പാക്കിസ്ഥാനിൽ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാക്കിസ്ഥാനിൽ ഒരു കോടിയോളം കുഞ്ഞുങ്ങൾക്ക് അടിയന്തര ജീവൻരക്ഷാ സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).
അന്നാട്ടിൽ ജലപ്രളയം 615 കുട്ടികളുടെ ജീവനെടുത്തുവെന്നും സത്വര നടപടികൾ സ്വീകരിക്കാത്ത പക്ഷം വരും ദിനങ്ങളിൽ നിരവധി കുഞ്ഞുങ്ങൾ മരണമടയുമെന്നും ഈ സംഘടന പറയുന്നു.
അഭൂതപൂർവ്വമായൊരു അവസ്ഥയാണ് പാക്കിസ്ഥാനിൽ ഇപ്പോഴുള്ളതെന്നും അഞ്ചുലക്ഷത്തിലേറെ കുട്ടികൾ ഇപ്പോൾ കടുത്ത പോഷണവൈകല്യം അനുഭവിക്കുന്നുണ്ടെന്നും അവർക്ക് ഉടൻ വൈദ്യസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് വ്യക്തമാക്കുന്നു. അന്നാട്ടിൽ പ്രളയബാധിത പ്രദേശങ്ങളിൽ പ്രളയദുരന്തത്തിനു മുമ്പുതന്നെ അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ പോഷവൈകല്യ നിരക്ക് 50 ശതമാനമായിരുന്നുവെന്നും ഇപ്പോൾ അത് വഷളായിരിക്കുകയാണെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.
വെള്ളപ്പൊക്കം ജലവിതരണ സംവിധാനങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ മൂലം അവിടെ ശുദ്ധജല വിതരണം താറുമാറായിരിക്കയാണെന്നും അമ്പത്തിയഞ്ച് ലക്ഷത്തിലേറെപ്പേർക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്നും യുണിസെഫ് പറയുന്നു. 17കോടി35 ല്കഷം ഡോളറിൻറെ, ഏകദേശം 1388 കോടി രൂപയുടെ സഹായം ഈ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: