ഉക്രൈനിലേക്ക് സഹായഹസ്തവുമായി യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉക്രൈനിൽ റഷ്യൻ ആക്രമണം ഇപ്പോഴും തുടരുന്നതിനിടെ, ഉക്രൈനിലെ ജനങ്ങൾക്ക് സഹായഹസ്‌തവുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് എത്തി. യൂണിസെഫും ഉക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസും തമ്മിലുള്ള ധാരണപ്രകാരം ഏതാണ്ട് മുപ്പതു ലക്ഷം ആളുകളുടെ അടിയന്തിര ആവശ്യങ്ങൾക്കായുള്ള ജലവും ശുചീകരണ വസ്തുക്കളും യൂണിസെഫ് അയച്ചു. കൂടുതൽ സംഘർഷബാധിത പ്രദേശങ്ങളിലേക്കാണ് ഇവ എത്തിച്ചിരിക്കുന്നത്. ട്രക്കിൽ ഘടിപ്പിക്കാവുന്ന ജലസംഭരണികൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, മൊബൈൽ പമ്പുകൾ, ജനറേറ്ററുകൾ, വെള്ളത്തിനും ശുചീകരണത്തിനുമുള്ള മറ്റ് വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
ഉക്രൈനിലെ സംഘർഷമേഖലകളിൽ കിയെവ്, ഡോണേസ്‌ക്, ലുഹാൻസ്‌ക്, ഖാർകിവ് തുടങ്ങി പതിനെട്ടോളം പ്രദേശങ്ങളിലേക്കാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ സഹായങ്ങൾ എത്തിച്ചത്. വിദേശരാഷ്ട്രങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്ന അമേരിക്കൻ അന്താരാഷ്ട്ര വികസന ഏജൻസി (USAID) എന്ന മാനവികസഹായത്തിനായുള്ള വിഭാഗമാണ് ഈ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം യൂണിസെഫിന് നൽകിയത്.
2022 മെയ് മുതൽ യൂണിസെഫ് ഉക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസിന് ശുദ്ധജല ലഭ്യതയ്ക്കും വിതരണത്തിനും കരണ്ടുൽപ്പാദനത്തിനുമായി ഇത്തരത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: