യുദ്ധവിരാമത്തിന് ഏക ഉപാധി പ്രാർത്ഥന, ആർച്ച്ബിഷപ്പ് കുൽബൊക്കാസ്
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിൻ യുദ്ധാന്ത്യത്തിന് പ്രാർത്ഥനയും യുദ്ധത്തിനു കാരണക്കാരായവരുടെ മാനസാന്തരവും അല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്ന് അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് വിസ്വൽദാസ് കുൽബൊക്കാസ് (Visvaldas Kulbokas).
ഉക്രൈയിനിൻറെ തലസ്ഥാനമായ കിയേവ് ഉൾപ്പടെയുള്ള നഗരങ്ങളിൽ റഷ്യ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ വത്തിക്കാൻ വാർത്താവിഭാഗത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രതികരണം.
നടപ്പുവർഷം ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനിൽ ആരംഭിച്ച സായുധ പോരാട്ടം എട്ടുമാസത്തോടടുക്കുന്നതിനെക്കുറിച്ച് പരമാർശിച്ച ആർച്ചുബിഷപ്പ് കുൽബോക്കാസ്, പതിക്കുന്ന ഓരൊ മിസൈലും ബോംബും മരണവും നാശനഷ്ടങ്ങളും വിതച്ചുകൊണ്ടിരിക്കയാണെന്നും സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളും അവിശ്വാസികളുമായ സകലരും ഒന്നുചേരുമെന്നതാണ് തൻറെ പ്രതീക്ഷയെന്നും പറഞ്ഞു.
തങ്ങളുടെ ഏക ആവശ്യം സമാധാനമാണെന്നും അല്ലാത്തപക്ഷം, തങ്ങൾ വലിയ സഹനത്തിൽ കഴിയേണ്ടിവരുമെന്ന് ഏതാനും അമ്മമാർ തന്നോടു പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: