എത്യോപ്യയുടെ വടക്കൻ ടിഗ്രേ സംസ്ഥാനത്ത് മാനുഷിക പ്രതിസന്ധി വ്യാപിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2020ന്റെ അവസാനം മുതൽ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് (ടിപിഎൽഎഫ്) വിമതരുമായി എത്യോപ്യൻ സർക്കാർ സേന പോരാട്ടം തുടരുകയാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഈ സംഘർഷത്തിൽ സാധാരണക്കാരായ ആയിരക്കണക്കിനാളുകൾ വധിക്കപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർക്കുകയും ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ടിഗ്രേ പ്രദേശത്തുള്ള അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഒറ്റപ്പെടുകയും വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ കഴിയുകയുമാണ്.
മരുന്നുകൾക്കും ശിശു സംരക്ഷണ ഉൽപ്പന്നങ്ങൾക്കും ഭക്ഷണ സാമഗ്രികൾക്കും പലപ്പോഴും കുറവു വരുന്നു. എത്യോപ്യയുടെ വടക്കൻ ടിഗ്രേ സംസ്ഥാനത്ത് അക്രമം തുടരുമ്പോൾ, ഏകദേശം ഒരു ദശലക്ഷത്തോളം ആളുകളാണ് പട്ടിണി നേരിടുന്നതെന്ന് സഹായ ഏജൻസികൾ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്കുള്ള കാരണമായി ഈ സംഘർഷത്തെ ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. കൂടാതെ, ഇപ്പോഴത്തെ നിലയിൽ, അക്രമണവലയം കുറയുന്ന ലക്ഷണമൊന്നും കാണിക്കുന്നുമില്ല.
ഈ ആഴ്ച ആദ്യം, എത്യോപ്യൻ സൈന്യം വടക്കൻ ടിഗ്രേ മേഖലയിലെ വിമത സേനയിൽ നിന്ന് മൂന്ന് നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഫെഡറൽ സേനയും അവരുടെ സഖ്യകക്ഷികളും ടിഗ്രയാൻ വിമതർക്കെതിരെ ഉയർത്തുന്ന സംഘർഷത്തിലുള്ള പുനർചൈതന്യത്തെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കയ്ക്കിടയിലാണ് ഈ നേട്ടം.
ചൊവ്വാഴ്ച എത്യോപ്യൻ നാഷണൽ ഡിഫൻസ് ഫോഴ്‌സ്, ഷയർ, അലമാറ്റ, കോറെം എന്നീ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. ഈ സമയത്ത്, ആഫ്രിക്കൻ യൂണിയന്റെ തലവൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും മാനുഷിക സേവനങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടൊപ്പം യുഎസ് വികസന ഏജൻസിയായ USAlD ഉം എത്യോപ്യൻ ഫെഡറൽ സേനയുടെ സംയുക്ത ആക്രമണം നിർത്താനുള്ള ആഹ്വാനത്തിൽ പങ്കുചേർന്നു.
ആഫ്രിക്കൻ യൂണിയന്റെ നേതൃത്വത്തിലുള്ള സമാധാന ചർച്ചകൾ ദക്ഷിണാഫ്രിക്കയിൽ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രത്യക്ഷത്തിൽ യാത്രാനീക്കങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ കാരണം മാറ്റിവച്ച യോഗത്തിന്റെ പുതിയ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: