ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും മാരകമായ അക്രമതരംഗം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബുധനാഴ്ച, ജറുസലേമിനെ നടുക്കിയ ഇരട്ട സ്ഫോടനങ്ങളിൽ ഒരു ഇസ്രായേൽ-കനേഡിയൻ കൗമാരക്കാരൻ കൊല്ലപ്പെടുകയും കുറഞ്ഞത് 18 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്തു. രാവിലെ തിരക്കുള്ള സമയത്ത് നഗരത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള തിരക്കേറിയ ബസ് സ്റ്റോപ്പിലും ഏകദേശം അരമണിക്കൂറിനുശേഷം വടക്കൻ ജറുസലേമിലെ മറ്റൊരു ബസ് സ്റ്റേഷനിലുമാണ് സ്ഫോടനങ്ങൾ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കുറ്റവാളികളെ കണ്ടെത്തുമെന്ന് അധികൃതർ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
വെസ്റ്റ് ബാങ്കിൽ റെയ്ഡ്
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം ദിവസേന നടത്തുന്ന റെയ്ഡുകൾക്കിടയിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രായേലികൾക്ക് എതിരായ ആക്രമണ പരമ്പരകളിൽ പങ്കുള്ളതായി സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് റെയ്ഡ്കളുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ നബ്ളൂസിന് ചുറ്റും ഇസ്രായേൽ നടത്തിയ വെടിവയ്പിൽ പരിക്കേറ്റ് രണ്ട് ഫലസ്തീനികൾ ബുധനാഴ്ച മരണമടഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഹെർസല്ല (30) വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയിൽ നബ്ളൂസിൽ നിന്ന് വളരെ അകലെയല്ലാത്ത ജോസഫിന്റെ ശവകുടീരത്തിന് സമീപം ഇസ്രായേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി മുഹമ്മദ് അബു കെഷെക്കും (16) മരണമടഞ്ഞു.
ജനുവരി ആദ്യം മുതൽ 200 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും പലസ്തീനികൾ നടത്തിയ ആക്രമണ പരമ്പരയിൽ 30 ഇസ്രായേലികൾ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: