ഏക ആശ്രയമായ കാരുണ്യവാനായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സങ്കീർത്തനങ്ങളുടെ പുസ്തകം ഉപസംഹരിക്കുന്ന, ഹല്ലേലൂയാ ഗീതങ്ങൾ എന്ന് കൂടി അറിയപ്പെടുന്ന, അഞ്ചു സങ്കീർത്തനങ്ങളുടെ ഒരു പരമ്പരയിൽ ഒന്നാമത്തേതാണ് നൂറ്റിനാല്പത്തിയാറാം സങ്കീർത്തനം. കാരുണ്യവാനായ ദൈവമല്ലാതെ നിലനിൽക്കുന്ന മറ്റ് ഉറപ്പുള്ള ആശ്രയം ഒന്നുമില്ല എന്ന് തന്റെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞ ഒരുവന്റെ വാക്കുകൾ ചേർത്ത് ഒരുക്കിയ ഒരു ഗീതമാണിത്. ഇതുവരെയുള്ള സങ്കീർത്തനങ്ങളിൽ ഇവയുടെ രചയിതാവിന്റെയും, ഒരു ജനതയുടെയും സങ്കടങ്ങളും, അപമാനങ്ങളും പാപങ്ങളും സംശയങ്ങളും ഭയങ്ങളും ഒക്കെ നാം കണ്ടുമുട്ടുന്നുണ്ട്. ഇവയിലൂടെ ദൈവജനത്തെ അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ നാം കണ്ടുമുട്ടുന്നുണ്ട്. ദൈവത്തോട് ധിക്കരിക്കുന്ന വാക്കുകളും, പ്രതിസന്ധികളിൽ ഞെരുങ്ങുന്ന അവരുടെ വിശ്വാസവും നാം കാണുന്നുണ്ട്. ഇവയിലൂടെയെല്ലാം കടന്നുപോയ ഒരു അനുഭവത്തിൽനിന്ന് ഈ അവസാന സങ്കീർത്തനങ്ങളിലേക്ക് നാം വരുമ്പോൾ സങ്കീർത്തനത്തിലുടനീളം ദൈവസ്‌തുതിയുടെയും ശരണത്തിന്റെയും വാക്കുകളാണ് നാം കാണുന്നത്. ദൈവത്തോട് ചേർന്ന്, അവനിൽ ആശ്രയിച്ച് മുന്നോട്ട് പോകുന്ന ഒരു ജീവിതത്തിന്റെ അനുഭവമാണിത്.
യഹോവയെ സ്‌തുതിക്കുക
തന്റെ ജീവിതകാലം മുഴുവൻ ദൈവത്തോട് ചേർന്ന് നടന്ന്, വിജയങ്ങളിൽ ദൈവത്തിന്റെ ഇടപെടലുകൾ തിരിച്ചറിഞ്ഞും, പരാജയങ്ങളിൽ ദൈവത്തിന്റെ കരുതുന്ന കരങ്ങളിൽ സ്വയം ശരണമർപ്പിച്ചും മുന്നോട്ട് നീങ്ങിയ ഒരുവന്റെ വാക്കുകൾ ദൈവസ്‌തുതിയുടേതായിരിക്കും. സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിൽ നാം ഇതാണ് കാണുന്നത്. "കർത്താവിനെ സ്‌തുതിക്കുവിൻ; എന്റെ ആത്മാവേ, കർത്താവിനെ സ്‌തുതിക്കുക. ആയുഷ്‌കാലമത്രയും ഞാൻ കർത്താവിനെ സ്‌തുതിക്കും; ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തിനു കീർത്തനം പാടും". ദൈവത്തിന് തന്റെ ജീവിതകാലം മുഴുവൻ സ്‌തുതി പാടും എന്നത് ഒരു പ്രഖാപനം മാത്രമല്ല, ഒരു ആഹ്വാനം കൂടിയാണ്. തന്റെ തന്നെ ആത്മാവിനെ ദൈവസ്‌തുതികൾ ആലപിക്കാൻ ക്ഷണിക്കുന്ന സങ്കീർത്തകന്റെ വാക്കുകൾ ഓരോ മനുഷ്യർക്കുമുള്ള ഒരു വിളികൂടിയാണ്. തന്റെ ആയുഷ്‌ക്കാലമത്രയും, മുഴുവൻ ജീവിതകാലവും ദൈവത്തിന്റെ സ്‌തുതികൾ പാടുമെന്നതാണ് സങ്കീർത്തകന്റെ വാഗ്‌ദാനം. സഹനങ്ങളിലും പീഡനങ്ങളിലും ദൈവത്തിന് മഹത്വമേകിയ ജീവിതങ്ങൾ കാണിച്ചു തരുന്നതും ഈയൊരു ആദ്ധ്യാത്മികവളർച്ചയാണ്. ജീവിതകാലം മുഴുവൻ, നിത്യതയോളം ദൈവത്തിന് സ്‌തുതികൾ പാടാം.
മനുഷ്യരും ദൈവവും
ആരിലാണ് ആശ്രയം വയ്‌ക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിലൂടെ സങ്കീർത്തകൻ നമ്മോട് പറയുന്നത്. "രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത മനുഷ്യപുത്രനിൽ, ആശ്രയം വയ്ക്കരുത്. അവൻ മണ്ണിലേക്ക് മടങ്ങുന്നു; അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു" (വാ. 3-4). മർത്യൻ മരണമുള്ളവനാണ്. അതുകൊണ്ടുതന്നെ അമർത്യനായ, നിത്യം ജീവിക്കുന്ന ദൈവത്തിലാണ് യഥാർത്ഥ ആശ്രയം കണ്ടെത്തേണ്ടത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനം തങ്ങളുടെ ചരിത്രത്തിലൂടെ ജീവിച്ച ചില അനുഭവങ്ങളിലേക്കുകൂടിയാണ് സങ്കീർത്തകൻ വെളിച്ചം വീശുന്നത്. ശക്തരെന്ന് കരുതിയ രാജാക്കന്മാരുടെ ദിനങ്ങൾ എണ്ണപ്പെട്ടവ മാത്രമാണെന്നും, അവരുടെ കരുത്ത് നിസ്സാരമായിരുന്നെന്നും ദൈവജനം തങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതാണ്. മണ്ണിൽനിന്ന് സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പ്രതാപവറും ശക്തിയുമെല്ലാം ഒരിക്കൽ അവസാനിക്കും. മണ്ണിൽനിന്ന് രൂപപ്പെട്ടവൻ മണ്ണിലേക്ക് തിരികെ മടങ്ങും. മണ്ണിനപ്പുറവും കൂടെയുള്ള നിത്യനായ ദൈവത്തിലാണ് ആശ്രയം വയ്ക്കേണ്ടത്, ജീവിതവും പ്രതീക്ഷകളും സമർപ്പിക്കേണ്ടത്.
എന്തുകൊണ്ട് ദൈവത്തിൽ ആശ്രയിക്കണം?
എന്തുകൊണ്ട് ദൈവത്തിൽ ആശ്രയിക്കണം, ആരാണ് ദൈവം എന്നിങ്ങനെ ഓരോ മനുഷ്യഹൃദയത്തിലും ഉയരുന്ന ചോദ്യങ്ങൾക്കുള്ള ചില ഉത്തരങ്ങളാണ് സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ ഒൻപതു വരെയുള്ള വാക്യങ്ങളിൽ നാം കണ്ടുമുട്ടുന്നത്. ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായ മനുഷ്യരുടെ സംരക്ഷകനും സഹായകനും ദൈവമാണ്. ആകാശവും ഭൂമിയും, സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്‌ടിച്ചത് ദൈവമായ കർത്താവാണ്. അവനിൽ ആശ്രയം വച്ചവരെ, അവനോട് വിശ്വസ്‌തതയോടെ ചേർന്ന് നടന്നവരെ കൈവിടാത്ത ദൈവമാണവൻ. ചരിത്രത്തിലൂടെ ഇസ്രയേലിന്റെ ഓർമ്മകളിൽ നിലനിൽക്കുന്ന പിതാക്കന്മാരുടെ അനുഭവവും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. അതുകൊണ്ടുതന്നെയാണ് "യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ, തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ വയ്ക്കുന്നവൻ ഭാഗ്യവാൻ" (വാ. 5) എന്ന് സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്. ദൈവത്തിന്റെ സ്‌തുതികൾ പാടുന്നവർ അവനിൽ സർവ്വവും സമർപ്പിച്ച് ജീവിക്കുന്നതിനുമപ്പുറം എന്ത് സാക്ഷ്യമാണ് നല്കുവാനുള്ളത്?
മർദ്ദിതർക്ക് നീതി നടത്തിക്കൊടുക്കുന്ന, വിശക്കുന്നവർക്ക് ആഹാരം നൽകുന്ന, ബന്ധിതരെ മോചിപ്പിക്കുന്ന ദൈവമാണ് യാഹ്‌വെ. ഇസ്രയേലിന്റെ ജീവിതാനുഭവമാണത്. അടിമത്തത്തിന്റെ കാലങ്ങളിൽ രക്ഷയായി, സ്വാതന്ത്ര്യമേകാനായി കടന്നുവന്ന ഒരു ദൈവം. മരുഭൂമിയുടെ ഊഷരതയിൽ അപ്പവും ജലവുമേകിയ ഒരു ദൈവം. അന്ധർക്ക് കാഴ്‌ചയേകുന്ന ഒരു ദൈവം. വീണു പോയ മനുഷ്യരെ കരം പിടിച്ച് എഴുന്നേൽപ്പിക്കുന്ന, കൂടെ നടക്കുന്ന ദൈവം. വിശ്വസ്തതയെ മാനിക്കുന്ന, നീതി പ്രവർത്തിക്കുന്ന, നീതിമാനെ ഇഷ്ടപ്പെടുന്ന ദൈവം. ആശ്രയമറ്റ പരദേശികൾക്ക് ആലംബമായി, തുണയില്ലാത്ത വിധവയ്ക്ക് താങ്ങായി, അനാഥർക്ക് സഹായമായി ദൈവം കരുണ കാണിക്കുന്നു. അതേസമയം ഇസ്രയേലിന്റെ നാഥൻ നീതിമാനായ ഒരു ദൈവംകൂടിയാണ്. അവൻ തിന്മ പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുന്ന ഒരു ദൈവമാണ്. "ദുഷ്ടരുടെ വഴി അവിടുന്ന് നാശത്തിലെത്തിക്കുന്നു" (വാ. 9b). ഇസ്രയേലിന്, ദൈവജനത്തിന് തങ്ങളുടെ ചരിത്രത്തിന്റെ വിവിധ നിമിഷങ്ങളിൽ നോക്കിക്കാണാവുന്ന ചില ചിത്രങ്ങളാണിവ. എന്നാൽ അതെ സമയം അതിലുപരിയായി, സന്തോഷവും ദുഃഖവും ഇടകലർന്ന ഒരു ജീവിതത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു വിശ്വസിക്കും തന്റെ ജീവിതത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്ന ചില ആധ്യാത്മിക അനുഭവങ്ങൾക്കൂടിയാണ് ഈ വാക്യങ്ങളിൽ നമുക്ക് വായിക്കുവാൻ സാധിക്കുക.
നിത്യനായ ദൈവത്തിന് സ്‌തുതി
ഹല്ലേലൂയാ ഗീതങ്ങൾ എന്ന് വിളിക്കപ്പെടുന്ന അവസാന അഞ്ചു സങ്കീർത്തനങ്ങളിൽ ഒന്നാമത്തേതായ ഈ സങ്കീർത്തനം അവസാനിക്കുന്നത് കർത്താവിനെ സ്‌തുതിക്കാനുള്ള ആഹ്വാനം നൽകിക്കൊണ്ടാണ്. "കർത്താവ് എന്നേക്കും വാഴുന്നു; സീയോനെ, നിന്റെ ദൈവം തലമുറകളിലൂടെ വാഴും; കർത്താവിനെ സ്‌തുതിക്കുവിൻ" (വാ. 10). തന്റെ ജീവിതത്തിൽ ദൈവത്തെ സ്‌തുതിക്കുവാനുള്ള ദൃഢനിശ്ചയം വ്യക്തമാക്കിയ സങ്കീർത്തകൻ ഇവിടെ തന്നെപ്പോലെ തന്നെ ദൈവത്തിന് സ്‌തുതിയർപ്പിക്കാൻ ഓരോ വിശ്വാസിയെയും ആഹ്വാനം ചെയ്യുന്നു. അധികാരങ്ങളും അധിപത്യങ്ങളും, രാജാക്കന്മാരും കടന്നുപോകുമ്പോഴും നിലനിൽക്കുന്നത് ഇസ്രയേലിന്റെ ദൈവമായ കർത്താവാണ്. സീയോന്റെ ദൈവം കുറവുകളോ വീഴ്ചകളോ ഇല്ലാത്ത, എന്നേക്കും, തലമുറകളിലൂടെ വാഴുന്ന ദൈവമാണ്. അതുകൊണ്ടുതന്നെ ഹല്ലേലൂയാ ആഹ്വാനത്തോടെ, ദൈവത്തെ സ്‌തുതിക്കാനുള്ള ക്ഷണത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്.
നമുക്കും കർത്താവിനെ സ്തുതിക്കാം
ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളിൽ, ദൈവത്തോട് അടുത്തും അകന്നും നിൽക്കുന്ന മനുഷ്യരുടെ ഉയർച്ചതാഴ്ചകളുടെ അനുഭവങ്ങളിലൂടെയാണ് സങ്കീർത്തനങ്ങൾ നമ്മെ കൊണ്ടുപോകുന്നത്. ഇസ്രയേലിന്റെ ദൈവമായ കർത്താവിൽ ശരണമർപ്പിച്ച് ജീവിതത്തിന്റെ ദിനങ്ങളെ ധന്യമാക്കാൻ ഓരോ വിശ്വാസിയെയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീർത്തനമാണ് നൂറ്റിനാല്പത്തിയാറാം സങ്കീർത്തനം. തന്റെ ജീവിതത്തെ ദൈവകരങ്ങളിൽ അർപ്പിച്ച്, അവനിൽ മാത്രമാണ് രക്ഷയെന്ന് ജീവിതം കൊണ്ട് വിളിച്ചുപറഞ്ഞ് അതിനു സാക്ഷ്യം നൽകുന്നതാണ് ദൈവത്തിന് പ്രീതികരമായ സ്‌തുതി. നമ്മുടെയും ജീവിതങ്ങളിൽ ദൈവത്തിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടാകുമ്പോൾ, അവനാണ് നമ്മുടെ നാഥനെന്ന് ഏറ്റുപറയാൻ, എല്ലാം അവനിൽ സമർപ്പിക്കാൻ ഈ സങ്കീർത്തനം നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. മണ്ണിലും മനുഷ്യരിലും, അധികാരങ്ങളിലും രാജാക്കന്മാരിലും ആശ്രയമർപ്പിക്കാതെ, നിത്യനായ, നമ്മുടെ പദ്ധതികളെ വിശുദ്ധീകരിക്കുന്ന പൂർത്തിയാക്കുന്ന ദൈവത്തിൽ ശരണമർപ്പിക്കാം. ആയുസ്സിന്റെ ഓരോ ദിനങ്ങളും, ജീവിതകാലം മുഴുവനും, നിത്യതയോളം ദൈവസ്‌തുതിയുടെ കീർത്തനങ്ങൾ ഉയർത്താൻ ഇസ്രയേലിന്റെ നാഥനായ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: