തിരയുക

സങ്കീർത്തനചിന്തകൾ - 142 സങ്കീർത്തനചിന്തകൾ - 142 

പീഡനങ്ങളും വേദനകളും ദൈവാശ്രയവും

വചനവീഥി: നൂറ്റിനാൽപ്പത്തിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിനാൽപ്പത്തിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തോടുള്ള സഹായാഭ്യർത്ഥനയുടെയും ദൈവാശ്രയബോധത്തിൽനിന്നുയരുന്ന ശരണത്തിന്റെയും സ്വരമുള്ള ഒരു വൈയക്തിക വിലാപഗീതമാണ് നൂറ്റിനാല്പത്തിരണ്ടാം സങ്കീർത്തനം. ശക്തരായ ശത്രുക്കളുടെ മുൻപിൽ തനിക്ക് മറ്റൊരാശ്രയമില്ലെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ദാവീദ് ദൈവത്തോട് തന്റെ പ്രാർത്ഥനയുണർത്തുന്നത്. ശത്രുവിൽനിന്നൊളിച്ച് ഗുഹയിലായിരുന്ന അവസ്ഥയിൽ തന്റെ ആശ്രയമായി ദൈവത്തെ മാത്രമാണ് അവൻ മുന്നിൽ കാണുന്നത്. താൻ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചും, ശത്രു തനിക്കായൊരുക്കിയ കെണിയെക്കുറിച്ചും അവ്യക്തമായാണെങ്കിലും വിവരിക്കുന്ന സങ്കീർത്തകൻ, സഹായത്തിനായി തന്റെ അഭയമായ കർത്താവിനോട് നിലവിളിച്ച് രക്ഷയ്ക്കായി അപേക്ഷിക്കുന്നു. സഹനങ്ങളുടെയും പീഡനങ്ങളുടെയും തടവറയിൽ, തന്റെ നിസ്സഹായാവസ്ഥയും പ്രതീക്ഷയില്ലായ്മയും തിരിച്ചറിയുന്നതിനാലാണ് അവൻ യാഹ്‌വെയുടെ സന്നിധിയിലേക്ക് പ്രത്യാശാപൂർവ്വം തിരിയുന്നത്.

സഹായത്തിനായുള്ള നിലവിളി

സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങളിൽത്തന്നെ സങ്കീർത്തകന്റെ വിലാപസ്വരമാണ് ഉയരുന്നത്. എന്നാൽ ഇവിടെ നേരിട്ടുള്ള ഒരു പ്രാർത്ഥനയേക്കാൾ, പ്രാർത്ഥനയെക്കുറിച്ചുള്ള ഒരു വിവരണത്തിന്റെ ശൈലിയിലാണ് സങ്കീർത്തനവാക്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. ആരും സഹായത്തിനില്ലെന്ന അവസ്ഥയിലാണ് ദാവീദ് ഒരു ഗുഹയിൽ അഭയം തേടുന്നത്. ദൈവം എല്ലാം അറിയുന്നവനാണെങ്കിലും, അവനുമുൻപിൽ യാചനയുടെ സ്വരമുയർത്തിയാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. "ഞാൻ ഉച്ചത്തിൽ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയർത്തി ഞാൻ കർത്താവിനോടു യാചിക്കുന്നു" (വാ. 1). യാഹ്‌വെയെ തന്റെ കർത്താവായി ഏറ്റുപറയുകകൂടിയാണ് സങ്കീർത്തകൻ. കഷ്ടതയുടെയും ദുരിതങ്ങളുടെയും നാളുകൾ ദൈവസഹായം വിളിച്ചപേക്ഷിക്കാൻ മാത്രമല്ല, അതിലൂടെ ദൈവത്തിന്റെ അധിപത്യത്തെയും ശക്തിയെയും അംഗീകരിക്കുവാനും അവനിൽ ശരണം വയ്ക്കുവാനുമുള്ള സമയം കൂടിയാണ്. നിസ്സഹായതയുടെ അവസ്ഥയിൽ നിശബ്ദതയിൽ തുടരാൻ ദാവീദിനാകുന്നില്ല.

"അവിടുത്തെ സന്നിധിയിൽ ഞാൻ എന്റെ ആവലാതികൾ ചൊരിയുന്നു; എന്റെ ദുരിതങ്ങൾ ഞാൻ അവിടുത്തെ മുൻപിൽ നിരത്തുന്നു" എന്ന രണ്ടാം വാക്യം, സങ്കീർത്തകന്റെ വിലാപത്തിന്റെ സ്വരം കൂടുതൽ വ്യക്തമാക്കുന്നുണ്ട്. പ്രത്യേകമായ ഒരു സംഭവത്തെ എടുത്തുപറയുന്നില്ലെങ്കിലും, ഒരുപാടു വേദനകളും ആകുലതകളും തന്റെ ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നുണ്ടെന്ന് ദാവീദ് ദൈവത്തിനു മുൻപിൽ ഏറ്റുപറയുന്നു. തന്റെ ജീവിതത്തെ ശോകാവൃതമാക്കുന്ന ഓരോ അനുഭവങ്ങളെയും ദൈവത്തിനു മുൻപിൽ ഏറ്റുപറയുമ്പോൾ, അവയോരോന്നിനേയും തരണം ചെയ്യാനും തോൽപ്പിക്കുവാനും ദൈവം തന്നെ സഹായിക്കുമെന്ന വിശ്വാസവും അവനിലുണ്ടായിരിക്കണം. തന്നെയും തന്റെ വഴികളെയും പ്രവർത്തികളെയും ദൈവം അറിയുന്നുണ്ടെന്ന ബോധ്യം അവന് കരുത്തേകുന്നുണ്ട്. തന്റെ തളർച്ചകളിൽ താങ്ങാവുന്നത് ദൈവമാണെന്ന് ഈ പ്രാർത്ഥനയുടെ വാക്കുകളിലൂടെ അവൻ ഏറ്റുപറയുകയാണ്.

ശത്രുവൊരുക്കിയ കെണി

സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ താൻ അകപ്പെട്ടിരിക്കുന്ന അപകടാവസ്ഥയെക്കുറിച്ചും, അതിൽ തനിക്ക് ധൈര്യം പകരുന്ന വിശ്വാസത്തെക്കുറിച്ചുമാണ് ദാവീദ് എഴുതുന്നത്. തന്റെ പാതകളിൽ ചതിയുടെ കെണിയൊരുക്കി ശത്രു കാത്തിരിക്കുന്നുവെന്ന് സങ്കീർത്തകനറിയാം. എന്നാൽ ഇസ്രയേലിന്റെ രക്ഷയായ ദൈവം കൂടെയുള്ളപ്പോൾ തനിക്ക് ഭയക്കേണ്ട കാര്യമില്ലെന്നും അവന് ബോധ്യമുണ്ട്. തന്നെ എല്ലാവിധ അപകടങ്ങളിൽനിന്നും സംരക്ഷിച്ചുപിടിക്കാൻ കരുത്തുള്ളവനാണ് കർത്താവെന്ന ബോധ്യത്തിൽനിന്നാണ് ദാവീദ് ദൈവത്തോട് നിലവിളിക്കുന്നത്. മാനുഷികമായ കഴിവുകളും സങ്കേതങ്ങളും തന്റെ രക്ഷയ്ക്കെത്തില്ലന്ന തിരിച്ചറിവ് അവനിലുണ്ട്. ഉപേക്ഷിക്കപ്പെടുമ്പോഴും മറ്റുള്ളവരുടെ പരിഗണന ലഭിക്കാത്തപ്പോഴും, മറ്റു അഭയസ്ഥാനങ്ങൾ ഇല്ലാത്തപ്പോഴും സങ്കീർത്തകനിലെ വിശ്വാസിക്ക് തിരിയാൻ ഏക രക്ഷാകേന്ദ്രമായി മുന്നിലുള്ളത് ദൈവം മാത്രമാണ്. പരാജിതരായ മനുഷ്യരെയും, മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ടവരെയും ദൈവം കൈവിടുന്നില്ല എന്ന ഒരു ബോധ്യം തന്റെ അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ തകർന്ന ജീവിതങ്ങൾക്കും നൽകാൻ ദാവീദിനാകുന്നുണ്ട്. ജീവിതത്തിന്റെ ഊടുവഴികളിൽ, ഒറ്റയ്ക്കായിപ്പോകുന്ന മനുഷ്യർക്ക് അഭയമാകുന്നത് ദൈവമാണ്. ആരിൽ അഭയം തേടുമെന്ന പല ഹൃദയങ്ങളുടെയും ചിന്തകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ കരുത്തുറ്റ രക്ഷാകേന്ദ്രമായി ഇസ്രയേലിന്റെ നാഥൻ കാത്തിരിപ്പുണ്ട്.

വിശ്വാസികൾക്ക് അഭയമായ ദൈവം

സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങൾ ദൈവത്തോടുള്ള പ്രാർത്ഥനയുടേതാണ്. ജീവിക്കുന്നവരുടെ ദേശത്തുള്ള തന്റെ അവകാശവും, തന്റെ അഭയവും ദൈവമാണെന്ന് ഏറ്റുപറയുന്ന സങ്കീർത്തകൻ, കർത്താവിനോട് സഹായത്തിനായി നിലവിളിക്കുന്നു. തകർന്ന ഹൃദയത്തിന്റെ മിടിപ്പായി മാറുന്ന തീവ്രമായ പ്രാർത്ഥനയാണത്. "എന്റെ നിലവിളി ശ്രദ്ധിക്കണമേ, എന്തെന്നാൽ, ഞാൻ അങ്ങേയറ്റം തകർക്കപ്പെട്ടിരിക്കുന്നു; പീഡിപ്പിക്കുന്നവരിൽനിന്ന് എന്നെ രക്ഷിക്കണമേ! അവർ എന്റെ ശക്തിക്ക് അതീതരാണ്" എന്ന ആറാം വാക്യം, ദാവീദിന്റെ തകർന്ന മനസ്സിനെയും, ദൈവം മാത്രമാണ് അവൻ തനിക്ക് മുന്നിൽ കാണുന്ന ഏക ആശ്രയം എന്ന ആശയവും വ്യക്തമാക്കിത്തരുന്നുണ്ട്. ദാവീദ് തന്റെ ബലഹീനതയും ശത്രുവിന്റെ കരുത്തും കുടിലതയും തിരിച്ചറിയുന്നു. നൂറ്റിനാല്പത്തിയൊന്നാം സങ്കീർത്തനത്തിലേതുപോലെ, ഇവിടെയും, തനിക്കെതിരെ ശത്രുവൊരുക്കിയ കെണിയെ അവൻ തിരിച്ചറിയുകയും തന്റെ ബലഹീനതയിൽ ദൈവത്തിന്റെ ശക്തിയിൽ ആശ്രയമർപ്പിക്കുകയുമാണവൻ. ഒരു തടവറയുടെ അനുഭവത്തിലൂടെയാണ് അവന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ദുരിതങ്ങളുടെയും നിരാശയുടെയും ജീവിതത്തെയാകണം തടവറയെന്ന് ദാവീദ് വിശേഷിപ്പിക്കുന്നത്.

സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് വരുമ്പോൾ, വീണ്ടും പ്രത്യാശയുടേതായ വാക്കുകളോടെയാണ് സങ്കീർത്തകൻ തന്റെ പ്രാർത്ഥന അവസാനിപ്പിക്കുന്നത്. ദൈവത്തിന്റെ അദൃശ്യമായ പ്രവർത്തനഫലമായി, ദുരിതങ്ങളിൽനിന്നുള്ള തന്റെ സ്വാതന്ത്ര്യവും ആശ്വാസത്തിന്റെ നിമിഷങ്ങളും തന്നെ കാത്തിരിക്കുന്നുവെന്ന് അവൻ എഴുതിവയ്ക്കുന്നു. "ഞാൻ അങ്ങയുടെ നാമത്തിന് നന്ദി പറയട്ടെ! നീതിമാന്മാർ എന്റെ ചുറ്റും സമ്മേളിക്കും; എന്തെന്നാൽ, അവിടുന്ന് എന്നോട് ദയ കാണിക്കും". ദൈവത്തിന്റെ ശക്തമായ ഒരു ഇടപെടലിനേക്കാൾ, ദൈവത്തിന് പ്രിയപ്പെട്ട മനുഷ്യരുടെ സാന്നിധ്യത്തിന്റെ മാധുര്യമാണ് ദാവീദ് ആഗ്രഹിക്കുന്നത്. നീതിബോധമുള്ള, ദൈവവിചാരമുള്ള മനുഷ്യരുടെ സാമീപ്യം ദൈവത്തിന്റെ കാരുണ്യമാണല്ലോ. ഏതൊരു തടവറയുടെയും പീഡനങ്ങളുടെയും അവസ്ഥയിലും നന്മയുള്ള മനുഷ്യരുടെ സാന്നിദ്ധ്യം ജീവിതത്തെ ഏറെ സമാധാനവും ശാന്തിയുമുള്ളതാക്കാൻ സഹായിക്കും. ദൈവകാരുണ്യവും ദയയുമാണ് സഹനത്തിന്റെ വഴികളിലൂടെ നടക്കുന്ന ഓരോ വിശ്വസിക്കും കരുത്തുറ്റ ആശ്രയവും അവകാശവും.

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിനാല്പത്തിരണ്ടാം സങ്കീർത്തനം ഹൃദയത്തിൽ മനനം ചെയ്യുന്ന ഏതൊരു മനുഷ്യനും തന്റെ ജീവിതത്തിന്റെ ചില നിമിഷങ്ങളെ ഇവിടെ കണ്ടെത്താനാകും. മറ്റ് ആശ്രയങ്ങളൊക്കെ ഇല്ലാതാകുമ്പോഴും ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ലെന്ന ബോധ്യം ദാവീദ് ഈ സങ്കീർത്തനത്തിലൂടെ നൽകുന്നുണ്ട്. സഹനത്തിന്റെയും പീഡനങ്ങളുടെയും മുൻപിൽ നാമൊക്കെ ഓടിയൊളിച്ച ഇടങ്ങളിൽനിന്ന് പുറത്തുവരാനും, ദൈവത്തിന്റെ ശക്തമായ കരങ്ങളിൽ അഭയം തേടാനും ഈ സങ്കീർത്തനം നമ്മെ ക്ഷണിക്കുന്നുണ്ട്. ആരുടെയും പരിഗണനകളില്ലാതെ, രക്ഷാകേന്ദ്രങ്ങളും അഭയസ്ഥാനങ്ങളുമില്ലാതെ, ദുരിതങ്ങളുടെ വഴികളിലൂടെ നീങ്ങുമ്പോൾ, നമുക്ക് അവകാശമായ ഇസ്രയേലിന്റെ ദൈവമായ കർത്താവിൽ ശക്തമായ രക്ഷ കണ്ടെത്തുവാനും, അവന്റെ കാരുണ്യത്തിൽ നമ്മുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകൾ വയ്ക്കുവാനും നമുക്കാകട്ടെ. നമ്മുടെ ശത്രുക്കളൊരുക്കുന്ന കെണികളിൽനിന്ന് ദൈവകരങ്ങൾ നമ്മെ മോചിപ്പിക്കട്ടെ. ദൈവത്തിന്റെ മുൻപിൽ നീതിയും സത്യവുമുള്ള മനുഷ്യരുടെ സാമീപ്യമനുഭവിക്കുവാൻ ദൈവം നമ്മോട് കരുണ കാണിക്കട്ടെ. എല്ലാമറിയുന്ന ദൈവതിരുമുൻപിൽ നമ്മുടെ പ്രാർത്ഥനകൾ പരിത്യക്തന്റെ നിലവിളിപോലെ ഉയരട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2022, 13:54