ഹെയ്തിയിൽ കുട്ടികൾക്കിടയിൽ കോളറ പടരുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കരീബിയൻ രാജ്യമായ ഹെയ്തിയിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി പടർന്നുകൊണ്ടിരിക്കുന്ന കോളറയുടെ ഇരകളിൽ അഞ്ചിൽ രണ്ടും കുട്ടികളാണെന്നും, ഇതുവരെ ആയിരത്തോളം കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് അറിയിച്ചു. പതിനായിരത്തിലേറെപ്പേർക്ക് കോളറ ബാധിച്ചതായി സംശയിക്കുന്നു. നിലവിൽ കഴിഞ്ഞ രണ്ടു മാസങ്ങളിൽ 188 പേരാണ് കോളറ ബാധിച്ച് മരണമടഞ്ഞത്.
കോളറ പകർച്ചവ്യാധി ഹെയ്തിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം അസുഖം ബാധിച്ചവരിൽ പത്തിൽ ഒൻപതു പേരും രാജ്യത്തെ പോഷകാഹാരപ്രതിസന്ധി ഏറ്റവും ബാധിച്ച പ്രദേശങ്ങളിൽനിന്നുള്ളവരാണ്. ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾക്ക് കോളറ ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും, മരണസാധ്യത മൂന്നിരട്ടിയാണെന്നും യൂണിസെഫ് അറിയിച്ചു.
ഹെയ്തിയിലെ കുട്ടികളുടെ സ്ഥിതിയെക്കുറിച്ച് സംസാരിക്കവെ, രാജ്യത്ത് കുട്ടികൾ പ്രധാനമായും, പോഷകാഹാരക്കുറവ്, കോളറ, സായുധ ആക്രമണങ്ങൾ എന്നീ മൂന്ന് തരത്തിലുള്ള ഭീഷണികളാണ് നേരിടുന്നതെന്ന് യൂണിസെഫിന്റെ എമർജൻസി പ്രോഗ്രാം ഓഫിസ് ഡയറക്ടർ മാനുവൽ ഫോണ്ടെയ്ൻ പറഞ്ഞു. ഹെയ്തിയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നവംബർ ഇരുപത്തിയൊന്ന് വരെ 924 കോളറ കേസുകളും 188 കോളറ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാലു ദിവസം നീണ്ട ഹെയ്തി സന്ദർശനത്തിനൊടുവിൽ യൂണിസെഫ് പ്രതിനിധി അറിയിച്ചു.
കടുത്ത അരക്ഷിതാവസ്ഥയുടെയും അസ്ഥിരതയുടെയും പശ്ചാത്തലത്തിൽ യൂണിസെഫ്, ഹെയ്തി അധികാരികളുടെയും മറ്റു സഹകാരികളുടെയും സഹകരണത്തോടെ കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അടുത്ത അഞ്ച് മാസങ്ങളിൽ കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തങ്ങൾ ഊർജ്ജിതമാക്കുന്നതിനും, പതിനാല് ലക്ഷത്തോളം ആളുകൾക്ക് ശുദ്ധജലവും പോഷകാഹാരവും ഒപ്പം ആരോഗ്യ, സുരക്ഷാമേഖലകളിൽ സഹായവുമെത്തിക്കുന്നതിന് ഏതാണ്ട് മൂന്ന് കോടി ഡോളറിന്റെ ധനസഹായമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: