തിരയുക

സെർബിയ കൊസോവോ അതിർത്തിയിൽനിന്നുള്ള ദൃശ്യം സെർബിയ കൊസോവോ അതിർത്തിയിൽനിന്നുള്ള ദൃശ്യം 

കൊസോവോ സെർബിയ തർക്കം അയയുന്നു

കൊസോവോ സെർബിയ രാജ്യങ്ങളുടെ അതിർത്തിയിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകശക്തികളെത്തന്നെ ആശങ്കയിലാക്കിയ കൊസോവോ സെർബിയ പിരിമുറുക്കത്തിന് അയവു വന്നു. യൂറോപ്യൻ യൂണിയനും അമേരിക്കയും, കൊസോവോയും സെർബിയയും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിവരികയാണ്. സെർബിയ അതിന്റെ സൈന്യത്തെ അതിജാഗ്രതയിൽ ആയിരിക്കാൻ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് ഈ മേഖലയിൽ സംഘർഷമേറിയത്.

ഒരു മുൻ സെർബിയൻ പോലീസുകാരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്, സെർബിയ തങ്ങളുടെ അതിർത്തിപ്രദേശത്ത് റോഡ് തടസപ്പെടുത്തിയതിനെത്തുടർന്നാണ് ഇവിടെ സംഘർഷം ഉടലെടുത്തത്. കൊസോവോ സെർബിയ രാജ്യങ്ങൾക്കിടയിലെ പ്രധാന അതിർത്തിയിലെ തടസങ്ങൾ കൊസോവോ മാറ്റിയതിനെത്തുടർന്ന്, സെർബിയയും അവരുടെ വഴികൾ വീണ്ടും തുറക്കുകയായിരുന്നു. എന്നാൽ പിന്നീട് സെർബിയയിലെ മറ്റു മാർഗ്ഗതടസങ്ങളും മാറ്റുമെന്ന് നേരത്തെ അറിയിച്ചുവെങ്കിലും, ഡിസംബർ 29 വ്യാഴാഴ്ചയും പലയിടത്തും റോഡുകൾ ഭാഗികമായെങ്കിലും അടഞ്ഞാണ് കിടക്കുന്നത്..

കൊസോവോയുടെ വടക്കുഭാഗത്ത് താമസിക്കുന്ന അമ്പതിനായിരത്തോളം വരുന്ന സെർബിയക്കാർ ഇപ്പോഴും കൊസോവോയെ മറ്റൊരു രാജ്യമായി അംഗീകരിക്കുന്നില്ല. സെർബിയൻ ഗവൺമെന്റിന്റെയും സെർബിയൻ പൗരന്മാരുടെയും ഒത്താശയോടെയാണ് ഇവരുടെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊസോവോയുടെ സ്വാതന്ത്ര്യം, അതിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യരാജ്യങ്ങളും, സെർബിയയെ പിന്തുണയ്ക്കുന്ന റഷ്യയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുവാനുള്ള കാരണമായി മാറിയിട്ടുണ്ട്. കൊസോവോയെ അസ്ഥിരപ്പെടുത്താനായാണ് റഷ്യ സെർബിയയിൽ സ്വാധീനം കൊണ്ടുവന്നിരിക്കുന്നതെന്ന്, കൊസോവോയുടെ ആഭ്യന്തരവകുപ്പ് മന്ത്രി പ്രസ്താവിച്ചതിനെ ക്രെംലിൻ കഴിഞ്ഞ ബുധനാഴ്ച തള്ളിക്കളഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഡിസംബർ 2022, 15:43