തിരയുക

യുദ്ധത്തിന്റെ കെടുതികളിൽപ്പെട്ട് കുട്ടികൾ യുദ്ധത്തിന്റെ കെടുതികളിൽപ്പെട്ട് കുട്ടികൾ 

സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ബുദ്ധിമുട്ടുന്നത് അഞ്ച് കോടിയിലധികം കുട്ടികൾ: യൂണിസെഫ്

മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങളിലും മാത്രം അഞ്ചേകാൽ കോടിയിലധികം കുട്ടികൾ സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും മാത്രം അഞ്ചു കോടി ഇരുപത്തിയേഴ് ലക്ഷത്തിലധികം കുട്ടികൾ ഈ പ്രദേശങ്ങളിൽ നിരന്തരമായി തുടരുന്ന യുദ്ധങ്ങളുടെയും ആഭ്യന്തരസംഘർഷങ്ങളുടെയും പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ കുട്ടികളെ സഹായിക്കുന്നതിനായി 2023-ൽ 2.6 ബില്യൺ യുഎസ് ഡോളറിന്റെ ധനശേഖരണം നടത്തുന്നതിനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് യൂണിസെഫ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ബുദ്ധിമുട്ടനുഭവിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. സിറിയയിൽ മാത്രം ഏതാണ്ട് അറുപത്തിയഞ്ച് ലക്ഷം കുട്ടികളാണ് കഴിഞ്ഞ 12 വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ബുദ്ധിമുട്ടുന്നത്. യെമെനിലെ ലോകത്തിൽ നിലവിലെ ഏറ്റവും മോശമായ മാനവികപ്രതിസന്ധിയിലൂടെയാണ് ജനം കടന്നുപോകുന്നത്. ഇരു രാജ്യങ്ങളിലും ഏതാണ്ട് ഭൂരിഭാഗം കുട്ടികളും സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്.

നിലവിൽ ഈ പ്രദേശങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കവെ, “മേഖലയിലെ പകുതിയോളം രാജ്യങ്ങളും പ്രതിസന്ധികൾ അനുഭവിക്കുന്നവയോ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവയോ ആയതിനാൽ, അവിടെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ നാശനഷ്ടം അനുഭവിക്കുന്നതെന്നും അവർക്കാണ് കൂടുതൽ സഹായം ആവശ്യമുള്ളതെന്നും മധ്യപൂർവ്വദേശങ്ങൾക്കും വടക്കൻ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫിന്റെ പ്രാദേശിക ഡയറക്ടർ ആദെൽ ഖോദർ പറഞ്ഞു. വർഷം തോറും ഇവിടങ്ങളിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനോനിൽ വളർന്നുവരുന്ന പ്രതിസന്ധികളും സുഡാനിലെ അസ്ഥിരതയും മൂലം ഇവിടെയും കുട്ടികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലേക്കാണ് പോകുന്നത്.

2022-ൽ മാത്രം ഈ പ്രദേശങ്ങളിലെ ഏതാണ്ട് മൂന്ന് കോടിയോളം കുട്ടികൾക്ക് സഹായസഹകരണങ്ങൾ എത്തിക്കാനായെന്ന് യൂണിസെഫ് അറിയിച്ചു. ഒന്നര കോടിയോളം കുടുംബങ്ങൾക്ക് സാമ്പത്തികസഹായമേകാനും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിക്ക് കഴിഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഡിസംബർ 2022, 16:01