കരമൈൻ നിർമ്മാർജ്ജനം നൈയമിക ബാദ്ധ്യത മാത്രമല്ല ധാർമ്മികാഹ്വാനവും, ആർച്ചുബിഷപ്പ് ഫൊർത്തുണാത്തുസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘർഷങ്ങൾ ജനതകൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലുമുള്ള ബന്ധങ്ങളെ വികലമാക്കുമെന്ന് പരിശുദ്ധസിംഹാസനത്തിൻറെ പ്രതിനിനിധി ആർച്ചുബിഷപ്പ് ഫൊർത്തുണാത്തുസ് ൻവാച്ചുക്കുവു.
സ്വിറ്റ്സർലണ്ടിലെ ജനീവാ പട്ടണത്തിൽ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്രസംഘടനകളിലും പരിശുദ്ധസിംഹാസനത്തിൻറെ സ്ഥീരം നിരീക്ഷകനായ അദ്ദേഹം മനുഷ്യവിരുദ്ധ കരമൈനുകളെ അധികരിച്ചുള്ള പ്രഖ്യാപനത്തിൽ ഒപ്പുവച്ചിട്ടുള്ള രാഷ്ട്രങ്ങളുടെ ഇരുപതാമത് യോഗത്തെ വെള്ളിയാഴ്ച (25/11/22) സംബോധന ചെയ്യുകയായിരുന്നു.
സംഘർഷങ്ങളുടെ ആഘാതം അനുഭവിക്കുന്നത് പൗരന്മാരാണെന്നും മണ്ണിനടിയിൽ വിതറപ്പെടുന്ന സ്ഫോടകവസ്തുവായ കരമൈനുകൾക്കിരകളാകുന്നവരിൽ അനേകർ കുഞ്ഞുങ്ങളാണെന്നും അവർ സംഘർഷങ്ങളുടെ ക്രൂരതയുടെയും ദുരന്തത്തിൻറെയും നഗ്നമായ ഓർമ്മപ്പെടുത്തലുകളാണെന്നും ആർച്ചുബിഷപ്പ് ഫൊർത്തുണാത്തുസ് പറഞ്ഞു.
ആകയാൽ സ്ഫോടകവസ്തുക്കളായ മൈനുകൾ നീക്കം ചെയ്യുകയും അവയുടെ ശേഖരം നശിപ്പിക്കുകയും ഈ മൈനുകൾക്ക് ഇരകളായവർക്ക് സഹായം നല്കുകയും ചെയ്യുകയെന്നത് കേവലം നൈയമിക കടമ മാത്രമല്ല നമ്മളെല്ലാവരുടെയും മനസ്സാക്ഷിക്കു മുന്നിൽ അചഞ്ചലമായി നിലകൊള്ളേണ്ട ധാർമ്മിക ആഹ്വാനവുമാണെന്ന് ഓർമ്മിപ്പിച്ചു.
മൈനുകൾ പൊട്ടി അപകടത്തിലായവർക്ക് സഹായഹസ്തം നീട്ടുന്നതിൽ പരിശുദ്ധസിംഹാസനം, കത്തോലിക്കാസഭാ സ്ഥാപനങ്ങളിലൂടെയും, ആഗോളതലത്തിൽ പരിശ്രമിക്കുന്നുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന നാടുകൾക്കും നിരവധിയായ സർക്കാരിതര സംഘടനകൾക്കും നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: