ലോക നേതാക്കൾ നീതിയുടെയും അനുരഞ്ജനത്തിൻറെയും പാതയിൽ നയിക്കപ്പെടട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശക്തിയും സ്വാർത്ഥതയുമല്ല, പ്രത്യുത, സാമീപ്യവും സഹാനുഭൂതിയും ആണ് ദൈവത്തിൻറെ വഴിയെന്ന് യൂറോപ്പിലെ ക്രൈസ്തവ നേതാക്കൾ.
യൂറോപ്യൻ സമിതിയിലെ കത്തോലിക്കമെത്രാന്മാരുടെ സമിതിയുടെ (COMECE) അദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ ക്ലോഡ് ഹോളെറിക്കും യൂറോപ്യൻ സഭകളുടെ സമിതിയുടെയും (CEC) ഫ്രാൻസിലെ പ്രൊട്ടസ്റ്റൻറ് സംയുക്തസമിതിയുടെയും പ്രസിഡൻറ് റെവറൻറ് ക്രിസ്റ്റ്യൻ ക്രീഗെറും ഉക്രൈയിൻ യുദ്ധത്തിൻറെ പശ്ചാത്തലിത്തിൽ ഒപ്പുവച്ച് പുറപ്പെടുവിച്ച തിരുപ്പിറവിത്തിരുന്നാൾ സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്. ഈ സന്ദേശത്തിന് അനുബന്ധമായി ഒരു പ്രാർത്ഥനയും ചേർത്തിട്ടുണ്ട്.
ഇക്കൊല്ലം ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ ആരംഭിച്ച നിഷ്ഠൂര യുദ്ധത്തിൻറെ ഫലമായ കടുത്തയാതനകളനുഭവിക്കുന്നവരെയും അവിടെ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായവരെയും അനുസ്മരിക്കുന്ന ഈ സഭാ നേതാക്കൾ ഈ രക്തച്ചൊരിച്ചിൽ നരുകുലത്തിനേറ്റിരിക്കുന്ന തുറന്ന മുറിവാണെന്ന് കുറ്റപ്പെടുത്തുകയും യുദ്ധത്തിൻറെ കരിനിഴൽ കൂടുതൽ പരന്നുകൊണ്ടിരിക്കയാണെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഉക്രൈയിനിൽ സമാധാനം സംജാതമാകുന്നതിനായി തിരുപ്പിറവി ആഘോഷം ആസന്നമായിരിക്കുന്ന ഈ വേളയിൽ പ്രത്യേകം പ്രാർത്ഥിക്കാൻ അവർ എല്ലാവരെയും ക്ഷണിക്കുന്നു. ലോകനേതാക്കളെ ജ്ഞാനത്താലും ആർജ്ജവത്താലും സഹാനുഭൂതിയാലും നിറയ്ക്കാനും അവരുടെ ചുവടുകളെ നീതിയുടെയും അനുരഞ്ജനത്തിൻറെയും പാതയിൽ നയിക്കുന്നതിനും സത്യത്തിൻറെയും നീതിയുടെയും വാക്കുകൾ സംസാരിക്കാൻ സഭാ നേതാക്കൾക്ക് സാധിക്കുന്നതിന് അവർക്ക് വിവേചനബുദ്ധിയും നിശ്ചയദാർഢ്യവും ധൈര്യവും പകർന്നു നല്കുന്നതിനും യുറോപ്പിലെ ക്രൈസ്തവസഭകൾ പ്രാർത്ഥിക്കുന്നു. റഷ്യക്കാർക്കും അക്രമവും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായി അഭ്യർത്ഥിക്കുന്നവർക്കും അക്രമത്തിനെതിരെ സ്വരമുയർത്തിയതിന് പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നവർക്കും വേണ്ടിയും പ്രാർത്ഥനകൾ ഉയരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: