തിരയുക

സങ്കീർത്തനചിന്തകൾ - 147 സങ്കീർത്തനചിന്തകൾ - 147 

സ്രഷ്ടവും സംരക്ഷകനുമായ ദൈവം

വചനവീഥി: നൂറ്റിനാൽപ്പത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിനാൽപ്പത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഹല്ലേലൂയാ ഗീതങ്ങൾ എന്ന് വിളിക്കപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ രണ്ടാമത്തേതാണ്  നൂറ്റിനാല്പത്തിയേഴാം സങ്കീർത്തനം. സ്തുതിയുടേതായ മറ്റു സങ്കീർത്തനങ്ങളിലെ സവിശേഷതകളെല്ലാം ഇവിടെയും നമുക്ക് കാണാം. ദൈവം തന്റെ സൃഷ്ടികർമ്മത്തിന്റെയും രക്ഷാകരപ്രവർത്തനങ്ങളുടെയും പേരിൽ പുകഴ്ത്തപ്പെടുന്നു. 33, 104 തുടങ്ങിയ സങ്കീർത്തനങ്ങളിലെ ആശയങ്ങൾക്ക് സമാന്തരമായ ചിന്തകളാണ്, സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിനുള്ള സ്തുതിഗീതമായ ഈ സങ്കീർത്തനത്തിലും ആവർത്തിക്കപ്പെടുന്നത്. മറ്റു ഹല്ലേലൂയാ ഗീതങ്ങൾ പോലെ, ദൈവസ്‌തുതിക്കുള്ള ആഹ്വാനത്തോടെയാണ് ഈ സങ്കീർത്തനവും ആരംഭിക്കുന്നതും അവസാനിക്കുന്നതും. 1, 7, 12 വാക്യങ്ങളിൽ കാണുന്ന, ദൈവത്തെ സ്തുതിക്കുവാനുള്ള മൂന്ന് ആഹ്വാനങ്ങളിലൂടെ മൂന്നായി ഈ സങ്കീർത്തനത്തെ നമുക്ക് തിരിക്കാനാകും.

സംരക്ഷകനും പരിപാലകനുമായ ദൈവം

സ്തുതിയുടേതാണ് സങ്കീർത്തനത്തിന്റെ ആദ്യ ആറു വാക്യങ്ങൾ. ദൈവത്തിന്റെ ശക്തമായ പരിപാലനവും, അവന്റെ സീമാതീതമായ ശക്തിയുമാണ് ഈ വാക്യങ്ങളിൽ സങ്കീർത്തകൻ വർണ്ണിക്കുന്നത്. കാരുണ്യവാനായ കർത്താവിന് സ്‌തുതി പാടുവാൻ സാധിക്കുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവത്തെ സ്‌തുതിക്കുന്നത് സന്തോഷകരമാണ്. തിരിച്ചറിവിൽനിന്നുയരുന്ന നന്ദിയുടെ വാക്കുകളാണവ. ചിതറിപ്പോയ തന്റെ ജനത്തെ  ഒരുമിച്ചു കൂട്ടുന്നത് ദൈവമാണ്. "കർത്താവ് ജെറുസലേമിനെ പണിതുയർത്തുന്നു; ഇസ്രയേലിൽനിന്ന് ചിതറിപ്പോയവരെ അവിടുന്ന് ഒരുമിച്ചുകൂട്ടുന്നു" (വാ. 2). പുറപ്പാടിന്‌ ശേഷമുള്ള തിരിച്ചുവരവിനെയും ജെറുസലേമിന്റെ പുനഃരുദ്ധാരണത്തെയും ആയിരിക്കാം സങ്കീർത്തകൻ ഇവിടെ വിവക്ഷിക്കുന്നത്. വിവിധ കാരണങ്ങളാൽ സമൂഹത്തിൽനിന്ന് മാറ്റിനിറുത്തപ്പെട്ട ആളുകളെ കൈപിടിച്ച് തിരികെ കൊണ്ടുവരുന്നതും ദൈവമാണ്. ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും, അവരുടെ മുറിവുകൾ വച്ച് കെട്ടുകയും ചെയ്യുന്ന കരുതലിന്റെ ദൈവമാണ് യാഹ്‌വെ.

തന്റെ സൃഷ്ടികളെ പരിപാലിക്കുന്നവനും അവിടുന്നാണ്. നമ്മുടെ ബുദ്ധി കൊണ്ടോ ശാസ്ത്രത്തിന്റെ കഴിവുകൊണ്ടോ എണ്ണിത്തീരാനാകാത്ത നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതും അവയ്ക്ക് പേരിടുന്നതും ദൈവമാണ്. ദൈവത്തിന്റെ സൃഷ്ടി മാത്രമായ അസംഖ്യം നക്ഷത്രങ്ങൾക്ക് പേരിടുന്ന ദൈവം, തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്‌ടിച്ച, താൻ തിരഞ്ഞെടുത്ത ജനത്തെ എത്രയധികമായി കരുതുമെന്ന ചിന്തയും ഇവിടെ കാണാം. "കർത്താവ് എളിയവരെ ഉയർത്തുന്നു; ദുഷ്ടരെ തറപറ്റിക്കുന്നു" (വാ. 6). ലോകത്തിന്റേതായ ക്രമങ്ങളെ ദൈവം തന്റേതായ ക്രമത്തിലേക്ക് മാറ്റുകയാണ്. ലോകം താഴ്ത്തുന്ന, ദൈവത്തിനു മുൻപിൽ എളിമയുള്ളവരെ ദൈവം ഉയർത്തുന്നു. ശക്തിയും അഹങ്കാരവും ദുഷ്ടതയും കൊണ്ട് ലോകം പിടിച്ചെടുക്കാമെന്ന് കരുതുന്ന ദുഷ്ടരെ, സകലതും അറിയുന്ന ദൈവം തറപറ്റിക്കുന്നു.

ആഹാരമേകുന്ന, പരിപാലിക്കുന്ന സ്രഷ്ടാവ്

"കർത്താവിന് കൃതജ്ഞതാഗാനം ആലപിക്കുവിൻ; കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്‌തുതിക്കുവിൻ" (വാ. 7). തന്റെ സൃഷ്ടപ്രപഞ്ചത്തെ പരിപാലിച്ചു കൊണ്ടുനടക്കുന്ന സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുവാനുള്ള ആഹ്വാനമാണ് സങ്കീർത്തനത്തിന്റെ ഏഴുമുതൽ പതിനൊന്നു വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. വിണ്ണിനെയും ഭൂമിയെയും, മൃഗങ്ങളെയും പക്ഷികളെയും, മനുഷ്യരെയും സംരക്ഷിച്ചു പൊതിഞ്ഞുപിടിക്കുന്നതും, തീറ്റിപ്പോറ്റുന്നതും ദൈവമായ കർത്താവാണ്. വാനിൽ മേഘങ്ങളെ സൃഷ്ടിക്കുന്നതും, ഭൂമിക്കായി മഴയൊരുക്കുന്നതും, മലകളിൽ പുല്ലു മുളപ്പിക്കുന്നതും ദൈവമാണ്. പടക്കുതിരയുടെ ബലമോ, ഓട്ടക്കാരന്റെ ശീഘ്രതയോ അല്ല ദൈവത്തിന് മുൻപിൽ പ്രശംസനീയമായത്. തന്നിൽ വിശ്വാസമർപ്പിക്കുന്ന, തന്നിൽ അഭയം തേടുന്ന ഓരോ ജന്മങ്ങളെയുമാണ് അവിടുന്ന് വിലമതിക്കുന്നത്. പതിനൊന്നാം വാക്യത്തിൽ സങ്കീർത്തകൻ എഴുതിവയ്ക്കുന്നത് ഇങ്ങനെയാണ്: "തന്നെ ഭയപ്പെടുകയും, തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത്" (വാ. 11). ദൈവത്തിൽ ആശ്രയം വയ്ക്കുകയെന്നാൽ അവന്റെ കഴിവിനെയും കരുണയെയും സംരക്ഷണത്തെയും ലോകത്തിന് മുൻപിൽ ഏറ്റുപറയുക കൂടിയാണ്. നമ്മുടെ കഴിവുകളിൽ ശരണവും ആശ്രയവും വയ്ക്കാതെ, ദൈവത്തിന്റെ പരിപാലനയിൽ ശരണമർപ്പിച്ച് ജീവിക്കുവാനുള്ള ഒരു വിളികൂടിയാണ് ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാനാവുക. സ്വന്തം കഴിവിലും, സ്വയം പര്യാപ്തതയിലും ഊന്നി ജീവിക്കുന്നതിനേക്കാൾ, സർവ്വശക്തനായ ദൈവത്തിലുള്ള ശരണം ഏറ്റുപറഞ്ഞ്, അവനിൽ അഭയം കണ്ടെത്തി ജീവിക്കുന്നത് ദൈവത്തിന് മുൻപിൽ പ്രീതികരമാണ്. തന്റെ നിസ്സാരതയെയും ബലഹീനതകളെയും തിരിച്ചറിയുന്ന മനുഷ്യനു മാത്രമേ, നിത്യനും ശക്തനുമായ ദൈവത്തിൽ ശരണമർപ്പിക്കാനാകൂ.

ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത ജെറുസലെം

"ജെറുസലേമേ, കർത്താവിനെ സ്തുതിക്കുക; സീയോനെ, നിന്റെ ദൈവത്തെ പുകഴ്ത്തുക" (വാ. 12) എന്ന ആഹ്വാനത്തോടെയാണ് സങ്കീർത്തനത്തിന്റെ മൂന്നാമത്തെ ഭാഗം ആരംഭിക്കുന്നത്. സങ്കീർത്തനത്തിന്റെ പന്ത്രണ്ടു മുതലുള്ള വാക്യങ്ങളിൽ ജെറുസലേമിനോടുള്ള ദൈവത്തിന്റെ പ്രത്യേകമായ കരുതലും സ്നേഹവുമാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്. ജെറുസലേമിന്റെ നഗരകവാടങ്ങളുടെ ഓടാമ്പലുകൾ ബലപ്പെടുത്തുന്നവനും, കോട്ടയ്ക്കുള്ളിൽ ഉള്ള മനുഷ്യർക്ക് അനുഗ്രഹമേകുന്നവനും ദൈവമാണ്. മറ്റു ജനതകളാൽ അടിച്ചമർത്തപ്പെട്ട തന്റെ ജനത്തിന് സ്വാതന്ത്ര്യമേകിയത് അവിടുന്നാണ്. സമാധാനത്തിന്റെ രാജാവായ ദൈവമാണ് ജറുസലേമിൽ സമാധാനം കൊണ്ടുവരുന്നത്. തന്റെ ജനത്തിന്റെ വിശപ്പടക്കാനും അവരെ തൃപ്‌തരാകാനും വിശിഷ്ടമായ ഗോതമ്പാണ് ദൈവം നൽകുന്നത്. ആട്ടിൻരോമം പോലെയും ചാരം പോലെയും ഹിമകണങ്ങൾ പെയ്യിക്കുന്നത് അവിടുന്നാണ്. ജെറുസലേമിലേക്ക് മഞ്ഞും ആലിപ്പഴവും പെയ്യിക്കുക മാത്രമല്ല, അവിടുത്തെ മഞ്ഞുപാളികളെ ഉരുക്കുന്ന ഇടിമിന്നലയ്ക്കുന്നതും ഇസ്രയേലിന്റ ദൈവമായ കർത്താവാണ്.

ജെറുസലേമിനെ പുനർസൃഷ്ടിക്കുന്ന ദൈവം അതിനെ ജീവന്റെ ഉറവയായ തന്റെ വചനത്തിന്റെ വെളിപ്പെടുത്തലിന്റെ ഇടമാക്കി മാറ്റുകയാണ്. "അവിടുന്ന് ഭൂമിയിലേക്ക് കല്പന അയക്കുന്നു; അവിടുത്തെ വചനം പാഞ്ഞു വരുന്നു" (വാ. 15). അവിടുത്തെ മഞ്ഞിനെ "അവിടുന്ന് കൽപന അയച്ച് അതിനെ ഉരുക്കിക്കളയുന്നു" (വാ. 18a). "അവിടുന്ന് യാക്കോബിന് തന്റെ കൽപനയും ഇസ്രായേലിന് തന്റെ ചട്ടപ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല" (വാ. 19-20). ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട്, സംരക്ഷിക്കപ്പെട്ട് മുന്നോട്ടു നീങ്ങുന്ന ഇസ്രായേലിന്, തന്റെ രക്ഷകനും പരിപാലകനുമായ ദൈവത്തിന്റെ കൽപനകൾ അനുസരിക്കാനും, ആ കൽപനകൾ തെളിക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും കടമയുണ്ട്. സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാതിരുന്ന ഒരു ജനതയെയാണ് ദൈവം മറ്റു ജനതകളുടെയിടയിൽനിന്ന് തിരഞ്ഞെടുത്തത്, അവരുടെ കൂടെയായിരുന്നത്, അവർക്ക് കാരുണ്യത്തിന്റെയും രക്ഷയുടെയും ദൈവമായത്. ദൈവപ്രമാണങ്ങളുടെ ജ്ഞാനവെളിച്ചത്തിൽ, കർത്താവായ ദൈവത്തിന് സ്തുതിയർപ്പിക്കുവാനുള്ള ആഹ്വാനത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ഒന്നുമല്ലാതിരിക്കെ, സൗജന്യമായി ലഭിച്ച സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞ്, ദൈവത്തിൽ ശരണപ്പെട്ട് അവന്റെ സ്തുതികൾ ആലപിക്കുവാനുള്ള ആഹ്വാനമുൾക്കൊള്ളുന്ന നൂറ്റിനാല്പത്തിയേഴാം സങ്കീർത്തനം വിശ്വാസികളായ ഓരോ മനുഷ്യർക്കും ഒരു വിളിയാണ് നൽകുന്നത്; ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ ഔന്ന്യത്യത്തിനു മുൻപിൽ, തങ്ങളുടെ ഒന്നുമില്ലായ്മയെ തിരിച്ചറിയാനും എളിമയോടെയും ദൈവാശ്രയബോധത്തോടെയും ജീവിക്കാനും അവന്റെ സ്‌തുതികൾ ജീവിതകാലം മുഴുവൻ ആലപിക്കാനും ഉള്ള വിളി. സർവ്വശക്തനായ ദൈവത്തിന്റെ സ്തുതികൾ പാടുന്നതും അവനിൽ ശരണം വച്ച് ജീവിക്കുന്നതും കൂടുതൽ അനുഗ്രഹങ്ങൾക്കും ലോകത്തിന് മുൻപിൽ സാക്ഷ്യത്തിനും കാരണമാകും. ദൈവം സൃഷ്ടിച്ച്, കരുണയാൽ പരിപാലിക്കുന്ന ഈ ഭൂമിയിൽ, അവന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട്, പ്രത്യേകമായി തിരഞ്ഞെടുക്കപ്പട്ട നമുക്കോരോരുത്തർക്കും അവന്റെ സ്തുതികൾ അനുദിനം ആലപിക്കാം, കൂടുതൽ അനുഗ്രഹീതരായ ദൈവജനമാകാം. നമ്മുടെയും ജീവിതങ്ങളെ ദൈവം പുനഃസൃഷ്ടിക്കട്ടെ, അവന്റെ ഹിതമനുസരിച്ച് ജീവിക്കുവാൻ വേണ്ടി തന്റെ കൽപനകൾ നമ്മുടെ ഹൃദയഭിത്തികളിൽ അവൻ സ്നേഹത്താൽ മുദ്രിതമാക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഒക്‌ടോബർ 2022, 16:58