യൂറോപ്യൻ പാർലമെന്റിന്റെ 2022-ലെ സാഖറോവ് പുരസ്‌കാരം ഉക്രൈന്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഈ വർഷത്തെ സാഖറോവ് പുരസ്‌കാരം ഉക്രൈന് നൽകുവാൻ തീരുമാനിച്ചതായി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബേർത്ത മെത്സോള അറിയിച്ചു. ഇത് സംബന്ധിച്ച് പാർലമെന്റ് നേതാക്കളെടുത്ത തീരുമാനത്തെ തുടർന്ന് ഒക്ടോബർ 19 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
"യുദ്ധമുഖത്ത് പോരാടുന്ന ഉക്രൈൻ ജനതയ്ക്കും, സംഘർഷങ്ങൾ മൂലം പലായനം ചെയ്യേണ്ടിവന്നവരും, ബന്ധുജനങ്ങൾ നഷ്ടമായവരുമായ ആളുകൾക്കും വേണ്ടിയുള്ളതാണ് ഈ പുരസ്‌കാരമെന്ന്" മെത്സോള പ്രസ്താവിച്ചു. ഉക്രൈൻ ജനത തോറ്റു പിന്മാറില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, യൂറോപ്യൻ പാർലമെന്റും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
"ഉക്രൈനെതിരെയുള്ള അന്യായമായ റഷ്യൻ യുദ്ധത്തിൽ ഉക്രൈൻ ജനത വലിയ വിലയാണ് നല്കേണ്ടിവരുന്നത്. തങ്ങളുടെ വീടുകളും, പരമാധികാരവും, സ്വേച്ഛാധിപത്യം, പ്രാദേശിക സമഗ്രത എന്നിവ മാത്രമല്ല ഉക്രൈൻ പോരാടുന്നതെന്നും സ്വാതന്ത്ര്യവും, ജനാധിപത്യവും, നിയമവാഴ്ചയും, യൂറോപ്യൻ മൂല്യങ്ങളും സംരക്ഷിക്കാം കൂടിയാണ് ഈ യുദ്ധമെന്നും, ജനാധിപത്യത്തിനെതിരെ തുരങ്കം വയ്ക്കാനും, യൂറോപ്യൻ യൂണിയനെ ദുർബലപ്പെടുത്താനും ശ്രമിക്കുന്ന ക്രൂരമായ ഒരു ഭരണകൂടത്തിനെതിരെയാണ് ഈ സമരമെന്നും, യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സാഖറോവ് പുരസ്‌കാരം ഉക്രൈന് നൽകുന്നതിലൂടെ, ഉക്രൈൻ പ്രസിഡന്റ് വോളോദിമീർ സെലെൻസ്‌കി, പൊതുസമൂഹത്തിന്റെ പ്രതിനിധികൾ, ഭരണകൂടത്തിന്റെ വിവിധ ഭാരവാഹികൾ തുടങ്ങി നിരവധി പേരുടെ ഉക്രൈനിലെ യുദ്ധത്തിനെതിരെയുള്ള പരിശ്രമങ്ങളാണ് മാനിക്കപ്പെടുന്നത്.
ഡിസംബർ പതിനാലിന് സ്ത്രാസ്ബുർഗിൽ വച്ചാണ് സമ്മാനം നൽകപ്പെടുക.
സോവിയറ്റ് വിമതനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്ന ആന്ദ്രെ സാഖറോവിന്റെ പേരിലുള്ളതാണ് ഈ പുരസ്‌കാരം. 1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാഖറഫിനു നൽകപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: