെന്നുമുള്ള ബോധ്യത്തോടെയാണ്, "അങ്ങയോടാണല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്" എന്ന് ദാവീദ് പറയുക. തന്റെ ദിനം മുഴുവനും ദൈവത്തിന് സമർപ്പിക്കുന്നതിനാണ് പ്രഭാതത്തിൽ ദാവീദ് ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക. ഔപചാരികമോ യാന്ത്രികമോ ആയ പ്രാർത്ഥനയിൽനിന്ന് വിഭിന്നമാണ്, പ്രഭാതത്തിൽ ബലിയൊരുക്കി ദൈവത്തിന് സ്വീകാര്യമായ സമയത്തിനായി കാത്തിരിക്കുന്നത്. ഒരുങ്ങി കാത്തിരിക്കുന്നവരിലാണ് ദൈവം സംപ്രീതനാവുക, അനുഗ്രഹങ്ങൾ ചൊരിയുക.
അധർമ്മികളും നീതിമാന്മാരും ജീവിതവും
സങ്കീർത്തനത്തിന്റെ നാലുമുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ ദുഷ്ടരുടെയും നീതിമാന്മാരുടെയും പ്രവൃത്തികൾ ദൈവസന്നിധിയിൽ എപ്രകാരമാണ് കാണപ്പെടുക എന്ന ഒരു ചിന്തയാണ് ദാവീദ് പങ്കുവയ്ക്കുന്നത്. നാലാം വാക്യം ദൈവശാസ്ത്രപരമായ ഒരു പ്രസ്താവന കൂടിയാണ്: "അങ്ങ് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; തിന്മ അങ്ങയോടൊത്തു വസിക്കുകയില്ല" (സങ്കീ. 5, 4). ദൈവത്തിന്റെ നീതിബോധത്തെക്കുറിച്ചുള്ള ദാവീദിന്റെ ചിന്തയനുസരിച്ച്, തിന്മ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കാത്ത, ദുഷ്ടരെ വെറുക്കുന്ന ഒരുവനാണ് ദൈവം. പരിശുദ്ധനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് പാപത്തിൽനിന്ന് അകലുവാൻ പഠിക്കുക.
തിന്മ പ്രവർത്തിക്കുന്നവരെ, ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരുവന്റെ കണ്ണുകളോടെ നോക്കുന്ന ദാവീദിനെയാണ് തുടർന്ന് വരുന്ന വാക്യങ്ങളിൽ നാം കാണുന്നത്: “അഹങ്കാരികൾ അങ്ങയുടെ കണ്മുൻപിൽ നിൽക്കുകയില്ല; അധർമികളെ അങ്ങ് വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കർത്താവ് വെറുക്കുന്നു" (സങ്കീ. 5, 5-6).
ഏഴും എട്ടും വാക്യങ്ങളിൽ നീതിമാനായ ഒരുവന്റെ മനോഭാവത്തോടെ ദൈവസന്നിധിയിൽ ആയിരിക്കുന്ന ദാവീദിനെയാണ് നാം കണ്ടുമുട്ടുക: "എന്നാൽ, അവിടുത്തെ കാരുണ്യാതിരേകത്താൽ ഞാൻ അങ്ങയുടെ ആലയത്തിൽ പ്രവേശിക്കും. ഭക്തിപൂർവ്വം ഞാൻ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരെ പ്രണമിക്കും. കർത്താവെ, എന്റെ ശത്രുക്കൾ നിമിത്തം എന്നെ അങ്ങയുടെ നീതിമാർഗ്ഗത്തിലൂടെ നയിക്കേണമേ!" (സങ്കീ. 5, 7-8). ദൈവത്തിന്റെ ആലയം സുരക്ഷിതമായ ഇടമാണ്. ദാവീദിന്റെയും ഏതൊരു വിശ്വാസിയുടെയും ബോധ്യമാണിത്. തന്റെ കുറവുകളെ തിരിച്ചറിയുന്നതുകൊണ്ടാണ്, ദൈവത്തിന്റെ കാരുണ്യത്താലാണ് അവന്റെ ആലയത്തിൽ പ്രവേശിക്കുവാൻ തനിക്ക് സാധിക്കുന്നതെന്ന് ദാവീദ് ഏറ്റുപറയുക. ദൈവമാണ് തന്നെ നേരായ മാർഗ്ഗത്തിലൂടെ നടത്തുന്നതെന്ന ബോധ്യവും, ദൈവത്തിലുള്ള ശരണവുമാണ് ദാവീദിനെ നയിക്കുന്നത്. സ്വന്തം കഴിവുകളേക്കാൾ, ദൈവത്തിന്റെ കാരുണ്യമാണ് തന്നെ നയിക്കുന്നതെന്ന്, തിന്മയിൽ വീഴാതെ കാക്കുന്നതെന്ന്, ഏറ്റുപറയാൻ ഹൃദയത്തിൽ എളിമയുള്ളവർക്കേ സാധിക്കൂ.
ദുഷ്ടരും അവരുടെ അന്ത്യവും
സങ്കീർത്തനത്തിന്റെ ഒൻപതും പത്തും വാക്യങ്ങളിൽ ദുഷ്ടർ ആരെന്ന വിശദീകരണവും, അവർക്ക് ലഭിക്കേണ്ട ശിക്ഷയുമാണ് നാം ദാവീദിന്റെ വാക്കുകളിലൂടെ കാണുന്നത്: "അവരുടെ അധരങ്ങളിൽ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവിൽ മുഖസ്തുതി മുറ്റിനിൽക്കുന്നു. ദൈവമേ, അവർക്കു കുറ്റത്തിനൊത്ത ശിക്ഷ നൽകേണമേ! തങ്ങളുടെ കൗശലങ്ങളിൽത്തന്നെ അവർ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താൽ അവരെ തള്ളിക്കളയണമേ! അവർ അങ്ങയെ ധിക്കരിച്ചിരിക്കുന്നു" (സങ്കീ. 5, 9-10). ഹൃദയത്തിന്റെ ഉള്ളിൽ നന്മയും സത്യവുമുള്ളവരുടെ അധരങ്ങളാണ് സത്യവും നന്മയും ജീവിതത്തിലൂടെ പ്രഘോഷിക്കുക. ഉള്ളിൽ തിന്മയാണ് വസിക്കുന്നതെങ്കിൽ പുറത്തേക്ക് വരുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും അത് നിഴലിക്കും. മുഖസ്തുതിയുടെ പിന്നിൽ പലപ്പോഴും കളവുനിറഞ്ഞ ഒരു നാവുണ്ട്. തിന്മ ഉള്ളിൽ കൊണ്ടുനടക്കുന്ന, മറ്റുള്ളവരിലേക്ക് തിന്മ കൊണ്ടുവരുന്ന, ദുഷ്ടത നിറഞ്ഞവർക്ക്, അവരുടെ പ്രവൃത്തികൾക്കനുസരിച്ച ശിക്ഷയാണ് ദാവീദ് ആശംസിക്കുന്നത്. ദൈവത്തെ ധിക്കരിക്കുന്നവർക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് അവകാശമില്ലല്ലോ. ദൈവത്തിന് പകരം തങ്ങളെത്തന്നെ വലുതായിക്കാണുന്നതിലാണ് അവരിൽ പാപം ജന്മമെടുക്കുന്നത്. തങ്ങളുടെ തന്നെ രക്ഷയായ ദൈവത്തെയാണ് അവർ തള്ളിക്കളയുന്നത്.
നീതിമാന്മാർക്ക് അവകാശമാകുന്ന രക്ഷ
നീതി പ്രവർത്തിക്കുന്ന, നന്മയിൽ പുലരുന്ന ജനത്തിന് ദൈവം നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങൾ: "അങ്ങയിൽ ശരണം പ്രാപിക്കുന്നവർ സന്തോഷിക്കട്ടെ! അവർ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവർ അങ്ങയിൽ ആനന്ദിക്കട്ടെ! കർത്താവേ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു. പരിച കൊണ്ടെന്നപോലെ കാരുണ്യം കൊണ്ട് അവരെ മറയ്ക്കുന്നു" (സങ്കീ. 5, 11-12). നന്മ ചെയ്യുന്നവരെയും തന്നിൽ ശരണപ്പെടുന്നവരെയും അനുഗ്രഹിക്കുന്ന, കരുണയാൽ, തന്റെ ഭക്തരെ ചേർത്തുപിടിച്ച് സംരക്ഷിക്കുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റെ നാഥൻ എന്നത്, ദൈവത്തിന്റെ ഭവനത്തിൽ പ്രഭാതബലിയോരുക്കി കാത്തിരിക്കുന്ന ദാവീദിലെ വിശ്വാസിയുടെ ബോധ്യമാണ്. നന്മയും നീതിയുമുള്ളവർ, കർത്താവിൽ ശരണപ്പെടുകയും അവനിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. നീതിമാന്മാർക്ക് സന്തോഷം വാഗ്ദാനം ചെയ്യുന്ന ദൈവത്തിലാണ് അവർ ആശ്രയിക്കുന്നത്. ദൈവത്തിന്റെ കാരുണ്യവും പ്രീതിയും നേടുവാനാകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്, അതുകൊണ്ടുതന്നെ, ദൈവം കരുണയോടെയാണ് തന്നെ നോക്കി പരിപാലിക്കുന്നതെന്ന അറിവാണ് നീതിമാനെ സന്തോഷത്താൽ നിറയ്ക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ദാവീദ് ഒരു പ്രബോധനമാണ് നമുക്ക് മുന്നിൽ വയ്ക്കുന്നത്. വിശ്വാസത്തോടെ ജീവിതത്തിന്റെ ഓരോ പ്രഭാതങ്ങളിലും ദൈവത്തിന്റെ പ്രീതിക്കായി പ്രാർത്ഥനയോടെ കാത്തിരിക്കാൻ, നന്മയിലും നീതിയിലും ജീവിച്ച് ദൈവത്തിൽ ശരണമർപ്പിച്ച്, അവനിൽ സന്തോഷം കണ്ടെത്താൻ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവത്തെക്കാൾ തങ്ങളെത്തന്നെ വലിയവരായി കണക്കാക്കി, അവനു മുൻപിൽ മറുതലിച്ച്, തിന്മയിലും നിരാശയിലും ജീവിതം നയിക്കുന്ന ധാർഷ്ട്യതയിൽ പുലരാതിരിക്കാൻ ഈ സങ്കീർത്തനവരികൾ നമുക്ക് പ്രേരണയാകട്ടെ. ദൈവത്തിൽ ശരണപ്പെട്ട്, അവന്റെ നാമത്തെ സ്നേഹിച്ച്, ജീവിതം ഒരു പ്രഭാതബലിയുടെ വിശുദ്ധിയോടെ സമർപ്പിക്കാൻ നമുക്ക് സാധിക്കട്ടെ. ദൈവത്തിന്റെ കാരുണ്യത്തിന്റെ പരിചയുടെ കീഴിൽ തിന്മകളിൽനിന്നും, ദുരിതങ്ങളിൽനിന്നും അഭയം കണ്ടെത്തുവാനും, നമ്മെ തന്നോട് ചേർത്തുനിറുത്തുന്ന ദൈവത്തിൽ സന്തോഷം കണ്ടെത്തുവാനും, ജീവിതം അനുഗ്രഹപ്രദമായി മാറ്റുവാനും ദൈവം നമ്മിൽ കനിയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: