തിരയുക

അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളിൽ നിന്നുള്ള ചിത്രം അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളിൽ നിന്നുള്ള ചിത്രം 

കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തകർച്ചാഭീഷണിയിൽ: സേവ് ദി ചിൽഡ്രൻ

കുട്ടികളുടെ വിദ്യാഭ്യാസരംഗം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെപ്പറ്റി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി നൂറിലധികം വർഷങ്ങളായി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടനയുടെ റിപ്പോർട്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്ത് 182 രാജ്യങ്ങളിലായി, കോവിഡ്, സംഘർഷങ്ങൾ, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റം, തുടങ്ങി വിവിധ പ്രശ്‌നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസമേഖലയിൽ ഉണ്ടാക്കുന്ന പ്രതികൂലസാഹചര്യങ്ങൾ സംബന്ധിച്ച് നടത്തിയ പഠനങ്ങൾ അടിസ്ഥാനമാക്കി നടത്തിയ റിപ്പോർട്ടിൽ, ലോകത്തെമ്പാടും കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസപുരോഗതി വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സേവ് ദി ചിൽഡ്രൻ സംഘടന വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ, മാലി എന്നിവിടങ്ങളിൽ മാത്രം ഏതാണ്ട് അഞ്ചുകോടിയോളം കുട്ടികളുടെ വിദ്യാഭ്യാസം തകർച്ചയുടെ വക്കിലാണ്.

കോവിഡ് വാക്സിന്റെ ലഭ്യതയോടെ, വിദ്യാഭ്യാസരംഗത്ത് അങ്ങേയറ്റം ഭീഷണി നേരിട്ടിരുന്ന രാജ്യങ്ങളുടെ എണ്ണം, മുൻവർഷത്തെ അപേക്ഷിച്ച് 8 ൽ നിന്ന് 4 ആയി കുറഞ്ഞു എങ്കിലും, നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന, ഭക്ഷ്യപ്രതിസന്ധിയും, തീവ്രമായ കാലാവസ്ഥയും ചേർന്ന്, വീണ്ടും സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുവെന്ന് സേവ് ദി ചിൽഡ്രൻ തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

തുടർച്ചയായ രണ്ടാം വർഷം നടത്തിയ ഈ പഠനങ്ങൾ പ്രകാരം, 2021-നെ അപേക്ഷിച്ച് ഈയാണ്ടിൽ വിവിധ രാജ്യങ്ങൾ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തിയപ്പോൾ, മറ്റു ചില രാജ്യങ്ങളിൽ സ്ഥിതിഗതികൾ അതികഠിനമായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പ്രതിസന്ധിയിൽ നാലാം സ്ഥാനത്തായിരുന്ന അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഒരു വർഷത്തിലധികമായി രാജ്യത്തിന്റെ അധികാരം പിടിച്ചടക്കിയ താലിബാന്റെ വരവോടെ, കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗം തകർച്ചയിലേക്കാണ് നടക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇത്തവണത്തെ പഠനങ്ങൾ അനുസരിച്ച് അഫ്ഗാനിസ്ഥാൻ, സുഡാൻ, സോമാലിയ, മാലി, യെമെൻ, നൈജീരിയ, സിറിയ എന്നിവയാണ് വിദ്യാഭ്യാസരംഗത്ത് കൂടുതൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ആദ്യ ഏഴെണ്ണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2022, 15:47