തിരയുക

ലെബനോനിലെ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ പഠിക്കുന്ന സിറിയൻ അഭയാർത്ഥികൾ - ഫയൽ ചിത്രം ലെബനോനിലെ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ പഠിക്കുന്ന സിറിയൻ അഭയാർത്ഥികൾ - ഫയൽ ചിത്രം 

മാനവിക ഇടനാഴി: ഇറ്റലിയിലേക്ക് കൂടുതൽ അഭയാർത്ഥികൾ

സാന്ത് എജീദിയോ സമൂഹത്തിന്റെ മേൽനോട്ടത്തിൽ, മാനവിക ഇടനാഴികൾ വഴി 66 അഭയാർത്ഥികൾ കൂടി ഇറ്റലിയിലേക്കെത്തും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 26, 28 തീയതികളിലായി 66 അഭയാർത്ഥികൾ ഇറ്റലിയിലേക്കെത്തുമെന്ന് സാന്ത് എജീദിയോ സമൂഹം അറിയിച്ചു. ഇവരിൽ 37 പേർ ഒക്ടോബർ 26-ന് രാവിലെ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തി. ലെബനോനിലെ ബെയ്‌റൂട്ടിൽനിന്നെത്തിയ ഈ അഭയാർഥികളിൽ 13 പേര് പ്രായപൂർത്തിയെത്താത്തവരാണ്.  ബാക്കിയുള്ള 29 പേർ വെള്ളിയാഴ്‌ച എത്തുമെന്നും സാന്ത് എജീദിയോ സമൂഹം വ്യക്തമാക്കി. സിറിയയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ഈ അഭയാർത്ഥികൾ. ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലായി ഇവർക്ക് താമസസൗകര്യമൊരുക്കുമെന്നും മാനവികപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന ഈ സമൂഹം അറിയിച്ചു. സാന്ത് എജീദിയോ സമൂഹം, ഇറ്റലിയിലെ ഇവഞ്ചേലിക്കൽ സഭകളുടെ കൂട്ടായ്മ, ദിയാക്കൊണിയ, താവൊള വാൽദേസെ എന്നീ പ്രസ്ഥാനങ്ങൾ ചേർന്നാണ് ഇത്തവണയെത്തുന്ന 66 അഭയാർത്ഥികളെ സ്വീകരിക്കുക.

2016 മുതൽ ഇപ്പോൾ വരെ ലെബനോനിൽനിന്ന് മാത്രം 2300 ആളുകളാണ് അഭയാർത്ഥികളായി ഇറ്റലിയിലെത്തിയത്. ഈ വർഷങ്ങളിൽ മാനവിക ഇടനാഴികൾ വഴി യൂറോപ്പിലെത്തിയ അഭയാർത്ഥികൾ ഏഴായിരത്തിലധികമാണ്. നിലവിലെ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം, ലെബനോനിൽ കഴിയുന്ന അഭയാർത്ഥികളുടെ സ്ഥിതി എളുപ്പമല്ലെന്ന് സന്നദ്ധസംഘടനകൾ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2022, 17:46