വംശീയവിവേചനം കുട്ടികളിലുണ്ടാക്കുന്ന ആഘാതം വലുത്: യൂണിസെഫ് റിപ്പോർട്ട്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബാല്യത്തിന്റെയും കൗമാരത്തിന്റെയും ആഗോളദിനാഘോഷവുമായി ബന്ധപ്പെട്ട് "നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ: കുട്ടികളിൽ വിവേചനത്തിന്റെ ആഘാതം" എന്ന പേരിൽ പുറത്തിറക്കിയ പുതിയ ഒരു റിപ്പോർട്ടിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളിൽ പലരും ശക്തമായ വംശീയവിവേചനം നേരിടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വ്യക്തമാക്കി. ഈ റിപ്പോർട്ട് പ്രകാരം, വംശീയത, ഭാഷ, മതം എന്നിവയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ വംശീയതയും വിവേചനവും ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇപ്പോഴും വ്യാപകമാണ്. ഇരുപത്തിരണ്ടു രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിസെഫ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.
ജനനവിവരങ്ങൾ രേഖപ്പെടുത്തുന്നതിൽപ്പോലും വിവിധ മത-വംശീയ വിഭാഗങ്ങളിലെ കുട്ടികൾക്കിടയിൽ അസമത്വമുണ്ടെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കി. നാലു ലക്ഷത്തോളം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ കണക്കുകൾ പ്രകാരം, തങ്ങളുടെ ഇടയിൽ വിവേചനം സാധാരണമായ ഒന്നാണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു എന്നും, ഇവരിൽ പകുതിയോളം പേർ തങ്ങളുടെയോ, തങ്ങളുമായി ബന്ധപ്പെട്ട മറ്റാളുകളുടെയോ ജീവിതത്തിൽ വിവേചനത്തിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.
“വ്യവസ്ഥാപിതമായ വംശീയതയും വിവേചനവും കുട്ടികളെ പലയിടങ്ങളിലും, അവസരങ്ങളിലും നിന്ന് ആജീവനാന്തം ഒഴിവാക്കുന്നു എന്നും, കുട്ടികൾ, അവർ എവിടെനിന്നായാലും, ആരായാലും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത്, കൂടുതൽ സമാധാനപരവും, സമൃദ്ധവും, നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗ്ഗമാണെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു.
കുട്ടികൾക്കെതിരായ വിവേചനങ്ങൾ ഒഴിവാക്കണമെന്നും, അവയ്‌ക്കെതിരെ പോരാടണമെന്നും ആവശ്യപ്പെട്ട യൂണിസെഫ് മേധാവി, എല്ലാ കുട്ടികൾക്കും സംരക്ഷണത്തിനും, തങ്ങളുടെ സാദ്ധ്യതകൾ സഫലീകരിക്കാൻ വേണ്ട അവസരങ്ങൾക്കും തുല്യഅവകാശമുണ്ടെന്ന് കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: