“ഇന്നും നാളെയും”: കുട്ടികളുടെ സംരക്ഷണത്തിനായി യൂണിസെഫ് പദ്ധതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
"ഇന്നും നാളെയും" (Today and Tomorrow) എന്ന പേരിൽ, കുട്ടികളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതിയുമായി യൂണിസെഫ്. ചുഴലിക്കാറ്റിന്റെ ഭീഷണിസാധ്യതയുള്ള എട്ടു രാജ്യങ്ങളിലെ ഒന്നരക്കോടിയോളം കുട്ടികളുടെയും യുവജനങ്ങളുടെയും സംരക്ഷണത്തിനായാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ പദ്ധതി ആരംഭിച്ചത്. കാലാവസ്ഥാവ്യതിയാനങ്ങളുടെ കൂടി ഫലമായി ചുഴലിക്കാറ്റ് മൂലമുള്ള ദുരന്തഫലങ്ങളുടെ വ്യാപ്തി വര്ധിക്കുന്നതിന്റെകൂടി പശ്ചാത്തലത്തിലാണ് സാമ്പത്തികസഹായം കൂടി ഉൾപ്പെടുന്ന ഈ പുതിയ പദ്ധതി.
യൂണിസെഫിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഇപ്പോൾ ലോകത്തെമ്പാടുനിന്നുമുള്ള ഏതാണ്ട് നാൽപ്പത് കോടിയോളം, അതായത് ആറിൽ ഒന്ന് എന്ന കണക്കിൽ, കുട്ടികൾ ചുഴലിക്കാറ്റിന്റെ കെടുതികൾക്ക് വിധേയരാകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. അടുത്ത മൂന്ന് വർഷങ്ങളിലേക്കായി തയ്യാറാക്കിയിരിക്കുന്ന "ഇന്നും നാളെയും" എന്ന പ്രാരംഭപരിപാടി ലോകത്ത് എട്ടു രാജ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബംഗ്ലാദേശ്, കൊമോറസ്, ഹൈതി, ഫിജി, മഡഗാസ്കർ, മൊസാമ്പിക്, സോളമൻ ദ്വീപുകൾ, വാനുവാടു ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലാണ് യൂണിസെഫ് കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ഈ പദ്ധതി പ്രാവർത്തികമാക്കുക.
കാലാവസ്ഥാവ്യതിയാനം മൂലമുള്ള അപകടസാധ്യതകൾ സങ്കല്പികമല്ലെന്നും, വിവിധയിടങ്ങളിൽ ദുരന്തങ്ങൾക്കെതിരെ പ്രതിരോധമാർഗ്ഗങ്ങൾ വളർത്തിയെടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും കുട്ടികൾക്കുള്ള അപകടസാധ്യതകൾ കൂടുതലായി തടയുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന്, പങ്കാളിത്തപദ്ധതികൾക്കുവേണ്ടിയുള്ള യൂണിസെഫ് ഡെപ്യൂട്ടി ഡയറക്ടർ കരിൻ ഹൾഷോഫ് പറഞ്ഞു.
മൂന്ന് കോടിയോളം ഡോളറിന്റെ പ്രാരംഭ പദ്ധതികളാണ് യൂണിസെഫ് തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളിൽനിന്ന് കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ സംഭാവന നൽകുവാൻ പൊതു-സ്വകാര്യ പങ്കാളികളോട് യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: