ഇറാൻ: അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജീന മഹ്‌സ അമിനിയുടെ മരണശേഷം നടന്ന സംഭവങ്ങളെ പരാമർശിച്ച് ഇറാനെതിരെ മനുഷ്യാവകാശ കൗൺസിലിൽ അടിയന്തര നടപടി ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ വിദഗ്ധരുടെ അഭ്യർത്ഥനയെ സേവ് ദി ചിൽഡ്രൻ സംഘടന പിന്തുണച്ചു. "കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല എന്നും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ഏതൊരു ആക്രമണവും പെൺകുട്ടികളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്" എന്ന് ഇതുമായി ബന്ധപ്പെട്ട് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടനയുടെ പ്രധാന ഭരണനിർവ്വാഹക അധികാരി ഇഞ്ചെർ ആഷിങ് അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ പതിനാറിനാണ് ദുരൂഹമായ സാഹചര്യത്തിൽ ജീന എന്ന 22കാരി മരണമടഞ്ഞത്. അതേത്തുടർന്നുണ്ടായ പ്രതിഷേധപ്രകടനങ്ങൾക്കെതിരെ നടന്ന അക്രമങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാനിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കവെ, ഇതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടർ, സംഘർഷണങ്ങളിൽ നിരവധി കുട്ടികളും കൗമാരക്കാരും തല്ലിച്ചതയ്ക്കപ്പെട്ടെന്നും, ഇരുപത്തിയേഴിലധികം പേർ കൊല്ലപ്പെട്ടെന്നും അറിയിച്ചു. നിരവധി സ്കൂളുകൾ കൊള്ളചെയ്യപ്പെട്ടു. പ്രതിഷേധപ്രകടനങ്ങളിൽ സംബന്ധിച്ച അനവധി കുട്ടികളും ചെറുപ്പക്കാരും അറസ്റ്റ് ചെയ്യപ്പെട്ടു.
കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി നൂറിലധികം വർഷങ്ങളായി പോരാടുന്ന ഒരു അന്താരാഷ്ട്രസംഘടനയാണ് സേവ് ദി ചിൽഡ്രൻ. ഏതാണ്ട് നൂറ്റിയിരുപതോളം രാജ്യങ്ങളിൽ സേവ് ദി ചിൽഡ്രൻ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: