ജനതകളും കർത്താവിന്റെ അഭിഷിക്തനും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കർത്താവിനെയും അവൻ തിരഞ്ഞെടുത്തവരെയും മാനിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ഒരു സങ്കീർത്തനമാണിത്. നന്മതിന്മകളെ തിരഞ്ഞെടുക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിന്റെ വിജയപരാജയങ്ങളാണ് നാം തിരഞ്ഞെടുക്കുന്നതെന്ന് ഒന്നാം സങ്കീർത്തനത്തിലൂടെ വിശുദ്ധഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. രണ്ടാം സങ്കീർത്തനത്തിലാകട്ടെ, ദൈവത്തിനും അവൻ തിരഞ്ഞെടുത്ത അഭിഷിക്തനുമെതിരെ പ്രവർത്തിക്കാൻ പരിശ്രമിക്കുന്നതിലെ പരിഹാസ്യതയും വിവേകമില്ലാതെ പ്രവർത്തിക്കുന്നതിന്റെ തിക്തഫലങ്ങളുമാണ് സങ്കീർത്തകൻ പരാമർശിക്കുന്നത്. ദൈവത്തിനെതിരെ മറ്റുള്ളവരോട് സംഘം ചേർന്ന് എതിർക്കുവാൻ പരിശ്രമിക്കുന്നതിനു പകരം ദൈവത്തോട് ചേർന്ന് നിൽക്കുന്നതിലെ സാംഗത്യം വിശദീകരിച്ചുകൊണ്ടാണ് പന്ത്രണ്ടു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനം അവസാനിക്കുന്നത്. ഈ സങ്കീർത്തനത്തിന്റെ പ്രധാന ഉദ്ബോധനം ദൈവത്തിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ എന്നതാണ്. ദൈവത്തെയും അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെയും എതിർത്ത് തോൽപ്പിക്കാമെന്ന ചിന്ത പരാജയത്തിലേക്കും, ദൈവത്തിന് മുൻപിൽ എളിമയോടെയും സമർപ്പണത്തോടെയുമുള്ള ജീവിതം നമ്മെ വിജയത്തിലേക്കും എത്തിക്കുമെന്നുമുള്ള ബോധ്യമാണ് സങ്കീർത്തനം നമുക്ക് നൽകുന്നത്.
കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ പ്രവർത്തിക്കുന്നവർ
സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിൽ കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ പദ്ധതികൾ തയ്യാറാക്കുന്ന ജനതകളെയും ഭരണാധിപന്മാരെയും കുറിച്ചാണ് സങ്കീർത്തകൻ എഴുതുക. ഒന്നാം വാക്യം തന്നെ മനോഹരമായൊരു ഉദ്ബോധനമാണ്. "ജനതകൾ ഇളകി മറിയുന്നതെന്തിന്? ജനങ്ങൾ എന്തിന് വ്യർത്ഥമായി ഗൂഢാലോചന നടത്തുന്നു?" (വാ.1). ദൈവത്തെ കൂടാതെയും, ദൈവത്തിനെതിരെയുമുള്ള ആലോചനകൾ വ്യർത്ഥമാണ്. ഇസ്രായേലിലെ രാജാക്കന്മാരും മുഖ്യപുരോഹിതരും അഭിഷേകത്തിലൂടെയാണ് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിരുന്നത്. "കർത്താവിനും അവിടുത്തെത്ത അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുന്നു; ഭരണാധിപന്മാർ കൂടിയാലോചിക്കുന്നു" (വാ. 2) എന്ന രണ്ടാം വാക്യത്തിൽ, സൃഷ്ടികൾ സൃഷ്ടാവിനെതിരെയും അവന്റെ തിരഞ്ഞെടുപ്പുകൾക്കെതിരെയും, തിരഞ്ഞെടുക്കപ്പെട്ടവനെതിരെയും നീങ്ങുന്നതിലെ മൗഢ്യതയാണ് വ്യക്തമാകുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ എത്രയോ ജനതകളും രാജാക്കന്മാരും ജനങ്ങളുമാണ് കർത്താവായ ദൈവത്തിനെതിരെ മുന്നോട്ടിറങ്ങിയതെന്നും, അവരുടെ ചരിത്രവും നാമവും എവിടെ അവസാനിച്ചുവെന്നും നമുക്കറിയാം. നിലനിൽക്കുന്നത് ദൈവം മാത്രമാണ്.
ദൈവത്തെക്കുറിച്ചുള്ള അറിവില്ലായ്മയും മനുഷ്യരുടെ ചിന്തകളുടെ പരിമിതിയുമാണ് മൂന്നാം വാക്യത്തിൽ നാം കാണുന്നത്. "അവർ വച്ച വിലങ്ങുകൾ തകർക്കാം; അവരുടെ ചങ്ങല പൊട്ടിച്ചു മോചനം നേടാം"(വാ. 3). പ്രപഞ്ചത്തെയും അതിലെ സകലതിനെയും സൃഷ്‌ടിച്ച ദൈവത്തിന്റെ ഹിതത്തെ വിലങ്ങും ചങ്ങലയുമായി കാണുന്നവർ അവനിലെ അനന്തമായ നന്മയെയും പിതാവിനടുത്ത സ്നേഹത്തെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. താങ്ങുവാനാകാത്ത ചുമടുകളും, ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന ചങ്ങലകളും ബന്ധനങ്ങളുമല്ല ദൈവം മനുഷ്യന് നൽകുക. തന്റെ സൃഷ്ടികളായ മനുഷ്യരുടെ ജീവിതത്തിലെ നുകങ്ങളെ ഒടിച്ചെറിഞ്ഞ്, അവരെ മക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നവനാണ് ദൈവം.
ദൈവഹിതം അനുസരിക്കാത്തവരും കർത്താവും
ദൈവഹിതത്തിനെതിരെ പ്രവർത്തിക്കുന്നവരോട് ദൈവം എപ്രകാരമായിരിക്കും പെരുമാറുക എന്ന ഒരു ചോദ്യത്തിനുള്ള സങ്കീർത്തകന്റെ ഉത്തരമാണ് നാലു മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. മനുഷ്യന്റെ അല്പത്വത്തിന് മുൻപിൽ സ്വർഗ്ഗത്തിന്റെ ഉന്നതിയിലിരിക്കുന്നവൻ ഭയപ്പെടുന്നില്ല. തങ്ങളെ സൃഷ്ടിച്ചവനെതിരെ പ്രവൃത്തിക്കുന്നവർ തങ്ങളെത്തന്നെ പരിഹാസ്യരാക്കുകയാണ്. അതുകൊണ്ടുതന്നെയാണ് "സ്വർഗ്ഗത്തിലിരിക്കുന്നവൻ അത് കേട്ട് ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു" എന്ന് സങ്കീർത്തകൻ നാലാം വാക്യത്തിൽ എഴുതുന്നത്. തനിക്കും തന്റെ അഭിഷിക്തനുമെതിരെ സംസാരിക്കുന്നവരോട് "അവിടുന്ന് കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും" (വാ. 5). മനുഷ്യരുടെ ദുഷ്പ്രവൃത്തികളുടെ മുന്നിൽ നിഷ്ക്രിയനായി നിൽക്കുന്നവനല്ല ദൈവം. കൗടില്യവും പകയും നിറഞ്ഞവർ കർത്താവിന്റെ ക്രോധം ഏറ്റുവാങ്ങേണ്ടിവരും. "എന്റെ വിശുദ്ധ പർവതമായ സീയോനിൽ ഞാനാണ് എന്റെ രാജാവിനെ വഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും" (വാ. 6). ദൈവം തിരഞ്ഞെടുത്തവന്റെ അധികാരം ദൈവത്തിൽനിന്നാണ് വരിക. ഭൂമിയിലെ അധികാരങ്ങൾക്കും രാജത്വങ്ങൾക്കുമല്ല, ദൈവം തിരഞ്ഞെടുത്ത് നിയമിച്ച കർത്താവിന്റെ അഭിഷിക്തനെയാണ് ജനം അനുസരിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തനെക്കുറിച്ചുള്ള അറിയിപ്പ്
സങ്കീർത്തനത്തിന്റെ ഏഴുമുതൽ ഒൻപതു വരെയുള്ള വാക്യങ്ങളിൽ തന്റെ തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തനോട് ദൈവത്തിനുള്ള വാത്സല്യവും അവനിലൂടെ ദുഷ്ടന് ദൈവം നൽകുന്ന ശിക്ഷയെക്കുറിച്ചുള്ള അറിയിപ്പുമാണ് നാം കാണുന്നത്. കർത്താവിന്റെ അഭിഷിക്തൻ, കർത്താവ് തന്നോട് പറഞ്ഞ വാക്കുകളാണ് ഇവിടെ വിളംബരം ചെയ്യുക. ഇസ്രയേലിന്റെ രാജാവായി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനെ ദൈവത്തിന്റെ പ്രതിനിധിയായാണ് ഈ വാക്യങ്ങളിൽ അവതരിപ്പിക്കുന്നത്. പിതാവ് ജന്മം നൽകിയ പുത്രനാണവൻ. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനുമാണവൻ. എട്ടാം വാക്യം ഈ അഭിഷിക്തന്റെ ഉന്നതസ്ഥാനം വ്യക്തമാക്കുന്നുണ്ട്. "ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും" (വാ. 8). കർത്താവിനെതിരെ നിൽക്കുന്ന ജനതകളുടെമേലുള്ള വിധി നടപ്പാക്കുക കർത്താവിന്റെ അഭിഷിക്തനാണ്. "ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകർക്കും, മൺപാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും" ദൈവത്തിന്റെ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കുവാനുള്ള കഴിവ് രാജാക്കന്മാർക്കോ ഭരണാധിപന്മാർക്കോ ഇല്ല. ദൈവത്തിനെതിരെ, അവന്റെ പദ്ധതികൾക്കും, അവന്റെ അഭിഷിക്തനുമെതിരെ നീങ്ങുവാൻ പരിശ്രമിക്കുന്നവൻ തന്റെ തന്നെ നാശമാണ് തിരഞ്ഞെടുക്കുന്നത്.
ജനതകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ മുന്നറിയിപ്പ്
തന്നോടും തന്റെ അഭിഷിക്തനോടും ജനതകളും രാജാക്കന്മാരും എപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന അറിയിപ്പാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്. "രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിൻ, ഭൂമിയുടെ അധിപന്മാരെ, സൂക്ഷിച്ചുകൊള്ളുവിൻ. ഭയത്തോടെ കർത്താവിന് ശുശ്രൂഷ ചെയ്യുവിൻ; വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിൻ; അല്ലെങ്കിൽ അവിടുന്ന് കോപിക്കുകയും നിങ്ങൾ വഴിയിൽവച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തിൽ ജ്വലിക്കുന്നു. കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ" (വാ. 10-12). കർത്താവിന്റെ മുൻപിൽ വിവേകത്തോടെ ചരിക്കുവാനുള്ള ആഹ്വാനമാണ് സങ്കീർത്തകൻ നൽകുന്നത്. ദൈവത്തിന് മുൻപിലും അവന്റെ ഹിതങ്ങൾക്ക് മുൻപിലും എളിമയോടെ വർത്തിക്കുവാനും, ഭയത്തോടെ അവന് ശുശ്രൂഷ ചെയ്യുവാനാണ് വിവേകമുള്ളവർ പരിശ്രമിക്കേണ്ടത്. അധികാരികളുടെയും ഉയർന്നവരുടെയും മുൻപിൽ താഴ്ന്നുനിൽക്കുന്നതിലൂടെ അവരുടെ പ്രീതി നേടുന്നതുപോലെ, ദൈവത്തിന് മുൻപിൽ എളിമയോടെ വർത്തിച്ച് അവന്റെ പ്രീതിക്ക് പാത്രീഭൂതരാവുകയും, അവന്റെ കോപത്തിൽനിന്ന് രക്ഷനേടുകയുമാണ് ജനതകളും രാജാക്കന്മാരും ചെയ്യേണ്ടതെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ ശരണപ്പെട്ട്, അവനിൽ ആശ്രയമർപ്പിച്ച് ജീവിക്കുന്നത് അനുഗ്രഹപ്രദമാണ്.
സങ്കീർത്തനം ജീവിതത്തിൽ
രണ്ടാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, നന്മതിന്മകളെ തിരിച്ചറിയുവാൻ കഴിവുള്ള നാം ജീവിതത്തിൽ ഏതുതരം തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും, എപ്രകാരമാണ് ദൈവത്തിന് മുൻപിൽ വർത്തിക്കേണ്ടതെന്നും സങ്കീർത്തകനിലൂടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് കാണാം. നമ്മോടും അവൻ പറയുന്നുണ്ട്; 'വിവേകമുള്ളവരായിരിക്കുവിൻ, ഭയത്തോടെ കർത്താവിന് ശുശ്രൂഷ ചെയ്യുവിൻ'. നമ്മുടെ വാക്കുകളും പ്രവൃത്തികളും, ചിന്തകളും തീരുമാനങ്ങളും കർത്താവിന്റെ പ്രീതി നേടിത്തരുന്നവയായിരിക്കണമെന്ന് സങ്കീർത്തനവാക്യങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അവന്റെ പദ്ധതികളും ഉപദേശങ്ങളും നിയമങ്ങളും, വിലങ്ങുകളോ ചങ്ങലകളോ അല്ല, മറിച്ച് നമ്മുടെ നന്മയ്ക്കും രക്ഷയ്ക്കുമുള്ള ഉപാധികളാണെന്ന് തിരിച്ചറിയാം. കർത്താവിനും അവന്റെ അഭിഷിക്തനുമെതിരെ പ്രവർത്തിച്ച് ലോകത്തിനും ദൈവത്തിനും മുൻപിൽ പരിഹാസ്യരാകാതിരിക്കാം. നമ്മുടെ പരിമിതികളെയും, ദൗർബല്യങ്ങളെയും തിരിച്ചറിഞ്ഞ്, കരുതലിന്റെ ദൈവത്തിൽ ശരണം വയ്ക്കുകയും കർത്താവിനാൽ അനുഗ്രഹീതരാവുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: