തിരയുക

പോൾട്ടാവ മേഖലയിൽ നിന്നുള്ള ദൃശ്യം പോൾട്ടാവ മേഖലയിൽ നിന്നുള്ള ദൃശ്യം 

ഉക്രൈനിലേക്ക് വീണ്ടും സഹായഹസ്തവുമായി യൂണിസെഫ്

ഉക്രൈനിലെ പോൾട്ടാവ മേഖലയിലേക്ക് യൂണിസെഫ് 340 ടൺ അവശ്യവസ്തുക്കളും, ടെറ്റനസ്, ഡിഫ്റ്റീരിയ രോഗങ്ങൾക്കെതിരായ ഏഴു ലക്ഷത്തോളം വാക്സിനുകളുമെത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിലെ പോൾട്ടാവ മേഖലയിൽ താമസിക്കുന്ന ഏതാണ്ട് അഞ്ചു ലക്ഷം ആളുകൾക്ക് യൂണിസെഫ് 340 ടൺ ആവശ്യവസ്തുക്കളെത്തിച്ചു. റഷ്യ ഉക്രൈൻ യുദ്ധം ഇപ്പോഴും തുടരുന്ന അവസരത്തിൽ, കുട്ടികളുൾപ്പെടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഉക്രൈനിലേക്ക് സഹായവുമായെത്തിയത്. ഏതാണ്ട് ആറര കോടിയോളം രൂപയുടെ അടിസ്ഥാനസഹായസമഗ്രികളാണ് ഉക്രൈനിലെ പോൾട്ടാവ മേഖലയിലേക്ക് യൂണിസെഫ് കഴിഞ്ഞ ദിവസമെത്തിച്ചത്.

ചികിത്സാസൗകര്യങ്ങൾ, 35 ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കുള്ള സാമഗ്രികൾ, വിദ്യാഭ്യാസത്തിനും, ശുചിത്വത്തിനും ഉൾപ്പെടെയുള്ള വസ്തുക്കളാണ് യൂണിസെഫ് എത്തിച്ചത്. ഉക്രൈനിലെ വിവിധ അപകടമേഖലകളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഏതാണ്ട്  രണ്ടു ലക്ഷത്തോളം ആളുകളാണ് 2022 ഒക്ടോബറിൽ പോൾട്ടാവ മേഖലയിലേക്ക് എത്തിയിരിക്കുന്നത്. ഉക്രൈനിലെ അപകടമേഖലകളിൽനിന്നെത്തിയ ഇവർക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിന് യൂണിസെഫിന്റെ സഹായം ഉപകരിക്കുമെന്നും, പോൾട്ടാവയിലെ റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഡിമിട്രോ ലുനിൻ പറഞ്ഞു.

കഴിഞ്ഞദിവസം തന്നെ യൂണിസെഫ് ഉക്രൈനിലെ വിവിധ പ്രദേശങ്ങളിലീക്കായി ഏഴു ലക്ഷത്തോളം ടെറ്റനസ്, ഡിഫ്റ്റീരിയ രോഗങ്ങൾക്കെതിരായ വാക്സിനുകളുമെത്തിച്ചതായി അറിയിച്ചു. ആറു വയസിനു മുകളിലുള്ള ആളുകൾക്ക് ഈ വാക്സിനുകൾ നൽകപ്പെടും. ഇറ്റാലിയൻ ഗവണ്മെന്റിന്റെ സാമ്പത്തികസഹായത്തോടെയാണ് ഈ വാക്സിനുകൾ എത്തിച്ചതെന്ന് യൂണിസെഫ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിൽ യൂണിസെഫ് ടെറ്റനസ്, ഡിഫ്റ്റീരിയ രോഗങ്ങൾക്കെതിരായ എഴുപത്തിനായിരത്തോളം വാക്സിൻ ഡോസുകൾ ഉക്രൈനിലെത്തിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2022, 17:40