യുദ്ധവിരാമത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിൽ യുദ്ധവിരാമത്തിനും സമാധാനം സംജാതമാകുന്നതിനും വേണ്ടിയുള്ള സംഭാഷണത്തിൻറെ പാതയിൽ അന്നാടും റഷ്യയും പാദമൂന്നുന്നതിനു വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനം ഇറ്റലിയിൽ ആചരിക്കപ്പെട്ടു.
ഇറ്റലിക്കാരനായ ഒറേസ്തെ ബെൻസി എന്ന വൈദികൻ ദാരിദ്ര്യം, വ്യഭിചാരം, അംഗവൈകല്യം കൗമാരപ്രായക്കാരുടെ മാഗ്ഗഭ്രംശം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിനു വേണ്ടി 1968-ൽ, ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ നാമത്തിൽ രൂപം നല്കിയ സമൂഹമായ “കൊമുണിത്താ പാപ്പാ ജൊവാന്നി വെന്തിത്രേയേസിമൊ”യുടെ (Comunità Papa Giovanni XXIII) ആഭിമുഖ്യത്തിൽ ശനിയാഴ്ച (15/10/22) ആണ് ഈ ദിനം ആചരിക്കപ്പെട്ടത്.
ഈ ദിനാചരണം അഹിംസാമാർഗ്ഗമാണെന്ന് ഇതെക്കുറിച്ചുള്ള പത്രക്കുറിപ്പിൽ പറയുന്ന ഈ സമൂഹം അഹിംസാകർമ്മത്തിൻറെ ആദ്യ ഉപാധി ഉപവാസമാണെന്നും അത് പ്രാർത്ഥനയുമായി കൈകോർക്കുമ്പോൾ ലോകമഖിലമുള്ള സകല പ്രമുഖമതങ്ങളുടെയും കൂട്ടായ്മായ്ക്കും ആദ്ധ്യാത്മിക വളർച്ചയ്ക്കും സുപ്രധാന അവസരമായി ഭവിക്കുമെന്നും വിശദീകരിച്ചു..
നടപ്പുവർഷം ഫെബ്രുവരി 24-ന് റഷ്യ ഉക്രൈയിനെതിരെ ആരംഭിച്ച ക്രൂരമായ സായുധാക്രമണത്തെ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ സമൂഹം ഐക്യരാഷ്ട്രസംഘടനയുടെ പൊതുയോഗത്തോടു ചേർന്ന് അപലപിക്കുന്നുവെന്ന് ഈ സമൂഹത്തിൻറെ അദ്ധ്യക്ഷൻ ജൊവാന്നി പാവൊളൊ റമോന്ത വെളിപ്പെടുത്തി.
ആക്രമണം നാടകീയമായ ഒരു ഭാവം ആർജ്ജിച്ചിരിക്കയാണെന്നും അത് കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്ന അപകടമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: