സാന്ത് എജിദിയോ സമൂഹം: മാനുഷിക ഇടനാഴി വഴി എത്തിയ 152 അഫ്ഗാൻ അഭയാർത്ഥികളെ റോമിലേക്ക് സ്വാഗതം ചെയ്തു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റലി, യൂറോപ്പിലെ മാനുഷിക ഇടനാഴികൾക്ക് നേതൃത്വം നൽകണം, ഇനി ഇത് ഒരു പരീക്ഷണപരമായ പദ്ധതിയായല്ല മറിച്ച് ഉറപ്പിച്ച ഒന്നായി യൂറോപ്യൻ യൂണിയനോടു നിർദ്ദേശിക്കണമെന്നും അഭിപ്രായപ്പെട്ടു കൊണ്ടാണ് ഇറ്റാലിയൻ ഭരണകൂടത്തിന്റെ പെരുമാറ്റചട്ടവും ഇസ്ലാമാബാദിലെ ഇറ്റാലിയൻ എംബസിയുടെ സഹകരണവും മൂലം മാനുഷിക ഇടനാഴികളിലൂടെ പാകിസ്ഥാനിൽ നിന്ന് ഇന്ന് രാവിലെ എത്തിയ 152 അഫ്ഗാൻ അഭയാർഥികളെ സാന്ത് എജിദിയോ സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇംപാഗ്ലിയാസോ സ്വാഗതം ചെയ്തത്.
ഇറ്റാലിയൻ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ജുസെപ്പെ ബത്തൂരി, എഫ്‌സിഇഐ കൗൺസിൽ അംഗം ലിബെറോ സിയുഫ്രെഡ, ആർസിയുടെ ദേശീയ ഇമിഗ്രേഷൻ മാനേജർ ഫിലിപ്പോ മിറാല്ലിയ എന്നിവരും അഭയാർത്ഥികളെ സ്വീകരിക്കാനെത്തിയിരുന്നു.
2021ആഗസ്റ്റിൽ, അഫ്ഗാനിസ്ഥാന്റെ അതിർത്തികൾ അടച്ചപ്പോൾ, തങ്ങൾ അവരെ മറക്കില്ല എന്ന് ചെയ്ത വാഗ്ദാനം അനുസ്മരിച്ചുകൊണ്ട് അവരെ മറന്നില്ല എന്നും അവർക്കായി ഒരു വീട് ഒരുക്കി ഇന്ന് അവരെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നും ഇവിടെ ഇറ്റലിയിൽ ഒരു പൊതുഭാവി കെട്ടിപ്പടുക്കാൻ തങ്ങളെ സഹായിക്കണമെന്നും ഇംപാഗ്ലിയാസോ അവരോടു പറഞ്ഞു.
ഒരു വർഷത്തിലേറെയായി പാകിസ്ഥാനിൽ അഭയാർത്ഥികളായി കഴിഞ്ഞ അഫ്ഗാൻ പൗരന്മാരെ വിവിധ ഇറ്റാലിയൻ പ്രദേശങ്ങളിലെ സംഘടനകളും, സന്യാസ സഭകളും, സമൂഹങ്ങളും, വ്യക്തിഗത പൗരന്മാരും സ്വീകരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളെ വിദ്യാലയങ്ങളിലേക്കും, മറ്റുള്ളവരെ ഇറ്റാലിയൻ ഭാഷ പഠിപ്പിക്കുകയും ചെയ്ത ശേഷം അഭയാർത്ഥികൾക്കുള്ള അനുവാദം തേടി ജോലിയിൽ പ്രവേശിപ്പിക്കുകയാണ് ലക്ഷ്യം.
5,300-ലധികം അഭയാർത്ഥികൾ യൂറോപ്പിൽ എത്തിയിട്ടുണ്ട്, അതിൽ 1,800-ലധികം യുക്രേനിയൻ പൗരന്മാരാണ്. ഇവരെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സാന്റ് എജിദിയോ സമൂഹമാണ് സ്വാഗതം ചെയ്യുന്നത്. വരും ദിവസങ്ങളിൽ ലെബനനിൽ നിന്നും ലിബിയയിൽ നിന്നും കൂടുതൽ പേർ റോമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: