മ്യാൻമർ: അക്രമങ്ങളിൽനിന്ന് രക്ഷപെടാനായി ലക്ഷക്കണക്കിന് കുട്ടികൾ വീടുവിട്ടിറങ്ങേണ്ടിവരുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മ്യാൻമറിൽ വിവിധ സംഘർഷണങ്ങളോടനുബന്ധച്ച കഠിനമായ അക്രമണങ്ങളിൽനിന്ന് രക്ഷനേടുവാനായി ലക്ഷക്കണക്കിന് കുട്ടികളാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരാകുന്നതെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു. കടുത്ത മാനുഷികപ്രതിസന്ധികൾ ഉണ്ടായിട്ടും ഇവയെ തരണം ചെയ്യാനായി ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ധനസഹായം നൽകുന്ന ഒരു രാജ്യമാണ് മ്യാൻമർ എന്നും സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി. മറ്റു സംഘടനകളോട് ചേർന്ന്, കുട്ടികളുടെ ആരോഗ്യപരിരക്ഷ, ഭാഷ്യസുരക്ഷ, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ സേവനമേകുന്ന സേവ് ദി ചിൽഡ്രൻ 1995 മുതൽ മ്യാൻമറിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
മ്യാന്മറിൽ ഈ വർഷം കുടിയിറക്കപെട്ടവരുടെ എണ്ണം ശക്തമായ തോതിൽ വാർഷിച്ചുവെന്നും, അക്രമങ്ങളിൽനിന്നും രക്ഷനേടുവാനായി വീടുവിട്ടിറങ്ങേണ്ടിവരുന്ന കുട്ടികളുടെ എണ്ണം അഞ്ചുലക്ഷം കഴിഞ്ഞുവെന്നും,
ആഗോളതലത്തിൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചുവരുന്ന സേവ് ദി ചിൽഡ്രൻ പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ മൂലം ഏതാണ്ട് പതിനാലു ലക്ഷത്തോളം ആളുകളാണ് കുടിയിറക്കപ്പെട്ടത്. ഇവരിൽ അഞ്ചുലക്ഷത്തിഇരുപതിനായിരത്തോളം പേർ കുട്ടികളാണ്. കടുത്ത അക്രമണങ്ങളെത്തുടർന്ന്, 2021 ഫെബ്രുവരിയിലാണ് ഇവരിൽ ഭൂരിഭാഗവും സ്വഭവനങ്ങൾ ഉപേക്ഷിച്ചത്. ബംഗ്ളദേശിന് സമീപമുള്ള ക്യാമ്പുകളിൽ കഴിയുന്ന അഞ്ചുലക്ഷത്തോളം റോഹിംഗ്യൻ കുട്ടികൾക്ക് പുറമെയാണ് നിലവിൽ വീണ്ടും ലക്ഷക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ടിവരുന്നത്.
ആഗോളതലത്തിൽ ഏറ്റവും കുറവ് സാമ്പത്തികസഹായമാണ് മ്യാൻമറിലെ മാനുഷികപ്രതിസന്ധികൾ തരണം ചെയ്യാനായി ലഭ്യമായുള്ളതെന്നും, ഇതിലേക്കായി കൂടുതൽ സഹായസഹകരണങ്ങൾ അന്താരാഷ്ട്രസമൂഹം ലഭ്യമാക്കണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.
മ്യാൻമാറിൽ തുടരുന്ന ആക്രമണങ്ങൾ ഉളവാക്കുന്ന ഭീതിയിലാണ് ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ വീടുകൾ ഉപേക്ഷിച്ച് പോകാനുള്ള തീരുമാനമെടുക്കേണ്ടി വരുന്നതെന്ന് സേവ് ദി ചിൽഡ്രൻ സംഘടനയുടെ ഏഷ്യൻ പ്രദേശങ്ങളിലേക്കുള്ള പദ്ധതികളുടെ ഡയറക്ടർ ഒലിവർ ഫ്രാൻകി പ്രസ്‌താവിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന ആസിയൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ, മ്യാൻമറിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടാൻ പരിശ്രമങ്ങൾ നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്ടസഭയുടെ സുരക്ഷാസമിതി, മ്യാൻമറിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കുവാനും, പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും വേണ്ടി ഒരു യോഗം വിളിച്ചുകൂട്ടണമെന്നും സേവ് ദി ചിൽഡ്രൻ പ്രതിനിധി ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: