തിരയുക

സംരക്ഷണത്തിന്റെ കരങ്ങളിൽ - മെക്സിക്കോയിൽനിന്നുള്ള ഒരു പെൺകുട്ടി സംരക്ഷണത്തിന്റെ കരങ്ങളിൽ - മെക്സിക്കോയിൽനിന്നുള്ള ഒരു പെൺകുട്ടി 

ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളിൽ കുട്ടികൾക്കെതിരെയുള്ള ഗാർഹികപീഡനങ്ങൾ വർദ്ധിക്കുന്നു: യൂണിസെഫ്

മധ്യ-തെക്കൻ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ശൈശവകൊലപാതകങ്ങളും വർദ്ധിക്കുന്നുവെന്ന് യൂണിസെഫ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്നും മൂന്നിൽ രണ്ടു കുട്ടികളും ഗാർഹികപീഡനങ്ങൾക്കിരയാകുന്നുവെന്നും യൂണിസെഫ് അറിയിച്ചു. ശിശുക്കളുടെയും പ്രായപൂർത്തിയാകാത്തവരുടെയും കൊലപാതകങ്ങളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ നാലിരട്ടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. "ലാറ്റിനമേരിക്കയിലും കരീബിയനിലും കുട്ടികൾക്കെതിരെയുള്ള അക്രമത്തിന്റെ സ്ഥിതിവിവരപ്പട്ടികയുടെ രൂപരേഖ" എന്ന പേരിൽ കഴിഞ്ഞദിവസം യൂണിസെഫ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ.

ശിശുക്കളുടെയും പ്രായപൂർത്തിയാകാത്തവരുടെയും കൊലപാതകങ്ങളുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിൽ മൂന്നായിരിക്കെ, തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ഇത് ഒരു ലക്ഷത്തിൽ 12,6 ആണെന്ന് യുണിസെഫ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പത്തിനും പത്തൊൻപത്തിനും ഇടയിലുള്ള ചെറുപ്പക്കാരുടെ മരണത്തിന് പ്രധാനകാരണം കൊലപാതകമാണ്. ഇവരിൽ പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് കൊലപാതകങ്ങൾക്കിരയാകുന്നത്. പെൺകുട്ടികളേക്കാൾ ഏഴിരട്ടിയോളം ആൺകുട്ടികളാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കൊല്ലപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ കുട്ടികളിൽ അഞ്ചിൽ രണ്ടു പേരും, വീടുകളിലും സ്‌കൂളുകളിലും പൊതുപ്രസ്ഥാനങ്ങളിലും ശാരീരിക ശിക്ഷയിൽ നിന്ന് നിയമപരമായ പരിരക്ഷ ഉറപ്പുനൽകാത്ത രാജ്യങ്ങളിലാണ് താമസിക്കുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.

മധ്യ-തെക്കൻ അമേരിക്കൻ രാജ്യങ്ങളിലെ ഒന്നിനും പതിനാലിനും വയസിനിടയിലുള്ള കുട്ടികൾ ഭവനങ്ങളിൽ തീവ്രമായ അച്ചടക്കം നേരിടേണ്ടിവരുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പ്രാദേശികളിൽ ലക്ഷക്കണക്കിന് കുട്ടികളാണ് ഗാർഹിക പീഡനങ്ങൾക്ക് പുറമെ, ലൈംഗിക അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഇരകളാകുന്നത്.

ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും ഭൂരിഭാഗം കുട്ടികളും ജനനം മുതൽ തന്നെ അക്രമത്തിന് വിധേയരാകുന്നത് ഭയപ്പെടുത്തുന്നതാണെന്നും, പലപ്പോഴും അവർ ഏറ്റവും വിശ്വസിക്കുന്ന മാതാപിതാക്കൾ, ബന്ധുമിത്രാദികൾ, അയൽക്കാർ തുടങ്ങിയവരിൽനിന്നാണ് ഇത് ഏറ്റുവാങ്ങേണ്ടിവരുന്നതെന്നും, യൂണിസെഫിന്റെ ലാറ്റിനമേരിക്കൻ കരീബിയൻ പ്രാദേശങ്ങളുടെ താത്കാലിക ചുമതലയുള്ള യൂസഫ് അബ്ദൽ ജലീൽ പറഞ്ഞു. നിർഭാഗ്യവശാൽ ഈ പ്രദേശങ്ങളിലുള്ള പൊതുസമൂഹം കുട്ടികളുടെമേലുള്ള കഠിനമായ അച്ചടക്കനടപടികൾ അംഗീകരിക്കുന്നുവെന്നും, പുതിയ തലമുറകളും ഇത് അവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരുടെയും നന്മയ്ക്കും, കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനായി, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, പൊതുസമൂഹത്തിന്റെയും രാജ്യങ്ങളുടെയും സഹകരണത്തോടെ, അക്രമാസക്തമല്ലാത്ത അച്ചടക്കമാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന് യൂണിസെഫ് പ്രതിനിധി ആവശ്യപ്പെട്ടു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുവാനായി മെച്ചപ്പെട്ട നിയമങ്ങൾ കൊണ്ടുവരാനും, വിദ്യാഭ്യാസവും മറ്റു ബോധനപരിപാടികളും തയ്യാറാക്കാനും യൂണിസെഫ് പ്രാദേശികസർക്കാരുകളുട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 നവംബർ 2022, 16:52