തിരയുക

സങ്കീർത്തനചിന്തകൾ - 1 സങ്കീർത്തനചിന്തകൾ - 1 

നീതിമാന്മാരും ദുഷ്ടരും സങ്കീർത്തനവിചിന്തനവും

വചനവീഥി: ഒന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ഒന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൂറ്റിയമ്പത് സങ്കീർത്തനങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർത്തനങ്ങളുടെ സമാഹാരത്തിലെ ഒന്നാം സങ്കീർത്തനം, സങ്കീർത്തനങ്ങളുടെ രചനയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട ഉദ്ദേശം വ്യക്തമാക്കുന്നുണ്ട്. ഓരോ മനുഷ്യരുടെയും ജീവിതത്തിൽ അവർ എടുക്കുന്ന തീരുമാനങ്ങളനുസരിച്ചായിരിക്കും അവരുടെ ജീവിതം ഫലം നൽകുകയെന്ന് സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു. ജീവിതത്തെ നമ്മുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഒരു വീക്ഷണകോണിലൂടെ കാണുന്ന ഒന്നാം സങ്കീർത്തനം, എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിൽ നന്മതിന്മകളുടെ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോ തെരഞ്ഞെടുപ്പുകളും അനിവാര്യമായ അനന്തരഫലങ്ങൾ കൊണ്ടുവരും. ജ്ഞാനികളും വിവേകമതികളുമായ മനുഷ്യരുടെ നല്ല തീരുമാനങ്ങളും, അവയനുസരിച്ചുള്ള പ്രവർത്തനങ്ങളും, ദൈവത്തിൽ വേരൂന്നിയ അവരുടെ ജീവിതങ്ങളും വിജയപ്രദമാകുമെന്നും, എന്നാൽ അതേസമയം, ദുഷ്ടരായ മനുഷ്യരുടെ, തിന്മയാൽ പ്രേരിതമായ തീരുമാനങ്ങളും, ദൈവഹിതത്തിനെതിരായ അവരുടെ ജീവിതവും പ്രവർത്തികളും, നാശവും മരണവുമാണ് കൊണ്ടുവരികയെന്നും സങ്കീർത്തനപുസ്തകം, വിശുദ്ധഗ്രന്ഥത്തിലെ മറ്റു വിവിധ ഉദ്ബോധനങ്ങൾ പോലെ, നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്. "കർത്താവ് നീതിമാന്മാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും" എന്ന സങ്കീർത്തനത്തിന്റെ അവസാനവാക്യം ഈ സങ്കീർത്തനത്തെ കൂടുതൽ വ്യക്തമാക്കിത്തരുന്നുണ്ട്. നീതിമാന്മാരുടെയും ദൈവവിശ്വാസമില്ലാത്തവരുടെയും വഴികളിലെ വ്യത്യസ്തതകളും ആ മാർഗ്ഗങ്ങളുടെ അവസാനവുമാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്.

നീതിമാന്റെ ജീവിതം

സങ്കീർത്തനത്തിന്റെ ആദ്യ വാക്യത്തിൽ നീതിമാനായ മനുഷ്യൻ ഏതുതരം പ്രവൃത്തികൾ ഒഴിവാക്കണം എന്നതാണ് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നത്. "ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപാരിക്കുകയോ പരിഹാസകാരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ" (വാ. 1).  മൂന്ന് കാര്യങ്ങളാണ് ഇവിടെ സങ്കീർത്തകൻ പറയുക. ദുഷ്ടന്റെ ഉപദേശം സ്വീകരിക്കുക എന്ന, ചിന്താതലത്തിൽ ഒരുവൻ സ്വീകരിക്കുന്ന തെറ്റായ മനോഭാവത്തെക്കുറിച്ചാണ് ഒന്നാമതായി സങ്കീർത്തകൻ പറയുക. തിന്മ ഉപദേശിച്ചുതരുന്നവന് ചെവികൊടുക്കുന്നത് ദൈവജനത്തിന് ചേർന്നതല്ല. രണ്ടാമതായി, പാപികളുടെ വഴിയിൽ വ്യാപാരിക്കുക എന്നതിലൂടെ പ്രവൃത്തിയുടെ തലത്തിൽ ഒരുവൻ സ്വീകരിക്കുന്ന തെറ്റായ തീരുമാനമനുസരിച്ചുള്ള ജീവിതരീതിയും അധാർമ്മികമായ പെരുമാറ്റവുമാണ് വിശുദ്ധഗ്രന്ഥം ഉദ്ദേശിക്കുക. പാപിയുടേതായ ജീവിതമാർഗ്ഗവും പ്രവൃത്തികളും ദൈവവിശ്വാസിക്ക് ചേർന്നതല്ല. പാപത്തിന്റെ വഴിയും ദുഷ്പ്രവൃത്തികളും നന്മയിലേക്കോ ജീവനിലേക്കോ നയിക്കില്ല. ഇനിയും മൂന്നാമതായി, ഒരുവൻ ജീവിതത്തിൽ നടത്തുന്ന ചില തിരഞ്ഞെടുപ്പുകളെയും നിലപാടുകളെയും കുറിച്ചാണ് സങ്കീർത്തകൻ പറയുക. കുറ്റം പറയുന്ന, മറ്റുള്ളവരെ ഇകഴ്ത്തിക്കാണുന്ന പരിഹാസകന്റെ പീഠം ഒരിക്കലും നന്മയുടേതാകാൻ വഴിയില്ലല്ലോ. അങ്ങനെ, തിന്മയുടെ വഴിയിലൂടെ നടക്കാതെ നേരായ വഴിയേ ചരിക്കുന്ന, തെറ്റായ ഉപദേശം സ്വീകരിക്കാതെ നല്ല ഉപദേശങ്ങൾ തേടുന്ന, മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നതിന് പകരം മറ്റുള്ളവരിൽ നന്മ കാണുകയും മറ്റുള്ളവരെക്കുറിച്ച് നന്മ പറയുകയും ചെയ്യുന്ന മനുഷ്യനാണ് ഭാഗ്യവാൻ. അവനാണ് ജീവിതത്തിൽ ആനന്ദവും അനുഗ്രഹങ്ങളും നേടാനാകുക.

നീതിമാൻ എപ്രകാരമാണ് ജീവിക്കുക എന്നതിനെക്കുറിച്ചാണ് രണ്ടാം വാക്യം: "അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ച് ധ്യാനിക്കുന്നു" (വാ. 2). കർത്താവിന്റെ നിയമം എന്നതിലൂടെ, ഉൽപ്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിങ്ങനെ വിശുദ്ധഗ്രന്ഥത്തിലെ അഞ്ച് ആദ്യ പുസ്തകങ്ങൾ അടങ്ങിയ തോറായോ, ഒരുപക്ഷെ അതിലുപരി ദൈവികമായ പഠിപ്പിക്കലുകളും പ്രബോധനങ്ങളും പൊതുവായോ ആയിരിക്കാം സങ്കീർത്തകൻ ഉദ്ദേശിക്കുന്നത്. ദൈവഹിതത്തിൽ ആനന്ദം കണ്ടെത്തുകയും, അവ മനസ്സിൽ എല്ലായ്പ്പോഴും കൊണ്ടുനടക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വസിക്കും ഉചിതമായ പ്രവൃത്തിയാണ്. തനിക്ക് ആനന്ദം നൽകുന്ന കാര്യങ്ങൾ പറയാനും പ്രവൃത്തിക്കാനുമാണ് ഏവരിലും മാനുഷികമായ ചായ്‌വുണ്ടാകുക. ദൈവഹിതമെന്ന കർത്താവിന്റെ നിയമം ഒരുവന്റെ ആനന്ദമായി മാറുന്നുവെങ്കിൽ, അതിനെക്കുറിച്ച് അവൻ നിരന്തരം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുവെങ്കിൽ, അവന്റെ പ്രവൃത്തികൾ ദൈവഹിതമനുസരിച്ചുള്ളതായി മാറും. ദൈവവചനവും, ദൈവഹിതവും ഉള്ളിൽ കൊണ്ടുനടക്കുകയും, അതിനെ മനനം ചെയ്യുകയും, അതനുസരിച്ച് നന്മ പ്രവർത്തിക്കുകയുമാണ് ഓരോ വിശ്വാസിയുടെയും കടമ.

നീതിമാന്റെ ജീവിതം എപ്രകാരമുള്ളതാണെന്നും അവന് ലഭിക്കുന്ന അനുഗ്രഹം ഏതാണെന്നുമാണ് മൂന്നാം വാക്യത്തിൽ സങ്കീർത്തകൻ പറയുന്നത്.. "നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവൻ; അവന്റെ പ്രവൃത്തികൾ സഫലമാകുന്നു" (വാ. 3). നീർച്ചാലിനരികെ നടപ്പെടുന്ന വൃക്ഷത്തിന് ആവശ്യം വേണ്ട ജലം ധാരാളം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവ യഥാകാലം ഫലം നൽകുന്നുണ്ടാകണം. ഇലകൊഴിയാത്ത വൃഷം ജീവന്റെ ലക്ഷണമാണ്. നീതിമാന്റെ പ്രവൃത്തികൾ ദൈവഹിതമനുസരിച്ചുള്ളവ ആയതുകൊണ്ട് അവ സഫലമാവുകയും ചെയ്യുന്നു. നമുക്കും ഇതൊരു അളവുകോലാണെന്ന് പറയാം. ജീവന്റെ ഉറവയായ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജീവിതങ്ങൾ ആഴത്തിൽ വേരൂന്നിയ, യഥാകാലം ഫലം നൽകുന്ന, ഉറച്ച, ഇല കൊഴിയാത്ത വൃക്ഷങ്ങൾ പോലെയായിരിക്കും.

ദുഷ്ടരുടെ ജീവിതം

സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത്, ദുഷ്ടരുടെ ജീവിതവും പ്രവൃത്തികളും അവയുടെ ഫലവും എപ്രകാരമാണെന്നാണ് സങ്കീർത്തകൻ പറയുന്നത്. നാലാം വാക്യത്തിൽ ഇതാണ് നാം കാണുന്നത്: "ദുഷ്ടർ ഇങ്ങനെയല്ല, കാറ്റു പരത്തുന്ന പതിര് പോലെയാണ് അവർ" (വാ. 4). ദൈവത്തിൽനിന്നും, അവന്റെ ഹിതത്തിൽനിന്നും അകന്നു നിൽക്കുന്നവരെയാണ് ദുഷ്ടരെന്ന് സാധാരണഗതിയിൽ വിശുദ്ധഗ്രന്ഥത്തിന്റെ ചിന്തയിൽ നാം വിശേഷിപ്പിക്കുക. നീർച്ചാലുപോലെയുള്ള, ജീവദായകമായ ദൈവികസാന്നിധ്യത്തിൽനിന്ന് തങ്ങളുടെ ദുഷ്പ്രവൃത്തികളാൽ മാറിനിൽക്കുന്നവരാണവർ. ആഴത്തിൽ വേരൂന്നിയ ഒരു വൃക്ഷം പോലെയല്ല, മറിച്ച് കാറ്റിൽ പറക്കുന്ന, ഉറപ്പില്ലാത്ത, ഉള്ളിലൊന്നുമില്ലാത്ത, ഏറെ മൂല്യമൊന്നുമില്ലാത്ത പതിരുപോലെയാണ് ദുഷ്ടർ.

ദുഷ്ടരായ മനുഷ്യർ അനുഭവിക്കേണ്ടിവരുന്ന അവസ്ഥകളെക്കുറിച്ചാണ് തുടർന്നുള്ള അഞ്ചാം വാക്യം: "ദുഷ്ടർക്ക് ന്യായവിധിയെ നേരിടാൻ കഴിയുകയില്ല: പാപികൾക്ക് നീതിമാന്മാരുടെ ഇടയിൽ ഉറച്ചുനിൽക്കാനും കഴിയുകയില്ല" (വാ. 5). പതിരുപോലെയുള്ള ദുഷ്ടർക്ക് ന്യായവിധിക്ക് മുൻപിൽ വിലയില്ലാത്തവരായി മാറിനിൽക്കാനേ സാധിക്കൂ. പാപത്തിൽ തുടരുന്ന മനുഷ്യർക്ക്, ദൈവഹിതമനുസരിച്ച് ജീവിക്കുന്ന നീതിമാന്മാരുടെയിടയിലും, അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾക്ക് മുൻപിലും സ്ഥാനമില്ല. നന്മയുടെയും തിന്മയുടെയും പ്രവൃത്തികൾ എന്നെന്നേക്കും ഒരുമിച്ച് മുൻപോട്ടു കൊണ്ടുപോകാനാവില്ലല്ലോ.

സങ്കീർത്തനത്തിന്റെ അവസാനവാക്യമായ ആറാം വാക്യം സങ്കീർത്തനത്തിന്റെ മുഴുവൻ അർത്ഥവുമുൾകൊള്ളുന്ന ഒന്നാണ്: "കർത്താവ് നീതിമാന്മാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും" (വാ. 6). നീതിമാന്റെ ആശ്വാസം കർത്താവാണ്. തന്റെ പാതകൾ അറിയുന്ന ദൈവം തന്റെ സംരക്ഷകനും പരിപാലകനുമാണെന്ന ബോധ്യം അവനുണ്ട്. കർത്താവിൽ ശരണം വച്ചാണ് അവന്റെ ജീവിതം. നാശത്തിന്റെ, എളുപ്പമുള്ള, വിസ്തൃതമായ, ദൈവഹിതത്തിൽനിന്നകന്ന ജീവിതരീതികളിലൂടെയാണ് ദുഷ്ടർ സഞ്ചരിക്കുന്നത്. അത് നാശത്തിലേക്കുള്ള പാതയാണ്.

സങ്കീർത്തനം ജീവിതത്തിൽ

ഒന്നാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, സങ്കീർത്തകൻ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്ന വിചിന്തനം ഏറെ ലളിതവും എന്നാൽ ആഴമേറിയതുമാണ്. നമ്മുടെ ചിന്തകളും പാതകളും ദൈവത്തോട് ചേർന്നവയാണെങ്കിൽ, നീതിമാന്മാർക്കുള്ള പ്രതിഫലം നമുക്ക് അവകാശമാക്കാമെന്നും, എന്നാൽ ദുഷ്ടരുടേതായ പാതയിലൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ, ദൈവഹിതത്തിനു ചേരാത്ത മാർഗ്ഗത്തിലൂടെയാണ് നാം ചരിക്കുന്നതെങ്കിൽ, നീതിമാന്മാരുടെ സമൂഹത്തിൽ നമുക്ക് സ്ഥാനമില്ലെന്നും, നാശത്തിന്റെ വഴിയിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയണമെന്നും സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. ദുഷ്ടതയുടെ, തിന്മയുടെ പാതകൾ വെടിഞ്ഞ്, എല്ലാ നന്മകളുടെയും ഉറവിടമായ ദൈവത്തിൽനിന്ന് ജീവന്റെ ജലവും നന്മയുടെ വളവും വലിച്ചെടുത്ത്, ആഴത്തിൽ വിശ്വാസവേരുകളുറപ്പിച്ച, നല്ല ഫലം നൽകുന്ന വൃക്ഷങ്ങളാകാൻ നമുക്കും പരിശ്രമിക്കാം. നന്മയുടെ സത്‌ഫലങ്ങളോടെ, ദൈവത്തിന് മുൻപിൽ വിലയുള്ളവരായി നിൽക്കാൻ നമുക്ക് സാധിക്കട്ടെ. കർത്താവിന്റെ ഹിതം, അവന്റെ നിയമം നിരന്തരം നമ്മുടെ ഹൃദയങ്ങൾക്ക് ആനന്ദവും ആശ്വാസവും, പാദങ്ങൾക്ക് കരുത്തും മാർഗ്ഗദീപവുമാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 നവംബർ 2022, 13:19