ദൈവകാരുണ്യത്തിനും സംരക്ഷണത്തിനുമായുള്ള പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തന്നോട് വിളിച്ചപേക്ഷിക്കുന്ന വിശ്വാസിയുടെ പ്രാർത്ഥന ശ്രവിക്കുന്നവനാണ് ദൈവം എന്ന, പഴയനിയമകാല ചിന്തയിലെ മതവിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണ് നൂറ്റിനാല്പത്തിമൂന്നാം സങ്കീർത്തനവും വ്യക്തമാക്കുന്നത്. ഈ ഒരു ചിന്തയിൽ നിന്നുകൊണ്ട് തന്റെ ദുരിതാവസ്ഥയിൽ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുന്ന ദാവീദിനെയാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്. ഒരു വൈയക്തികവിലാപഗാനം എന്നതുപോലെ തന്നെ, 102-ഉം 130-ഉം സങ്കീർത്തനങ്ങൾ പോലെയുള്ള ഏഴ് അനുതാപസങ്കീർത്തനങ്ങളിൽ ഒന്നാണിത്. ദൈവത്തിൽനിന്ന് സംരക്ഷണവും നീതിയും തേടുമ്പോഴും, ദാവീദിന് തന്റെ ഉള്ളിലെ തിന്മയെക്കുറിച്ച് ബോധ്യമുണ്ട്. തന്നെത്തന്നെ ദൈവത്തിന്റെ ദാസനായി അവതരിപ്പിച്ച്, യാഹ്‌വെയിൽനിന്ന് ആശ്വാസം തേടുകയാണ് സങ്കീർത്തകൻ. തന്റെ മരണത്തിനു വരെ കാരണമായേക്കാവുന്ന ശത്രുകരങ്ങളിൽനിന്നുള്ള മോചനത്തിനായാണ് ദാവീദ് ദൈവത്തോട് അപേക്ഷിക്കുന്നത്.
അതുല്യനായ ദൈവം
സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങളിൽത്തന്നെ ദൈവതിരുമുൻപിൽ തന്റെ നിസ്സാരതയെ ദാവീദ് ഏറ്റുപറയുന്നു. താൻ നീതിമാനല്ലെന്നും, എന്നാൽ തന്നെ സഹായിക്കാൻ കഴിവുള്ള നീതിമാനും വിശ്വസ്തനുമാണ് ദൈവമെന്നും ദാവീദ് അനുസ്മരിക്കുന്നു. താൻ ദൈവത്തിന്റെ മുൻപിൽ നിൽക്കുവാൻ അവകാശമില്ലാത്ത വിധത്തിൽ പാപിയാണെന്ന് തീരിച്ചറിയുന്നതിനാലാണ് "ഈ ദാസനെ ന്യായവിസ്താരത്തിനു വിധേയനാക്കരുതേ" എന്ന് രണ്ടാം വാക്യത്തിൽ അവൻ പറയുന്നത്. രക്ഷ എന്നത് ദൈവത്തിന്റെ ദാനമാണെന്ന് മനസ്സിലാക്കിയാണ് അവൻ ദൈവത്തോട് സഹായത്തിനായി അപേക്ഷിക്കുന്നത്. താനുൾപ്പെടെ, ജീവിക്കുന്ന ഒരുവനും ദൈവത്തിന് മുൻപിൽ നീതിമാനല്ല എന്ന ഏറ്റുപറച്ചിലിലൂടെ, ദൈവത്തിന്റെ കാരുണ്യമാണ് മനുഷ്യന് ഏക ആശ്രയമെന്ന് അവൻ അംഗീകരിക്കുകയാണ്.
ശത്രു തകർത്ത ജീവൻ
സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ, തന്റെ ജീവിതത്തിന്റെ അവസ്ഥയെക്കുറിച്ചാണ് ദാവീദ് ദൈവത്തോട് പറയുന്നത്. തിന്മയുള്ള മനുഷ്യരുടെ ഇരയായാണ് താൻ ജീവിക്കുന്നതെന്നും, തന്റെ ജീവിതത്തെ, തന്റെ ആത്മാവിനെ അവർ തകർത്തു എന്നും അവൻ വിലപിക്കുന്നു. മണ്ണിൽ ചവിട്ടിയരയ്ക്കപ്പെട്ടവനെപ്പോലെയാണ് അവന്റെ അവസ്ഥ. "ഞാൻ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു" എന്ന നാലാം വാക്യം അവന്റെ വേദനയുടെ ആധിക്യം നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. ദാവീദിൽ വിഷാദസ്വഭാവം ഉണ്ടായിരുന്നതിനാലല്ല, മറ്റു മനുഷ്യരേല്പിച്ച വേദനയുടെ ഭാരത്താലാണ് അവൻ ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കുന്നത്. സാവൂളിൽനിന്ന് രക്ഷപെടുവാനായി അവന് ഒളിച്ചുതാമസിക്കേണ്ടിവന്നിട്ടുണ്ട്. തന്റെ പുത്രനായ അബ്‌സലോം അവനെ സ്ഥാനഭ്രഷ്ടനാക്കിയിട്ടുണ്ട്. അങ്ങനെ ശത്രുസ്ഥാനത്തുനിന്നുള്ള അതിക്രമങ്ങളുടെ ഭാരം തന്റെ ജീവിതത്തിലേൽപിച്ച വേദനയുടെ അനുഭവത്തിൽനിന്നുകൊണ്ടാണ് ദാവീദ് ദൈവത്തിനുമുൻപിൽ വിലപിക്കുന്നത്.
നീതിമാനായ ദൈവത്തിന്റെ പ്രവർത്തികൾ
അഞ്ചും ആറും വാക്യങ്ങളിൽ ദൈവം ചരിത്രത്തിലും തന്റെ ജീവിതത്തിലും പ്രവർത്തിച്ച ശക്തമായ ഇടപെടലുകളെക്കുറിച്ചുള്ള സ്മരണയാണ് ദാവീദ് എഴുതിവയ്ക്കുന്നത്. നീതിമാന്റെ, നിഷ്കളങ്കന്റെ ജീവിതത്തിൽ ദൈവം സംരക്ഷണത്തിന്റെ കരമായി നിലനിന്നിട്ടുണ്ട്. തന്റെതന്നെ ജീവിതത്തിന്റെ നിഷ്കളങ്കതയുടെ സമയങ്ങളിൽ ദൈവം എപ്രകാരം ഇടപെട്ടിട്ടുണ്ട് എന്ന ഓർമ്മയായിരിക്കണം ദാവീദിന്റെ മനസ്സിലൂടെ കടന്നുപോകുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തികളെക്കുറിച്ചുമെന്നതിനേക്കാൾ ദൈവത്തിന്റെ പ്രവർത്തികളെക്കുറിച്ചാണ് ദാവീദ് ചിന്തിക്കുന്നത്. ശാന്തിനിറഞ്ഞ അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ, ദുഃഖത്തിലേക്കെന്നതിനേക്കാൾ, പ്രത്യാശയിലേക്കും ദൈവാശ്രയബോധത്തിലേക്കുമാണ് സഹനത്തിന്റെ നിമിഷണങ്ങളിലൂടെ കടന്നുപോകുന്ന സങ്കീർത്തകനെ നയിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, പ്രാർത്ഥനയുടെ മനോഭാവത്തോടെ, ദൈവത്തിന്റെ ഇടപെടലിനായി അപേക്ഷിച്ചുകൊണ്ട് അവൻ തന്റെ കാര്യങ്ങൾ ദൈവത്തിനുനേരെ വിരിച്ചുപിടിക്കുന്നത്; ദൈവത്തിനായി അവൻ ദാഹിക്കുന്നത്.
ശക്തമായ പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ഏഴുമുതൽ ഒൻപതുവരെയുള്ള വാക്യങ്ങൾ ദാവീദിന്റെ ശക്തവും തീവ്രവുമായ വിലാപപ്രാർത്ഥനയെ ആണ് വിവരിക്കുന്നത്. തകരുന്ന തന്റെ ജീവന്റെ നിലവിളി ശ്രവിക്കണമേയെന്ന അപേക്ഷയാണ് ദാവീദ് ദൈവത്തിന് മുൻപിൽ വയ്ക്കുന്നത്. ദൈവം തന്റെ പദ്ധതികൾക്കനുസരിച്ച് രക്ഷ നല്കുന്നവനാണെന്ന ബോധ്യമുള്ള മനുഷ്യർ പോലും, ദാവീദിനെപ്പോലെ "വേഗം ഉത്തരമരുളേണമേ!" എന്ന് വിലപിക്കുന്നത് തങ്ങളുടെ സഹനത്തിന്റെ കാഠിന്യത്തിനു മുന്നിലാണ്. ദൈവത്തിന്റെ പ്രീതീപാത്രമായി അവനു മുൻപിൽ ജീവിക്കുന്നതിലെ സന്തോഷത്തിന്റെ അനുഭവം ജീവിച്ചിട്ടുള്ളതിനാലാണ്, തന്നിൽനിന്ന് മുഖം മറയ്ക്കരുതേയെന്ന് ദാവീദ് പ്രാർത്ഥിക്കുന്നത്.
ദൈവത്തിന് പ്രീതികരമായി ജീവിച്ച ഓരോ നീതിമാന്മാരെയും പോലെ, പ്രഭാതത്തിൽ ദൈവത്തിന്റെ സ്വരം തിരിച്ചറിയാനും അതനുസരിച്ച് തന്റെ ജീവിതത്തെ ക്രമപ്പെടുത്താനും സങ്കീർത്തകൻ ആഗ്രഹിക്കുന്നു. ആ സ്വരമനുസരിച്ച് താൻ നടക്കേണ്ട വഴികളറിഞ്ഞ് ദൈവസന്നിധിയിലേക്ക് കണ്ണുകളുയർത്തി നടക്കുവാനുള്ള കൃപയ്ക്കായി ദാവീദ് അപേക്ഷിക്കുന്നു. തന്റെ തെറ്റുകളെക്കൂടിയാണ് ദാവീദ് ഈ വരികളിൽ ഏറ്റുപറയുന്നത്. ദൈവത്തിന്റെ സ്വരം ശ്രവിക്കാതെ തന്റെ ഹിതങ്ങളനുസരിച്ച് അവൻ പ്രവർത്തിച്ചിട്ടുണ്ട്. ദൈവം കാട്ടിത്തന്നിരുന്ന മാർഗ്ഗങ്ങളിൽനിന്ന് അവൻ വ്യതിചലിച്ചിട്ടുണ്ട്.
ശത്രുക്കളിൽനിന്ന് തന്നെ മോചിപ്പിക്കണമേയെന്ന അപേക്ഷയോടെയാണ് ദാവീദ് ദൈവസന്നിധിയിലേക്ക് മനമുയർത്തുന്നത്. ദൈവം നൽകുന്ന ധൈര്യത്തിനും സംരക്ഷണത്തിനും മാത്രമല്ല, ശത്രുവിൽനിന്നുള്ള മോചനത്തിനുവേണ്ടിക്കൂടിയാണ് അവൻ അപേക്ഷിക്കുന്നത്. "അഭയം തേടി ഞാൻ അങ്ങയുടെ സന്നിധിയിലേക്ക് വന്നിരിക്കുന്നു" വിശ്വാസത്തിന്റെ മനോഹരമായ ഒരു പ്രഖ്യാപനം കൂടിയാണിത്. മറ്റെല്ലാ അഭയകേന്ദ്രങ്ങളെക്കാളും ദൈവസാന്നിധ്യത്തിലുള്ള സംരക്ഷണം അവൻ കൂടുതൽ ആഗ്രഹിക്കുന്നു. അനുതാപത്തോടെ ദൈവസന്നിധിയിൽ അണയുന്ന ജീവിതങ്ങൾ തങ്ങളുടെ അയോഗ്യതകളെ കൂടുതൽ മനസ്സിലാക്കുകയും ഒരു അമ്മയുടെ മടിയിൽ കുഞ്ഞെന്നതുപോലെ ദൈവത്തോട് ചേർന്നുനിൽക്കുകയും ചെയ്യും.
മാർഗ്ഗനിർദ്ദേശവും സംരക്ഷണവും
സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളിലേക്ക് കടന്നു വരുമ്പോൾ, തന്റെ ജീവിതത്തിൽ മാർഗ്ഗനിർദ്ദേശത്തിനും, ശക്തമായ സംരക്ഷണത്തിനുമായുള്ള ദാവീദിന്റെ പ്രാർത്ഥനയുടെ സ്വരമാണ് നാം കേൾക്കുന്നത്. "അങ്ങയുടെ ഹിതം അനുവർത്തിക്കാൻ എന്നെ പഠിപ്പിക്കണമേ! എന്തെന്നാൽ അവിടുന്നാണ് എന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ് എന്നെ നിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ!" നല്ലവനായ ദൈവമാണ് നേരായ മാർഗ്ഗത്തിലൂടെ നടക്കുവാൻ തന്നെ പഠിപ്പിക്കുന്നതെന്ന തിരിച്ചറിവിൽനിന്നുകൊണ്ടാണ് ദാവീദ് പ്രാർത്ഥിക്കുന്നത്.
ദൈവനാമത്തിന്റെയും ദൈവനീതിയുടെയും മഹത്വമാണ് തന്റെ ദുരിതാവസ്ഥയിലും സങ്കീർത്തകൻ ആഗ്രഹിക്കുന്നത്. "കർത്താവേ, അങ്ങയുടെ നാമത്തെ പ്രതി എന്റെ ജീവൻ പരിപാലിക്കണമേ! അങ്ങയുടെ നീതിയാൽ എന്നെ ദുരിതത്തിൽനിന്ന് മോചിപ്പിക്കണമേ!" ദൈവത്തിന്റെ കാരുണ്യം തന്റെ കൂടെയുണ്ടെങ്കിൽ തന്റെ ജീവൻ പരിപാലിക്കപ്പെടുമെന്നും, എല്ലാ കഷ്ടതകളിൽനിന്നും തനിക്ക് രക്ഷ ലഭിക്കുമെന്നും സങ്കീർത്തകൻ ഏറ്റുപറയുന്നു.
തന്റെ ശത്രുക്കളെ നശിപ്പിക്കാനും, വിച്ഛേദിക്കാനും ദൈവത്തോട് അപേക്ഷിക്കുന്ന ദാവീദ്, താൻ ദൈവത്തിന്റെ ദാസനാണെന്ന ബോധ്യം ദൈവത്തിനുമുൻപിൽ ഏറ്റുപറഞ്ഞുകൊണ്ടാണ് തന്റെ വിലാപപ്രാർത്ഥന അവസാനിപ്പിക്കുന്നത്. പ്രതികാരം ദൈവത്തിന്റേതാണെന്ന തിരിച്ചറിവിലാണ്, അവൻ തന്റെ യജമാനൻ കൂടിയായ ദൈവത്തിനു മുൻപിൽ ദാസന്റെ ഭാവം സ്വീകരിക്കുന്നത്. തന്റെ ഭൃത്യന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നത്, യജമാനന്റെ കടമയാണല്ലോ.
സങ്കീർത്തനം ജീവിതത്തിൽ
അന്യായമായി, ശത്രുകരങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന, മറ്റുള്ളവരാൽ സ്വജീവിതത്തിന്റെ മാന്യത തകർത്തെറിയപ്പെടുന്ന മനുഷ്യർക്ക് പ്രത്യാശയുടെ ചിന്തകൾ ഉള്ളിലുയർത്തുവാനും, ദൈവത്തിലേക്ക് കരങ്ങളുയർത്തുവാനുമുള്ള ഒരു ക്ഷണമാണ് ഈ സങ്കീർത്തനം. എന്നാൽ അതെ സമയം, തെറ്റുകൾ ചെയ്‌ത്, ദൈവഹിതം നിറവേറ്റാതെ, അവന്റെ മാർഗ്ഗങ്ങളിൽനിന്ന് മാറി സഞ്ചരിക്കുന്ന ഓരോ മനുഷ്യനും തിരികെവരവിന്റെ സന്തോഷമറിയുവാനുള്ള ഒരു ക്ഷണം കൂടിയാണ് ഇത്. ഉത്തമബോധ്യത്തോടെ ദൈവത്തോട് ചേർന്ന് നടക്കുവാനും, നമ്മുടെ വീഴ്ചകളിലും കുറവുകളിലും ദൈവത്തിൽ കൂടുതൽ ശരണം വയ്ക്കുവാനും, അവന്റെ കാരുണ്യത്തിൽ പുതുജീവൻ പ്രാപിക്കുവാനും ഈ സങ്കീർത്തനം നമുക്കും പ്രാർത്ഥനയാക്കാം. തന്റെ നാമത്തെപ്രതിയും തന്റെ നീതിയിലും ദൈവം നമ്മുടെ ജീവൻ പരിപാലിക്കട്ടെ, ദൈവഹിതമനുസരിച്ച് ജീവിച്ച്, അവനിലേക്ക് കണ്ണുകൾ നട്ട് ജീവിക്കുവാൻ ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ മധുരസ്വരം ശ്രവിക്കുവാൻ നമുക്ക് സാധിക്കട്ടെ. ശക്തമായ കോട്ടയായി, ഒരമ്മയുടെ മടിത്തട്ടിന്റെ സ്നേഹമായി ദൈവം നമ്മെ സംരക്ഷിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: