തിരയുക

ജീവിതം പണയം വച്ചും യാത്ര ചെയ്യുന്ന അഭയാർത്ഥികൾ - ഫയൽ ചിത്രം ജീവിതം പണയം വച്ചും യാത്ര ചെയ്യുന്ന അഭയാർത്ഥികൾ - ഫയൽ ചിത്രം 

ലെബനോനിൽനിന്ന് കടൽ വഴി യാത്രചെയ്ത നിരവധി കുട്ടികൾ മരിച്ചു: സേവ് ദി ചിൽഡ്രൻ

മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലെത്തുന്നതിനായി പുറപ്പെട്ടവരിൽ നിരവധി കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ കടലിൽ മരണമടഞ്ഞതായി സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഏറ്റവും അവസാനത്തെ കടൽദുരന്തത്തിൽ കുറഞ്ഞത് 24 കുട്ടികളെങ്കിലും മരിച്ചതായി, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന പ്രസ്താവനയിറക്കി. ലെബനോനിൽനിന്ന് പുറപ്പെട്ട് യൂറോപ്പിൽ അഭയാർഥികളായി എത്തുന്നതിനായി ശ്രമിക്കുന്ന ആളുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായും സംഘടന വ്യക്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് ഈ വർദ്ധനവ്.

സെപ്റ്റംബർ 21 ബുധനാഴ്ച ലെബനോനിൽ ഉണ്ടായ ഒരു ബോട്ടപകടത്തിൽ 94 ആളുകളാണ് മരണമടഞ്ഞത്. ഇവരിൽ 24 പേർ കുട്ടികളാണ്. 150 പേരുമായി ലെബനോൻ തീരം വിട്ട ബോട്ടാണ് മറിഞ്ഞത്. കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഉണ്ടായ അപകടത്തിൽ ഏറ്റവും ദാരുണമായ ദുരന്തമായിരുന്നു ഇത്.

സെപ്റ്റംബർ മാസത്തിൽത്തന്നെ ഉണ്ടായ മറ്റു രണ്ട് അപകടങ്ങളിൽ 7 കുട്ടികൾ കൂടി മരിച്ചിരുന്നു. പതിമൂന്നാം തീയതി ഉണ്ടായ ബോട്ടപകടത്തിൽ ആറുപേരാണ് മരിച്ചത്. ഇവരിൽ നാലുപേർ കുട്ടികളായിരുന്നു. പന്ത്രണ്ടാം തീയതിയുണ്ടായ മറ്റൊരപകടത്തിൽ മരിച്ച ആറ് സിറിയക്കാരിൽ മൂന്ന് പേർ കുട്ടികളായിരുന്നു. ഈ വർഷം മാത്രം ലെബനോനിൽനിന്ന് മെഡിറ്ററേനിയൻ കടൽ വഴി കുറഞ്ഞത് 3500 പേരാണ് യൂറോപ്പിലേക്ക് അഭയാർഥികളായി എത്താൻ ശ്രമിച്ചത്. ഇവരിൽ ഭൂരിഭാഗവും സിറിയൻ പൗരന്മാരാണ്.

സേവ് ദി ചിൽഡ്രൻ സെപ്റ്റംബർ 27-ന് പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം, ഇറാക്കിലും, ജോർദാനിയയിലും, ലെബനോനിലുമായി അഭയം തേടിയിരുന്ന സിറിയക്കാരുടെ കടുത്ത പ്രതിസന്ധിയിലാണ്. 1953 മുതൽ ലെബനോനിൽ പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടനയുടെ പുതിയ ഒരു റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യവും വിവേചനങ്ങളും കാരണം ലെബനനിലെ സിറിയൻ അഭയാർഥികളുടെ സ്ഥിതിഗതികൾ കൂടുതൽ പരുങ്ങലിലാണ്.

സിറിയയിൽനിന്നും, മറ്റു ദേശങ്ങളിൽനിന്നും എത്തുന്ന അഭയാർഥികളുടെ പുനരധിവാസത്തിനായി മറ്റു മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 സെപ്റ്റംബർ 2022, 15:57