മതമൈത്രിയും ലോകസമാധാനവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിവിധ മതവിശ്വാസങ്ങൾ പേറുന്ന മനുഷ്യരുടെ പരസ്പരസഹകരണം ലോകത്തിന് സമാധാനം ഉണ്ടാകുവാൻ കാരണമാകുമോ? എന്തുകൊണ്ട് മനുഷ്യർ മതങ്ങൾക്കപ്പുറം സ്നേഹിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ചില ചിന്തകളാണ് ഇവിടെ പരാമർശിക്കുന്നത്.
മതവും ആക്രമണങ്ങളും
2001 സെപ്റ്റംബർ 11 ലോകചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിനമായി മാറിയിരുന്നു. മതവിശ്വാസങ്ങൾ ചിലപ്പോഴെങ്കിലും അക്രമങ്ങൾക്ക് വഴിവയ്ക്കുമെന്ന ഒരു ചിന്ത ചിലരിലെങ്കിലും ഉളവാക്കാൻ അന്നത്തെ ഒരു ആക്രമണം കാരണമായി. എന്നാൽ മനുഷ്യർക്കിടയിൽ സമാധാനം ആഗ്രഹിക്കുന്ന ചിലരെങ്കിലും, ആ ഒരു സംഭവത്തെ കൂടുതൽ പ്രാർത്ഥനയ്ക്കും, പരസ്പരസംവാദങ്ങൾക്കും, സമാധാനശ്രമങ്ങൾക്കും കാരണമാക്കി. കത്തോലിക്കാ സഭയുടെ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഈയൊരു സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ലോകസമാധാനത്തിനായുള്ള പ്രാർത്ഥനാദിനം സംഘടിപ്പിച്ചത്. ലോകത്തിനു മുഴുവൻ സമാധാനം ലഭിക്കുവാനും, മനുഷ്യരെല്ലാവരും ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാനുള്ള ഒരു വിളിയായിരുന്നു അത്.
മതൈക്യവേദികൾ
മതങ്ങളുടെ പേരിലുള്ള അക്രമങ്ങൾ കൂടുതൽ മതൈക്യസംവാദങ്ങൾക്ക് പ്രേരണയായിട്ടുണ്ട്. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും ജീവിക്കുന്ന മനുഷ്യരെ ഒരുമിച്ച് ഒരേ കുടക്കീഴിൽ കൊണ്ടുവരാനും, പരസ്പരസംവാദങ്ങളിലൂടെയും ആശയങ്ങൾ പങ്കുവയ്ക്കലുകളിലൂടെയും മറ്റുള്ളവർക്ക് തങ്ങളുടെ മതങ്ങളെക്കുറിച്ച് അറിവ് പങ്കുവയ്ക്കാനും, അതേസമയം മറ്റുള്ള മതചിന്തകളെ കൂടുതൽ മനസ്സിലാക്കാനും അതുവഴി അവരെ കൂടുതൽ സ്നേഹിക്കാനും ഒക്കെ ഇങ്ങനെയുള്ള സമ്മേളനങ്ങൾ സഹായിച്ചിട്ടുണ്ട്. പരസ്പരം മനസ്സിലാക്കാൻ സാധിക്കാത്തപ്പോഴാണ് പലപ്പോഴും പരസ്പരം അംഗീകരിക്കുവാൻ സാധിക്കാത്തത്. അവിടെയാണ് പരസ്പരമുള്ള വെറുപ്പും വിഭജനചിന്തകളുമൊക്കെ ആരംഭിക്കുക.
സ്വന്തം വിശ്വാസം അറിയുക
മറ്റു മതങ്ങളെ മനസ്സിലാക്കുന്നതിന് മുൻപായി സ്വന്തം വിശ്വാസം എന്തെന്ന് ഓരോരുത്തർക്കും വ്യക്തമായ ഒരു ധാരണയുണ്ടായിരിക്കണം. സ്വന്തം മതത്തെക്കുറിച്ചുള്ള അജ്ഞത, പലപ്പോഴും തെറ്റിദ്ധാരണകൾക്കും, തെറ്റായ ഉപദേശങ്ങൾക്കും വിശ്വാസങ്ങൾക്കും വരെ കാരണമായേക്കാം. പലപ്പോഴും വിഭാഗീയചിന്തകളും, വർഗ്ഗീയതയും വെറുപ്പിനുള്ള ആഹ്വാനങ്ങളുമൊക്ക ആരംഭിക്കുന്നത് പോലും സ്വന്തം മതത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലാത്തതുകൊണ്ടാകാം. മതങ്ങളൊന്നും പരസ്പരം വെറുക്കാനോ പോരടിക്കാനോ ആഹ്വാനം ചെയ്യുന്നില്ലെന്ന ബോധ്യം ഇല്ലാത്ത മനുഷ്യരുടെ മനസ്സിലാണ്, തീവ്രവാദചിന്തകൾ കുത്തിനിറയ്ക്കാൻ ചില കുബുദ്ധികൾക്കാകുക. മതചിന്തകൾ പറഞ്ഞുകൊടുക്കുന്ന അധ്യാപകർക്ക് ആദ്യം വേണ്ട ഗുണം, തങ്ങളുടെ മതത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടായിരിക്കണം എന്നതാണ്. ദൈവഹിതത്തിനു മനസ്സിനെ സമർപ്പിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാംമതവിശ്വാസവും, കാരുണ്യവും സഹതാപവും പറഞ്ഞുതരുന്ന ബുദ്ധമതവും, "വസുധൈവകുടുംബകം, ലോകം മുഴുവൻ ഒരു കുടുംബം" എന്ന ആശയം പഠിപ്പിക്കുന്ന ഹിന്ദുമതവും, സ്നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമിട്ട ക്രൈസ്തവമതവുമൊന്നും അക്രമത്തിന്റെ വഴിയോ, പരസ്പരവെറുപ്പോ പറഞ്ഞുകൊടുക്കുന്നില്ലല്ലോ. മതങ്ങൾ മനുഷ്യരെ സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനുമാണ് പഠിപ്പിക്കുന്നത്, പഠിപ്പിക്കേണ്ടത്.
സാഹോദര്യവും സമാധാനവും
2022 സെപ്റ്റംബർ 13 മുതൽ 15 വരെ കസാഖ്സ്ഥാനിൽ വച്ച് നടന്ന ആഗോള, പരമ്പരാഗത മതങ്ങളുടെ ഏഴാമത് സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ ഫ്രാൻസിസ് പാപ്പാ തന്റെ അപ്പസ്തോലികയാത്രയിൽ തിരഞ്ഞെടുത്ത ആപ്‌തവാക്യം "സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകർ" എന്നതായിരുന്നു. എല്ലാ മതങ്ങളിലുമുള്ള, സമാധാനത്തിനും സഹോദര്യത്തിനുമുള്ള സന്ദേശം ഓരോ മതവിശ്വാസിയും ജീവിക്കാൻ തുടങ്ങിയാൽ അവരോരുത്തരും ലോകത്തിന് മുഴുവനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരായി മാറും.
സൃഷ്ടപ്രപഞ്ചത്തിന്റെ ശില്പിയെന്ന നിലയിൽ ദൈവസങ്കല്പത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ, ഒരേ സൃഷ്ടാവിന്റെ മക്കളാണ് തങ്ങളെന്ന്, ആ നിലയിൽ സഹോദരങ്ങളാണ് തങ്ങളെന്ന് മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും എളുപ്പമുണ്ടാകും. സൃഷ്ടാവായ ദൈവത്തിന്റെ സൃഷ്ടികളാണ് നാമെങ്കിൽ, അതനുസരിച്ച് മറ്റുള്ളവരെയും നമ്മെപ്പോലെതന്നെ ഉള്ള ദൈവസൃഷ്ടികൾ എന്ന നിലയിൽ അംഗീകരിക്കാനും ബഹുമാനിക്കാനും, സ്നേഹിക്കാനും നമുക്ക് സാധിക്കും. ഈയൊരു വലിയ അർത്ഥത്തിൽ ലോകം മുഴുവനും ഒരു സമൂഹമായി ഒരു കുടുംബമായി മാറുന്നുണ്ട്. പരസ്പരം സ്നേഹിക്കുന്നതുമായി ബന്ധപ്പെട്ട്, "സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, കാരണം ദൈവം സ്നേഹമാണ്" എന്ന് യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിന്റെ നാലാം അധ്യായം എട്ടാം വാക്യത്തിൽ എഴുതിവയ്ക്കുന്നുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യർക്കായെഴുതിയ ഒരു വാക്യമാണ് ഇതെങ്കിലും, ഇതിനു സമാനമായ ചിന്തകൾ എല്ലാ മതങ്ങളിലുമുണ്ടല്ലോ.
കസാഖ്സ്ഥാനിൽ 2022 സെപ്റ്റംബർ പതിനാലാം തീയതി, മതനേതാക്കളുടെ സമ്മേളനത്തിന്റെ ആരംഭത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞ വാക്കുകളെ കടമെടുത്തു പറഞ്ഞാൽ, "ഒരേ സ്വർഗ്ഗത്തിന്റെ, ഒരേ വാനത്തിന്റെ മക്കളാണ് നമ്മൾ". അത്തരമൊരു സാഹോദര്യം നമുക്ക് ജീവിക്കാനായാൽ ലോകത്ത് യഥാർത്ഥ സമാധാനം പുലരും. വ്യത്യസ്തതകൾ അംഗീകരിക്കുമ്പോഴും, പലതരം വിശ്വാസസംഹിതകൾ കൊണ്ടുനടക്കുമ്പോഴും, ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളെന്ന നിലയിൽ സഹോദര്യമനോഭാവത്തോടെ ജീവിക്കാൻ തുടങ്ങിയാൽ, പരസ്പരം ബഹുമാനിക്കാൻ തുടങ്ങിയാൽ മനുഷ്യർക്കിടയിലുള്ള വെറുപ്പിനെയും വൈരാഗ്യത്തെയുമൊക്കെ തുടച്ചുമാറ്റുവാൻ നമുക്കാകും.
ഒരേ ലക്ഷ്യം മുന്നിൽക്കാണുന്ന വ്യത്യസ്തതകളുള്ള മനുഷ്യർ
സമാധാന, സന്തോഷ ചിന്തകളാണ് മനുഷ്യരെ നയിക്കേണ്ടത്. വിശ്വാസമുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവികമായ ചിന്തയിൽ അധിഷ്ടിതമാണ് ജീവിതലക്ഷ്യം. മുൻപ് ചിന്തിച്ചതുപോലെ ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളെന്ന നിലയിൽ ചിന്തിക്കാൻ നമുക്കാകുമെങ്കിൽ, അതെ സൃഷ്ടാവിനെ ചുറ്റിപ്പറ്റിയായിരിക്കും നമ്മുടെ ജീവിതലക്ഷ്യവും. അവനിലേക്കുള്ള മാർഗ്ഗമായി ജീവിതവും പ്രവൃത്തികളും മാറുമ്പോൾ ഒരേ തോണിയിൽ ഒരേ ലക്ഷ്യം മുൻനിറുത്തി തുഴയുന്ന മനുഷ്യരായി നാം പരസ്പരം തിരിച്ചറിയും.
ഒരേ ലക്ഷ്യമാണ് നമുക്കുള്ളതെങ്കിലും, ഒരേ സൃഷ്ടാവിനെയാണ് നാം മുന്നിൽ കാണുന്നതെങ്കിലും, നമുക്ക് വിശ്വാസത്തിന്റെയും മതത്തിന്റെയുമൊക്കെ കാര്യത്തിൽ വ്യത്യസ്ത ചിന്തകളും ആശയങ്ങളും ഉണ്ടായിരിക്കാം. എങ്കിലും ഒരു സംഗീതകച്ചേരി പോലെ, പരസ്പരം പൊരുത്തമുള്ള, സ്വരച്ചേർച്ചയുള്ള അവസ്ഥയിലാണ് ഹൃദ്യമായ സംഗീതമുണരുന്നത് എന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം. വ്യത്യസ്തതകളെ ഇല്ലാതാക്കുകയോ, മറ്റ് ഉപകരണങ്ങളെ പൂർണ്ണമായും നിശബ്ദമാക്കുകയോ ചെയ്തുകൊണ്ടല്ല ശ്രുതിമധുരമായ സംഗീതം സൃഷ്ടിക്കപ്പെടുന്നത്. ലോകസമാധാനത്തിനും സഹവാസത്തിനും ഈയൊരു യുക്തി സഹായകമാണ്. എല്ലാ മനുഷ്യരെയും അംഗീകരിക്കുകയും, പരസ്പരം സഹവർത്തനം സാധ്യമാവുകയും ചെയ്യുമ്പോഴാണ് മാനുഷികത മനോഹരമായ സംഗീതം പൊഴിക്കുന്നത്.
മതസ്വാതന്ത്ര്യവും ഐക്യവും സഹവാസവും
മതസ്വാതന്ത്ര്യവും ഐക്യവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെപ്പറ്റി ആർക്കും തന്നെ സംശയമുണ്ടാകില്ല. സ്വതന്ത്രരായ വ്യക്തികൾ തമ്മിലാണ് നിലനിൽക്കുന്ന സമാധാനം ഉണ്ടാകുന്നത്. അടിച്ചമർത്തപ്പെട്ടവരും അടിച്ചമർത്തുന്നവരും തമ്മിൽ സമാധാനപരമായ സഹവർത്തിത്വമോ, നീണ്ടുനിൽക്കുന്ന സമാധാനമോ ഉണ്ടാകില്ല. അസാധ്യതകളുടെ മുന്നിൽ, മറ്റു പോംവഴികൾ ഇല്ലാത്തതിനാൽ, അടിയറവു പറയുന്നതും, സ്വതന്ത്രമായ ചിന്താശേഷിയോടെ പരസ്‌പരവിട്ടുവീഴ്ചകൾക്കും അംഗീകാരത്തിനും സമ്മതിക്കുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ടല്ലോ.
മതസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വിവിധ ഘടകങ്ങളിൽ ഒന്ന് വിദ്യാഭ്യാസമാണ്. സ്വന്തം വിശ്വാസത്തെയും ചരിത്രത്തെയും പറ്റി ശരിയായ രീതിയിൽ വിദ്യാഭ്യാസം ലഭിക്കാത്ത ആളുകളെ തെറ്റായ രീതിയിൽ നയിക്കാൻ ഏറെ എളുപ്പമാണ്. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളുമായി ബന്ധപ്പെട്ട പല സംഭവങ്ങളും നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. വിദ്യാഭ്യാസമുള്ള ആളുകൾ പോലും പലതരത്തിലുള്ള തീവ്രവാദപ്രശ്നങ്ങളിൽ ഭാഗഭാക്കുകളാകുന്ന ഒരു കാലത്ത്, വിദ്യാഭ്യാസം ലഭിക്കാത്ത ആളുകളുടെ ജീവിതത്തെ, തങ്ങളുടെ ആവശ്യാനുസരണം മാറ്റിയെടുക്കാൻ, ദുശ്ചിന്തയോടെ പ്രവർത്തിക്കുന്ന ആളുകൾക്ക് സാധിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
വിദ്യാഭ്യാസത്തിലൂടെയും, സിവിൽ, രാഷ്ട്രീയ നേതൃത്വങ്ങളുടെ ശരിയായ തീരുമാനങ്ങളിലൂടെയും ഒരു സമൂഹത്തിൽ, വിവിധ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും ആരോഗ്യപരമായ അറിവും നിർദ്ദേശങ്ങളും നൽകി, പരസ്പരബഹുമാനത്തിലൂടെയും അംഗീകാരത്തിലൂടെയും ജീവിക്കുന്നതിലേക്ക് ജനതകളെ നയിക്കുന്നിടത്തേ ഐക്യത്തിനുള്ള സാദ്ധ്യതകൾ തെളിയൂ. ഓരോ വ്യക്തികൾക്കും മറ്റുള്ളവരുടെ ജീവിതങ്ങളെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ, തങ്ങളുടെ വിശ്വാസരീതികളും ആശയങ്ങളും അനുസരിച്ച് ജീവിക്കാൻ അനുവദിക്കുന്ന സാമൂഹ്യസ്ഥിതിയാണ് നമുക്ക് ആവശ്യം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് യോജിക്കാൻ സാധിക്കാത്തപ്പോഴും, അവരുടെ തിരഞ്ഞെടുപ്പുകൾ പ്രതിപക്ഷബഹുമാനത്തോടെ അംഗീകരിക്കാൻ സാധിക്കണം. എന്നാൽ, യഥാർത്ഥ ജനാധിപത്യം പോലെ, ഭൂരിപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ ആകരുത് സമൂഹത്തിന്റെ മുഴുവനും ജീവിതത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നത്. ഏതൊരു മതവും ആയിക്കൊള്ളട്ടെ, വളരെ കുറച്ചു പേർ മാത്രം അതിൽ വിശ്വസിച്ചുകൊള്ളട്ടെ, അവർക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സാധിക്കണം.
മനുഷ്യജീവന്റെ വില
ഒരേ ഭൂമിയിൽ വസിക്കുന്ന മനുഷ്യരാണ് നാമെല്ലാവരും. മത, വർണ്ണ, വർഗ്ഗ വിശ്വാസവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും പരസ്‌പരം സഹായമാകുവാനും സഹവസിക്കുവാനും വിളിക്കപ്പെട്ടവർ. ഈയൊരു ബോധ്യത്തോടെ വേണം മതവുമായി ബന്ധപ്പെട്ട സംവാദങ്ങളിലേക്ക് നാം ഇറങ്ങുവാൻ. എന്റെ ജീവിതം പോലെ തന്നെ വിലയുള്ളതാണ് മറ്റുള്ള മനുഷ്യരുടെ ജീവിതമെന്ന തിരിച്ചറിവോടെ വേണം എല്ലാ മനുഷ്യരെയും നോക്കിക്കാണുവാൻ. ധനികനോ ദരിദ്രനോ, വെളുത്തവനോ കറുത്തവനോ, വിദ്യാഭ്യാസമുള്ളവനോ, നിരക്ഷരനോ അങ്ങനെ നമുക്ക് ചിന്തിക്കാവുന്ന എല്ലാ രീതികളിലും മനുഷ്യർ വ്യത്യസ്തരായിരിക്കുമ്പോഴും, അവരെല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണെന്ന സത്യം നമ്മുടെ മതങ്ങൾ നമ്മെ പഠിപ്പിക്കണം. എന്റെ ജീവിതം, എന്റെ കുടുംബം, എന്റെ സമുദായം, എന്റെ നാട്, എന്റെ രാജ്യം അങ്ങനെ എന്റേതെന്ന വേർതിരിവ് നാം വയ്ക്കുമ്പോഴും, അപരനും എന്നെപ്പോലെ തന്നെ മാനവും മാന്യതയുമുള്ള ഒരു വ്യക്തിയാണെന്ന് നാം മറക്കരുത്. എല്ലാ ജീവനുകളും ദൈവത്തിനു മുൻപിൽ അമൂല്യമാണ്. ആ വിലയെ തിരിച്ചറിയാനും അംഗീകരിക്കാനും നമ്മുടെ ദൈവവിശ്വാസം നമ്മെ പഠിപ്പിക്കണം.
മറ്റു മനുഷ്യരുടെ ജീവനും എന്റെ ജീവനെപ്പോലെതന്നെ വിലയുണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങുമ്പോൾ, മറ്റുള്ളവരോടുള്ള നമ്മുടെ കാഴ്ചപ്പാടിനും പെരുമാറ്റത്തിനും വ്യത്യാസമുണ്ടാകും. "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" (മാർക്കോസ് 12, 31) എന്ന് പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ വചനങ്ങൾ ഒരോ ക്രൈസ്തവന്റെയും ജീവിതത്തെ എങ്ങനെ വ്യത്യസ്ഥമാക്കേണ്ടതാണ്. എല്ലാ മതങ്ങളുംതന്നെ ഇതുപോലെ അപരനെ സ്നേഹിക്കാനും അംഗീകരിക്കാനും വിവിധരീതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഏതൊരു വിശ്വാസമാണോ അപരന്റെ ജീവനെ അംഗീകരിക്കാത്തത്, അത്തരമൊരു വിശ്വാസം ദൈവവുമായി ബന്ധപ്പെട്ടതാകാൻ വഴിയില്ല. സൃഷ്ടികളായ ചില മനുഷ്യരെ വിലകുറഞ്ഞവരും വിലയുള്ളവരുമായി വേർതിരിച്ചു കാണുന്ന ഒരു സൃഷ്ടാവിനെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഇവിടെ പാപത്തിലൂടെ ദൈവഹിതത്തിനെതിരായി, മാനവകുലത്തിനെതിരായി പ്രവർത്തിച്ച് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വ്യത്യാസമല്ല ഉദ്ദേശിക്കുന്നത് എന്നത് ഓർക്കുമല്ലോ.
സമൂഹവും അഭിവൃദ്ധിയും പുരോഗതിയും
വിവിധ മത, സാംസ്‌കാരിക, വിശ്വാസ ചിന്താഗതികൾ ജീവിക്കുമ്പോഴും, പരസ്‌പരം അംഗീകരിക്കുവാനും വിലമതിക്കുവാനും മനുഷ്യർ തയ്യാറാകുമ്പോഴേ, അവിടെ ഐക്യവും, സമാധാനവും, അതിലൂടെ ഒരുമിച്ചുള്ള അദ്ധ്വാനവും അഭിവൃദ്ധിയും സാധ്യമാകൂ. പരസ്പരം പോരാടി, നിരന്തരം സംഘർഷങ്ങളിൽ ഏർപ്പെട്ട് ജീവിക്കുന്ന കുടുംബങ്ങൾ തുടങ്ങി, രാജ്യങ്ങൾവരെയുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവിടങ്ങളിൽ ആരോഗ്യപരമായ ഒരു അഭിവൃദ്ധി, പ്രത്യേകിച്ച് എല്ലാ മനുഷ്യരുടെയും അഭിവൃദ്ധി അസാധ്യമാണെന്ന് നമുക്ക് കാണാം. മനുഷ്യരും കുടുംബങ്ങളും സമൂഹങ്ങളും ഒക്കെ പൊതുനന്മ മുന്നിൽ കണ്ട്, ഒരുമിച്ച് പ്രവർത്തിക്കുമ്പോഴേ പൊതുസമൂഹം പുരോഗതി പ്രാപിക്കൂ.
വ്യക്തിപരമായ വിജയങ്ങൾക്കും നേട്ടങ്ങൾക്കും സമൂഹം മുഴുവനും ഒരുമിച്ച് പ്രവർത്തിക്കേണ്ട ആവശ്യമില്ലായിരിക്കാം എന്നത് ശരി തന്നെയാണ്. എന്നാൽ ലോകം മുഴുവൻ ഒരു ചെറുസമൂഹമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, പരസ്പര ആശയവിനിമയവും സഹവാസവും അനിവാര്യമായിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ മറ്റുള്ളവരെ ഇല്ലാതാക്കിക്കൊണ്ട് നേടാനാകുന്നവ ശാശ്വതമാകില്ലെന്ന് നമുക്കറിയാം.
നമ്മുടെ സമൂഹങ്ങളെയും, നാം വസിക്കുന്ന ഭൂമിയെയും, മറ്റു മനുഷ്യരുടെ ജീവനെയും ശരിയായ രീതിയിൽ പരിഗണിക്കാത്ത ആർക്കും സ്ഥിരമായ ഒരു വിജയം നേടാനോ, പുരോഗതി ഉണ്ടാക്കുവാനോ എളുപ്പമല്ല. മറ്റുള്ളവരെക്കൂടി മാനിക്കുന്ന സമൂഹത്തിലെ നമ്മുടെ ജീവിതങ്ങൾക്ക് മാന്യതയുണ്ടാകൂ. എല്ലാവർക്കും വസിക്കാനുള്ള ഇടമായി ഭൂമിയെ കരുതി പ്രവർത്തിക്കുമ്പോഴേ, നമ്മുടെ വാസവും സമാധാനപൂർണ്ണമാകൂ. എല്ലാവരുടെയും പുരോഗതിയെ മുൻനിറുത്തി പ്രവർത്തിക്കുമ്പോഴേ യഥാർത്ഥ പുരോഗതി കൈവരിക്കാൻ സമൂഹങ്ങൾക്കും രാജ്യങ്ങൾക്കുമാകൂ.
കൂടുതൽ മസൗഹാർദ്ദപരമായ ഒരു ഭൂമിയെ നമുക്ക് സ്വപ്നം കാണാം, അതിനായി പ്രവർത്തിക്കാം. വിശ്വാസങ്ങളും ചിന്തകളും വ്യത്യസ്തമാണെങ്കിലും ഏകോദരസഹോദരങ്ങളെപ്പോലെ സഹകരിച്ചു ജീവിക്കാൻ നമ്മുടെയൊക്കെ വിശ്വാസങ്ങൾ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: