കർത്താവിൽ സന്തോഷിക്കുന്ന നീതിമാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നീതിമാനായ ദൈവത്തിൽ ആശ്വാസവും അഭയവും കണ്ടെത്തുന്ന വിശ്വാസിയുടെ ഹൃദയവിചാരങ്ങളാണ് നാലാം സങ്കീർത്തനത്തിൽ നാം കാണുന്നത്. തനിക്കെതിരെ പരാതി പറയുന്ന, ദുഷ്ടത പ്രവർത്തിക്കുന്ന ആളുകൾക്കെതിരെയുള്ള ഒരു പ്രാർത്ഥനകൂടിയാണിത്. സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ ആഹ്ളാദപ്രകടനങ്ങൾക്കും, കൃതജ്ഞതയ്ക്കും ഒപ്പം വിലാപത്തിനും ഇടമുണ്ട്. ദൈവം നൽകുന്ന സമ്പത്തിനേക്കാൾ ദൈവത്തിന്റെ നീതിയിൽ സങ്കീർത്തകൻ ആഹ്‌ളാദം കണ്ടെത്തുന്നു. ദുഷ്ടത പ്രവർത്തിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് ഈ സങ്കീർത്തനം. അനുതാപവും ദൈവവിശ്വാസവും കൊണ്ടുവരുന്ന വിടുതലും സമാധാനവും അനുഭവിക്കാനുള്ള ഒരു ക്ഷണം കൂടിയാണ് ഈ വരികൾക്കിടയിൽ നാം കണ്ടെത്തുക. ബാഹ്യമായ വിജയങ്ങളേക്കാൾ ദൈവത്തിന്റെ സംപ്രീതിയാണ് ഏറ്റവും വലിയ സമ്പത്ത്. തന്ത്രിവാദ്യങ്ങളോടെ ആലപിക്കുവാനായി, ഗായകസംഘനേതാവിനായി ദാവീദ് എഴുതിയ ഒരു സങ്കീർത്തനമാണിത്.
ദൈവത്തോടുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ഒന്നാം വാക്യം ദാവീദ് ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണ്. "എനിക്ക് നീതി നടത്തിത്തരുന്ന ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരമരുളേണമേ! ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂർവ്വം എന്റെ പ്രാർത്ഥന കേൾക്കണെമേ!" (സങ്കീ.4, 1). തന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ദൈവനീതിയിലുള്ള ഉറച്ച വിശ്വാസമാണ് ദാവീദിനെ ഈ വാക്കുകളിലൂടെ പ്രാർത്ഥിക്കുവാൻ പ്രേരിപ്പിക്കുന്നത്. വെറുമൊരു പ്രാർത്ഥന എന്നതിനേക്കാൾ, തന്റെ ദുരവസ്ഥയിലുള്ള വിലാപമാണ് ദാവീദിൽനിന്നുയരുന്നത്. വൈകാരികമായ ഒരു പ്രകടനം മാത്രമല്ല ഇത്, മറിച്ച് തീക്ഷ്‌ണതയോടെയുള്ള, ദൈവത്തിന് സ്വീകാര്യമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുകയും, അവനെ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നവരെ ദൈവം കൈവിടില്ല (ഏശയ്യാ 64, 7). ദൈവമാണ് തനിക്ക് നീതി നടത്തിത്തരുന്നതെന്ന് ദാവീദിനറിയാം. തന്റെ ഞെരുക്കങ്ങളിൽ ഇതുവരെ തനിക്ക് അഭയമേകിയത് ദൈവമാണെന്ന് ഏറ്റുപറയുന്ന സങ്കീർത്തകൻ, തുടർന്നും തന്നോട് കനിവോടെ പ്രവർത്തിക്കണമേയെന്ന് ദൈവത്തോട് അപേക്ഷിക്കുന്നു. ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ ഇടയിലും നന്ദി നിറഞ്ഞ ഒരു ഹൃദയത്തോടെയാണ് ദാവീദ് ദൈവസന്നിധിയിൽ നിൽക്കുന്നത്.
തിന്മ ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ്
സങ്കീർത്തനത്തിന്റെ രണ്ടും മൂന്നും വാക്യങ്ങളിൽ, തനിക്കെതിരെ തിന്മ പ്രവർത്തിക്കുന്നവർക്കും അനീതിയിൽ തുടരുന്നവർക്കുമുള്ള മുന്നറിയിപ്പാണ് ദാവീദ് നൽകുന്നത്. തനിക്കെതിരെ പ്രവർത്തിക്കുന്നവരോടുള്ള ഒരു ചോദ്യമാണ് രണ്ടാം വാക്യത്തിൽ ദാവീദ് ഉയർത്തുന്നത്: "മാനവരെ, എത്രനാൾ നിങ്ങൾ എന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കും? എത്രനാൾ നിങ്ങൾ പൊള്ളവാക്കുകളിൽ രസിച്ചു വ്യാജം അന്വേഷിക്കും?" (സങ്കീ 4, 2). അന്ത്യമില്ലാത്ത, നീതിമാനായ ദൈവത്തിനു മുൻപിൽ, നിത്യതയോളം തിന്മയിൽ തുടരാൻ ആർക്കും സാധിക്കില്ല. കർത്താവിന്റെ ദാസരുടെ അഭിമാനത്തെ തകർക്കുവാൻ ശ്രമിക്കുന്നവർ തങ്ങളുടെ തിന്മയുടെ പാത കൈവെടിഞ്ഞ്, നന്മയുടെ അനുഗ്രഹത്തിന്റെ പാതയിലേക്ക് തിരികെവരാനാണ് പരിശ്രമിക്കേണ്ടത്. തിന്മയുടെ പാതയിൽ സഞ്ചരിക്കുന്നവർ, ഇതെത്രനാൾ ഇനിയും ഇങ്ങനെ തുടരാൻ സാധിക്കുമെന്ന ഒരു ചോദ്യം തങ്ങളോടുതന്നെ ചോദിക്കേണ്ടതുണ്ട്. പൊള്ളവാക്കുകൾ പറഞ്ഞ്, വ്യാജം അന്വേഷിച്ച്, അതിൽ രസിച്ച്, അപരന്റെ അഭിമാനത്തെ തകർക്കുന്നതിലൂടെ എന്ത് നന്മയാണ് ഒരുവൻ നേടുക? വ്യാജദൈവസങ്കൽപ്പങ്ങളെ ആരാധിക്കുന്നവർക്കെതിരെ കൂടിയാകാം സങ്കീർത്തകൻ ഈ വാക്കുകൾ എഴുതുന്നത്.
മൂന്നാം വാക്യത്തിലാകട്ടെ, നീതിമാന്മാരെ സ്നേഹിക്കുന്ന ദൈവത്തിലുള്ള സങ്കീർത്തകന്റെ ഉറച്ച വിശ്വാസമാണ് ദാവീദ് ഏറ്റുപറയുന്നത്: "കർത്താവു നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിൻ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ അവിടുന്ന് കേൾക്കുന്നു" (സങ്കീ. 4, 3). താനും, ദൈവവിചാരമുള്ള മറ്റു മനുഷ്യരും ദൈവത്തിനായി തിരഞ്ഞെടുത്ത് മാറ്റിനിറുത്തപ്പെട്ടവരാണെന്ന ബോധ്യം ദാവീദിനുണ്ട്. നീതി പ്രവർത്തിക്കുന്ന, തന്റെ പ്രിയപ്പെട്ടവരെ തനിക്കൊപ്പം ചേർത്തു നിറുത്തുന്ന ദൈവം, അവർക്ക് ഉചിതമായ പ്രതിഫലം നൽകുന്ന, അവരുടെ പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ്. അനീതിയിൽ തുടരുന്നവരെ കാത്തിരിക്കുന്നത് നാശമാണ്. എന്നാൽ കർത്താവിനൊപ്പം നിൽക്കുന്ന, നീതിയിൽ ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുമെന്ന ഉറപ്പിൽ, ദൈവത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാമെന്ന ഉറപ്പിൽ മുന്നോട്ടുപോകാനാകും.
പ്രാർത്ഥനയും അനുതാപവും ദൈവാനുഗ്രഹവും
സങ്കീർത്തനത്തിന്റെ നാലുമുതലുള്ള വാക്യങ്ങളിൽ എപ്രകാരമാണ് ജീവിക്കേണ്ടത്, എന്തുകൊണ്ട് അനുതാപത്തിലൂടെ ദൈവത്തിലേക്ക് തിരികെ വരണം തുടങ്ങി ദൈവത്തിന് പ്രീതികരമായ ഒരു ജീവിതം നയിക്കാനുള്ള കാരണങ്ങളാണ് ദാവീദ് നിരത്തിവയ്‌ക്കുന്നത്. നാലും അഞ്ചും വാക്യങ്ങളിൽ നമ്മൾ ഇങ്ങനെയാണ് വായിക്കുന്നത്: "കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽവച്ച് ധ്യാനിച്ച് മൗനമായിരിക്കുക. ഉചിതമായ ബലികൾ അർപ്പിക്കുകയും കർത്താവിൽ ആശ്രയിക്കുകയും ചെയ്യുവിൻ" (സങ്കീ 4, 4-5). തിന്മ പ്രവർത്തിക്കുന്നവരുടെ ഇടയിൽ ആയിരിക്കുമ്പോഴും, അവർക്കെതിരെ കോപിച്ച് പാപത്തിലേക്ക് വീഴാതിരിക്കുവാനും, ദൈവത്തിൽ ആശ്വാസം കണ്ടെത്താനുമാണ് ഒരു വിശ്വാസി പരിശ്രമിക്കേണ്ടത്. മനസ്സിൽ കർത്താവിന്റെ വചനം നിറച്ച് ധ്യാനനിമഗ്നമായ ഒരു മൗനത്തിൽ സമാധാനപരമായി ജീവിക്കാനാണ് സങ്കീർത്തകൻ ഉപദേശിക്കുക. ധ്യാനവും മൗനവും പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും ഇടങ്ങളാണ്. മറ്റുള്ളവരുടെ മുന്നിൽ കാണിക്കാനെന്നതിനേക്കാൾ, ദൈവത്തിൽ വിശ്വസിച്ച്, തങ്ങളുടെ സ്വകാര്യതയിൽ, ഹൃദയത്തിൽ ആത്മാർഥമായി അനുതപിക്കുന്നത് ദൈവത്തിന്റെ പ്രീതിയിലേക്ക് നമ്മെ തിരികെ നയിക്കും. ദൈവത്തിന് ഉചിതമായ ബലികൾ അർപ്പിക്കുകയും അവനിൽ ശരണപ്പെടുകയും ചെയ്യുന്നതിലൂടെ ഒരുവൻ തന്നെത്തന്നെ ദൈവത്തിന് പ്രീതികരമായ ഇടത്തിലേക്ക് നയിക്കുന്നു. ബലിയർപ്പണം മാത്രമല്ല, ദൈവത്തിലുള്ള ആഴമേറിയ വിശ്വാസവും പ്രധാനപ്പെട്ടതാണ്.
ആറും ഏഴും വാക്യങ്ങളിൽ യഥാർത്ഥ അനുഗ്രഹം ഏതെന്ന ഒരു ചിന്തയാണ് ദാവീദ് നമ്മോട് പങ്കുവയ്ക്കുന്നത്. സങ്കീർത്തനവാക്യങ്ങൾ ഇങ്ങനെയാണ്: "ആര് നമുക്ക് നന്മ ചെയ്യും? കർത്താവെ അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ എന്ന് പലരും പറയാറുണ്ട്. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു" (സങ്കീ. 4, 6-7). ദൈവത്തിന്റെ നന്മയിലുള്ള വിശ്വാസത്തെ പാപികൾ ചോദ്യം ചെയ്യുമ്പോഴും, ദൈവം തനിക്ക് നന്മ ചെയ്യുമെന്ന, തന്നിലേക്ക് കാരുണ്യത്തിന്റെ മുഖം തിരിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. സംഖ്യയുടെ പുസ്തകം ആറാം അധ്യായം ഇരുപത്തിനാലുമുതലുള്ള വാക്യങ്ങളിൽ പുരോഹിതൻ ഉപയോഗിക്കുന്ന ആശീർവാദത്തിന്റെ വാക്കുകളാണ് ഇവിടെ നാം കണ്ടുമുട്ടുന്നത്. തന്റെ ഭക്തനിൽ പ്രസാദിക്കുമ്പോൾ, കർത്താവ് അവനെ കരുണയോടെ കടാക്ഷിക്കുകയും സമാധാനം നൽകുകയും ചെയ്യും (സംഖ്യ 6, 24-27).
"ഞാൻ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാൽ, കർത്താവെ, അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത്" എന്ന എട്ടാം വാക്യത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. സങ്കീർത്തനത്തിന്റെ മുൻവാക്യങ്ങളിൽ കണ്ട രണ്ടു കാര്യങ്ങളാണ് ഇവിടെ ആവർത്തിക്കപ്പെടുന്നത്. ദൈവത്തിൽ ആശ്രയിക്കുന്നവർക്കുള്ള സുരക്ഷിതത്വവും, ആത്മാർത്ഥമായി ഹൃദയത്തിൽ അനുതപിക്കുന്ന, ദൈവത്തെ ധ്യാനിക്കുന്ന വിശ്വാസി അനുഭവിക്കുന്ന ആത്മീയ ആശ്വാസവുമാണവ. മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലിന്റെ സ്വരം അവനെ അലട്ടുകയില്ല.
സങ്കീർത്തനം ജീവിതത്തിൽ
കർത്താവിൽ ആശ്വാസവും അഭയവും കണ്ടെത്തുവാനും, വിശ്വാസത്തിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടാതിരിക്കുവാനും സങ്കീർത്തനവരികൾ ആവശ്യപ്പെടുന്നു. നമ്മുടെ പാതകളിൽ തിന്മയുടെയും വ്യാജത്തിന്റെയും ചിന്തകൾ കടന്നുവരാതിരിക്കാനും, അപരന്റെ അഭിമാനത്തിനെതിരെ ദൂഷണം പറയാതിരിക്കാനും സങ്കീർത്തകൻ ഓർമ്മപ്പെടുത്തുന്നുണ്ട്. അനുതാപത്തിലൂടെയും, ദൈവത്തെക്കുറിച്ചുള്ള ധ്യാനത്തിലൂടെയും, പ്രാർത്ഥനയിലൂടെയും, തിരികെ ദൈവത്തിന്റെ പ്രീതിക്ക് പാത്രീഭൂതരാകുവാനും, ലൗകികമായ സമ്പത്തിലും നേട്ടങ്ങളിലും സംതൃപ്‌തി കണ്ടെത്തുന്നതിനേക്കാൾ ദൈവം ഹൃദയത്തിൽ നിക്ഷേപിക്കുന്ന ആനന്ദത്തിലും സമാധാനത്തിലും ആശ്വാസവും സന്തോഷവും കണ്ടെത്തുവാനും നമുക്കും പരിശ്രമിക്കാം. ദൈവത്തിന് പ്രീതികരമായവ ചെയ്യുവാനും, അവനിൽ ആഴമേറിയ വിശ്വാസം ജീവിക്കുവാനും, അവനോടൊപ്പം ആയിരിക്കുവാനും നമ്മുടെ ഹൃദയങ്ങളെ ക്രമപ്പെടുത്താം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: