സംഘർഷമേഖലകളിൽ ശൈശവവിവാഹങ്ങൾ വർദ്ധിക്കുന്നു: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആഘോഷിച്ച അവസരത്തിൽ, ലോകത്ത് വിവിധ സംഘർഷ പ്രദേശങ്ങളിൽ പെൺകുട്ടികളുടെ വിവാഹപ്രായം കൂടുതൽ കുറയുന്നുവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന പ്രസ്താവിച്ചു. ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ഏതാണ്ട് 20 ശതമാനമാണ് പ്രായപൂർത്തിയാകുന്നതിന് മുൻപുള്ള വിവാഹങ്ങൾ വർദ്ധിച്ചിരിക്കുന്നത് എന്ന് സംഘടന വ്യക്തമാക്കി. യുദ്ധങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയവയും കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികളും ചേർന്ന് സൃഷ്ടിക്കുന്ന സ്ഥിതിയിൽ, രണ്ടായിരത്തിമുപ്പതോടെ ഏതാണ്ട് ഒരു കോടിയോളം പ്രായപൂർത്തിയാകാത്തവർ വിവാഹിതരായേക്കുമെന്ന് സേവ് ദി ചിൽഡ്രൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ബാലികാദിനം ആഘോഷിക്കുന്ന ഈയവസരം, വിവിധ സർക്കാരുകൾക്കും സമൂഹങ്ങൾക്കും ഐക്യരാഷ്ട്രസംഘടനയ്ക്കും ഇതര സംഘടനകൾക്കും, ശൈശവവിവാഹം എന്ന തിന്മയ്‌ക്കെതിരെ പ്രവർത്തിക്കാനും, പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഉള്ള ഒരു ക്ഷണമാണെന്ന് സേവ് ദി ചിൽഡ്രൻ അഭിപ്രായപ്പെട്ടു.
പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഏതാണ്ട് തൊണ്ണൂറ് ലക്ഷം കൗമാരക്കാരാണ്, അതായത് അഞ്ചിലൊന്ന് പേരാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ട്ടിക്കുന്ന അനിശ്ചിതാവസ്ഥയിൽ, തങ്ങളുടെ ശാരീരിക, മാനസിക സൗഖ്യം പോലും പണയപ്പെടുത്തുന്ന രീതിയിൽ വിവാഹിതരാകേണ്ടിവരുന്നത്. അന്താരാഷ്ട്ര ബാലികാദിനം സ്ഥാപിക്കപ്പെട്ടതിന്റെ പത്താം വാർഷികത്തിന്റെ അവസരത്തിൽ പുറത്തുവിട്ട പത്രപ്രസ്താവനയിലാണ് സേവ് ദി ചിൽഡ്രൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച്, ഇറാഖിലെ കുർദിസ്ഥാൻ, തെക്കൻ സുഡാൻ എന്നീ പ്രദേശങ്ങളിൽ വിവിധ സംഘർഷങ്ങളാൽ കുടിയിറക്കപ്പെട്ട, വിവാഹിതരായ കൗമാരക്കാരായ പെൺകുട്ടികളുടെയും, വിധവകളും, വിവാഹമോചിതരുമായ സ്ത്രീകളുടെയും കൂടി സ്വരമുൾക്കൊള്ളുന്ന ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സേവ് ദി ചിൽഡ്രൻ ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്.
ശൈശവവിവാഹങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ പത്തിൽ എട്ടു രാജ്യങ്ങളും വിവിധരീതികളിലുള്ള മാനവികപ്രതിസന്ധി അനുഭവപ്പെടുന്നവയാണ്.
ദക്ഷിണ, പൂർവ്വ ഏഷ്യൻ പ്രദേശങ്ങൾ, പസഫിക് പ്രദേശങ്ങൾ, തെക്കൻ അമേരിക്ക, കരീബിയൻ പ്രദേശങ്ങൾ, എന്നിവിടങ്ങളിലാണ് സംഘർഷങ്ങൾ മൂലം ശൈശവവിവാഹങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളത്. എന്നാൽ, കാലാവസ്ഥാ അടിയന്തിരാവസ്ഥയും, സംഘർഷങ്ങളും മൂലമുണ്ടാകുന്ന ഭക്ഷണലഭ്യതകുറവും ദാരിദ്ര്യവും കാരണം ബുദ്ധിമുട്ടുന്ന, മധ്യ പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ശൈശവവിവാഹങ്ങൾ നിലവിൽ രേഖപ്പെടുത്തപ്പെടുന്നത്.
കഴിഞ്ഞ മുപ്പതു വർഷങ്ങളായി 56 രാജ്യങ്ങളിൽനിന്നുള്ള ഇരുപതുലക്ഷത്തിലധികം സ്ത്രീകളുടെ കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് സേവ് ദി ചിൽഡ്രൻ പുറത്തുവിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: