തിരയുക

സങ്കീർത്തനചിന്തകൾ - 149 സങ്കീർത്തനചിന്തകൾ - 149 

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തെ സ്തുതിക്കട്ടെ

വചനവീഥി: നൂറ്റിനാൽപ്പത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിനാൽപ്പത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവസ്തുതിക്ക് ആഹ്വാനം ചെയ്യുന്ന, ഹല്ലേലൂയ ഗീതങ്ങൾ എന്നറിയപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ നാലാമത്തേതാണ് നൂറ്റിനാൽപ്പത്തിയൊൻപതാം സങ്കീർത്തനം. ഈ സങ്കീർത്തനവും ദൈവസ്‌തുതിക്കുള്ള ആഹ്വാനത്തോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. പുതിയ കീർത്തനങ്ങളാലും ആഘോഷപരമായ നൃത്തച്ചുവടുകളാലും ദൈവത്തെ സ്‌തുക്കുവാൻ സങ്കീർത്തകൻ ഇസ്രായേൽ ജനത്തെ ആഹ്വാനം ചെയ്യുന്നു. തന്റെ ജനത്തിന് ദൈവം വിജയം നൽകുവാൻ തീരുമാനിച്ചതിനാലാണിത്. അടിമത്തകാലത്തുനിന്നുള്ള മോചനം വിവരിക്കുന്ന പുറപ്പാട് സംഭവവും, ദൈവത്തിന്റെ തീരുമാനങ്ങളനുസരിച്ച് സഞ്ചരിക്കുവാനുള്ള തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ കടമയെക്കുറിച്ചുള്ള അറിവും ഈ സങ്കീർത്തനത്തിന്റെ രചനയിൽ പ്രേരകമായിട്ടുണ്ടാകാം. ദൈവം തന്റെ ജനത്തിന് മഹത്വം നൽകുകയും അവരുടെ സ്തുതിഗീതങ്ങളിൽ ആനന്ദിക്കുകയും ചെയ്യുന്നു. ദൈവത്തിന് സ്തുതിയർപ്പിക്കുന്ന ദൈവജനം അവൻ നൽകിയ അനുഗ്രഹങ്ങൾക്കാണ് നന്ദി പറയുന്നത്. ദൈവത്തിനുള്ള നന്ദി യഥാർത്ഥത്തിൽ അവന്റെ അനുഗ്രഹങ്ങളുടെ ഓർമ്മകൾ ആഘോഷിക്കുന്ന പ്രവൃത്തിയാണ്. തങ്ങളുടെ സന്തോഷദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളെ ഓർത്ത് ദൈവത്തിന് മുൻപിൽ പരാതിയുടെയും വിലാപത്തിന്റെയും ഉൾപ്പെടെ വിഭിന്നവിചാരങ്ങളോടെ നിൽക്കുന്ന ജനത്തെക്കുറിച്ചായിരുന്നു ഇതുവരെയുള്ള സങ്കീർത്തനങ്ങളെങ്കിൽ, അവസാന അഞ്ചു സങ്കീർത്തനങ്ങൾ ദൈവത്തിനുള്ള സ്തുതിയുടേത് മാത്രമാണ്. ഒരു വിശ്വാസിയുടെ ആത്മീയജീവിതത്തിന്റെ മൊത്തം കണക്കെടുക്കുമ്പോൾ, പലപ്പോഴും തിരിച്ചറിയുവാൻ അവന് സാധിച്ചിരുന്നില്ലെങ്കിലും, ദൈവപരിപാലനയുടെയും, മാനുഷിക പദ്ധതികളെക്കാൾ മെച്ചപ്പെട്ട ദൈവികപദ്ധതികളുയുടേയും നിമിഷങ്ങളിലൂടെയായിരുന്നു അവൻ കടന്നുപോയിരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.

ഇസ്രായേൽജനം ദൈവത്തിന് സ്തുതിയേകട്ടെ

സങ്കീർത്തനത്തിന്റെ നല്ലൊരു ഭാഗവും, ദൈവസ്‌തുതി ആലപിക്കുവാനുള്ള ആഹ്വാനമാണ്. ഒന്നുമുതൽ മൂന്ന് വരെയുള്ള വാക്യങ്ങളും അഞ്ചാം വാക്യവും ഇതാണ് വ്യക്തമാക്കുന്നത്. "കർത്താവിനെ സ്തുതിക്കുവിൻ; കർത്താവിന് പുതിയ കീർത്തനം ആലപിക്കുവിൻ; വിശുദ്ധരുടെ സമൂഹത്തിൽ അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ" (വാ. 1). മറ്റു ഹല്ലേലൂയാ ഗീതങ്ങളുടെ ശൈലിയിൽത്തന്നെയാണ് ഈ സങ്കീർത്തനവും ആരംഭിക്കുന്നത്. വിശ്വാസജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഗ്രഹങ്ങളും പുതിയ അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ പുതിയ കീർത്തനങ്ങൾ പാടി ദൈവത്തെ സ്തുതിക്കുവാനാണ് സങ്കീർത്തകൻ വിശ്വാസിസമൂഹത്തെ ക്ഷണിക്കുന്നത്. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ നവ്യമായ ഗാനാലാപം ദൈവത്തിന്റെ കാതുകളിലും സന്തോഷമാണുളവാക്കുക. അത് കൂടുതലായി അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നതിനും കാരണമാകും. വിശുദ്ധരുടെ സമൂഹത്തിൽ, മറ്റുള്ളവർക്ക് സാക്ഷ്യമേകി ദൈവത്തെ സ്തുതിക്കുവാനാണ് സങ്കീർത്തകൻ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനം മുഴുവനും ദൈവത്തോട് ചേർന്ന് നിൽക്കുന്നതിന് ഈ സാക്ഷ്യം കാരണമായേക്കാം. ഇസ്രായേൽജനത്തിനും സീയോനും യാഹ്‌വെ എന്ന ദൈവം ആരാണെന്ന് നമുക്ക് വ്യക്തമാക്കിത്തരുന്നതാണ് "ഇസ്രായേൽ തന്റെ സൃഷ്ടാവിൽ സന്തോഷിക്കട്ടെ! സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ" വാ. 2). എന്ന രണ്ടാമത്തെ വാക്യം.  ലോകത്തിന്റെ മുഴുവൻ സൃഷ്ടാവായ ദൈവത്തിന് ഇസ്രായേൽജനം സ്തുതിയേകുന്നതിന് കാരണം, അവൻ തങ്ങളുടെ രാജാവാണ് എന്നതാണ്. ദൈവത്തിന്റെ രാജത്വത്തിന്റെയും സംരക്ഷണത്തിന്റെയും കീഴിൽ സമാധാനത്തോടെ വസിക്കാൻ കഴിയുക എത്ര വിശിഷ്ടമാണ്. സീയോന്റെ രാജാവായ ദൈവം, തിരഞ്ഞെടുക്കപ്പെട്ട ജനം മുഴുവന്റെയും അധിപനാണ്. "നൃത്തം ചെയ്തുകൊണ്ട് അവർ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവർ അവിടുത്തെ സ്തുതിക്കട്ടെ! (വാ. 3) എന്ന മൂന്നാം വാക്യമാകട്ടെ എത്രമാത്രം ആഘോഷപൂർണ്ണമായാണ് ദൈവത്തെ സ്തുതിക്കുവാൻ ജനം തയ്യാറാകേണ്ടതെന്ന് വ്യക്തമാക്കുന്നു. നൃത്തവും, തപ്പും കിന്നാരവും തികച്ചും വലിയൊരു ആഘോഷച്ചടങ്ങിന്റെ ചിത്രമാണ് നമുക്ക് മുൻപിൽ കൊണ്ടുവരിക. "വിശ്വസ്തജനം ജയാഘോഷം മുഴക്കട്ടെ! അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദം കൊണ്ട് പാടട്ടെ" (വാ. 5). ദൈവാനുഗ്രഹങ്ങൾക്ക് അതിരുകളില്ലാത്തതുപോലെ, ദൈവസ്തുതിയുടെ വാക്കുകൾക്കും പ്രവൃത്തികൾക്കും അതിരുകളില്ല. കിടക്കയിലായിരിക്കുന്ന സമയത്തെപ്പോലും ദൈവസ്തുതിയുടേതാക്കി മാറ്റുവാനാണ് സങ്കീർത്തകൻ ജനത്തെ ആഹ്വാനം ചെയ്യുന്നത്.

വിജയമേകുന്ന ദൈവം

എന്തുകൊണ്ട് ദൈവത്തിന് നന്ദിയേകണം എന്ന ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് സങ്കീർത്തനത്തിന്റെ നാലാം വാക്യം. "എന്തെന്നാൽ, കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്ന് വിജയമണിയിക്കുന്നു (വാ. 4). അനേകജനതകളുടെ ഇടയിൽ ദൈവം ഇസ്രയേലിനെ പ്രത്യേകമായി തിരഞ്ഞെടുത്തു എന്നതും, തങ്ങളുടെ ശത്രുക്കളുടെമേൽ അവർക്ക് വിജയം നൽകി എന്നതും ദൈവത്തോട് നന്ദി നിറഞ്ഞ ഒരു ഹൃദയം കാത്തുസൂക്ഷിക്കാൻ ദൈവജനത്തിലെ ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നുണ്ട്. ദൈവത്തിന്റെ പ്രീതിക്ക് പാത്രീഭൂതരായ ജനം, അവന്റെ ഹിതമനുസരിച്ച് നടക്കേണ്ടവരാണ്. ദൈവം തങ്ങളെ തിരഞ്ഞെടുത്ത്, രക്ഷ നൽകി, തങ്ങളോടൊത്തായിരിക്കുന്നു എന്നതിൽ ജനമാണ് സന്തോഷിക്കേണ്ടത്. എന്നാൽ തന്റെ ജനത്തിൽ സംപ്രീതനാകുന്ന ദൈവം എന്ന ഒരു ആശയം, ദൈവത്തിന്റെ പ്രീതിക്ക് പാത്രീഭൂതരാകാൻ തക്കവിധം യോഗ്യതയുള്ളവരായിരിക്കാൻ ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നുണ്ട്.

എളിയവരെ വിജയമണിയിക്കുന്ന ഒരു ദൈവം എന്നത് ലോകത്തിന്റേതായ ചിന്താരീതിയിൽനിന്ന് വ്യത്യസ്തമായ ഒന്നാണ്. എളിയവരെയും പാവപ്പെട്ടവരെയും അവഗണിക്കുകയും വിലകുറച്ചു കാണിക്കുകയും ചെയ്യുന്ന സാധാരണ മനോഭാവത്തിന് മുൻപിൽ, എളിയവനിലേക്ക് ഇറങ്ങിവരുന്ന ഒരു ദൈവം തികച്ചും വ്യത്യസ്തമായ ഒരു ചിന്തതന്നെയാണ്. അധികാരവും, സ്ഥാനമാനങ്ങളും, കരുത്തുമുള്ളവരെ പ്രീണിപ്പിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, ഹൃദയത്തിന്റെ നൈർമ്മല്യവും വിശുദ്ധിയും, സ്നേഹവും തിരിച്ചറിഞ്ഞ് മനുഷ്യനെ സ്നേഹിക്കുകയും തനിക്ക് സ്വീകാര്യരായ എളിയ മനുഷ്യരുടെ ജീവിതങ്ങളെ അലങ്കരിക്കുകയും ചെയ്യുന്ന ഒരു ദൈവമാണ് ഇസ്രയേലിന്റെ കർത്താവ്. ലോകം ഭംഗിയില്ലാത്തതെന്ന് കരുതുന്ന പല ജീവിതങ്ങളുടെയും ആത്മീയസൗന്ദര്യത്തെ തിരിച്ചറിഞ്ഞ്, അവയെ തന്റെ പ്രീതിയിൽ, സന്തോഷത്താലും സമാധാനത്താലും നിറയ്ക്കുന്നവൻ ദൈവമാണ്.

ദൈവഹിതം അനുസരിക്കുന്ന ജനം

സങ്കീർത്തനത്തിന്റെ ആറുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ, ഈജിപ്തിൽനിന്നുള്ള പുറപ്പാട് സംഭവം ഉൾപ്പെടെ, ദൈവജനത്തിന്റെ ജീവിതത്തിലെ ദൈവത്തിന്റെ വലിയ ഇടപെടലുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. "അവരുടെ കണ്ഠങ്ങളിൽ ദൈവത്തിന്റെ സ്തുതി ഉയരട്ടെ, അവർ ഇരുവായ്ത്തലയുള്ള വാൾ കൈകളിലെന്തട്ടെ! രാജ്യങ്ങളോട് പ്രതികാരം ചെയ്യാനും ജനതകൾക്കു ശിക്ഷ നൽകാനും തന്നെ. അവരുടെ രാജാക്കന്മാരെ ചങ്ങലകൾകൊണ്ടും പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകൾകൊണ്ടും ബന്ധിക്കട്ടെ!" (വാ. 6-8). ഒരു യുദ്ധത്തിനെതിരെയെന്നതുപോലെ ഒരുങ്ങിയിരിക്കാനാണ് സങ്കീർത്തകൻ ജനത്തോട് ഇവിടെ ആവശ്യപ്പെടുന്നത്. ഇസ്രായേൽജനതയുടെ ഓരോ വിജയവും ദൈവത്തിന്റെ വിജയമാണ്. ദൈവമാണ് തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനൊപ്പം, ജനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അടിമകളാക്കി വച്ചുകൊണ്ടിരിക്കാൻ പരിശ്രമിച്ച ഇടങ്ങളിൽനിന്ന് തന്റെ ശക്തമായ ഇടപെടൽ മൂലം യാഹ്‌വെ അവരെ സ്വാതന്ത്രരാക്കിയത് വിശുദ്ധഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്. ദൈവത്തിനും, ദൈവജനത്തിനും എതിരെ നിൽക്കുന്നവരെ നിഷ്ക്രിയരാക്കുന്നത് ദൈവമാണ്. മനുഷ്യന്റെ ശക്തിക്ക് ദൈവത്തിന്റെ പദ്ധതികളെ തകർക്കാനാകില്ല. ദൈവസ്‌തുതിയും, ദൈവഹിതമനുസരിച്ചുള്ള പ്രവർത്തനങ്ങളും ദൈവം മനുഷ്യരിലൂടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിലേക്കാണ് നമ്മെ നയിക്കുക. ഇതാണ് ഒൻപതാം വാക്യത്തിൽ നാം കാണുന്നത്; "എഴുതപ്പെട്ടിരിക്കുന്ന വിധി അവരുടെമേൽ നടത്തട്ടെ! അവിടുത്തെ വിശ്വസ്തർക്ക് ഇത് മഹത്വമാണ്, കർത്താവിനെ സ്തുതിക്കുവിൻ” (വാ. 9). ദൈവഹിതം നടത്തുന്നതാണ് ദൈവജനത്തിന് മഹത്വം കൊണ്ടുവരുന്നത്. അനീതി പ്രവർത്തിക്കുന്ന, ദൈവഹിതത്തിനെതിരെ പ്രവർത്തിക്കുന്ന ജനതകൾക്കെതിരെ പോരാടുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെയും ഓരോ ദൈവവിശ്വാസിയുടെയും കടമയാണ്.

സങ്കീർത്തനം ജീവിതത്തിൽ

തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയിൽ, ദൈവത്താൽ സ്നേഹിക്കപ്പെടുന്ന, സംരക്ഷിക്കപ്പെടുന്ന സമൂഹമെന്ന നിലയിൽ, ദൈവത്തിന് സ്തുതിയുടെ പുതിയ കീർത്തനങ്ങൾ ആലപിക്കുന്നത് ഓരോ വിശ്വാസിയുടെയും കടമയാണ്. തന്റെ ജനത്തിൽ സംപ്രീതനാകുന്ന, അവർക്ക് വിജയം നൽകുന്ന, ദൈവത്തിനുള്ള സ്തുതികൾ ആഘോഷത്തിമിർപ്പോടെയാകണം. ഓരോ നിമിഷവും ദൈവത്തിൽ ആനന്ദിക്കുവാനും, അവന് നന്ദി പറയുവാനും തക്കവിധമുള്ള അനുഗ്രഹങ്ങളാണ്, തന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന, തന്റെ പദ്ധതികൾ ഹൃദയത്തിൽ ഏറ്റുവാങ്ങി അവ പൂർത്തിയാക്കുന്ന, തന്റെ സംപ്രീതിക്ക് പാത്രീഭൂതനാകുന്ന ഓരോ മനുഷ്യനും ദൈവം നൽകുന്നത്. ദൈവത്തിന്റെ വിശ്വസ്തർക്ക് ദൈവികപദ്ധതികൾ മഹത്വത്തിന്റെ പദ്ധതികളാണ്. ഇസ്രയേലിന്റെ ദൈവമായ കർത്താവിന് മുൻപിൽ എളിമയുള്ളവരായിരിക്കാനും, ഓരോ നിമിഷവും അവന്റെ സ്തോത്രങ്ങൾ ആലപിക്കുവാനും നമുക്കും പരിശ്രമിക്കാം. ദൈവം നൽകുന്ന വിജയം നമുക്കും അവകാശമാക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2022, 07:46