തിരയുക

അർജന്തീനയുടെ ഉപരാഷ്ട്രപതി, ക്രിസ്തീന ഫെർണാണ്ടസ് ദെ കിർഹ്നെർ അർജന്തീനയുടെ ഉപരാഷ്ട്രപതി, ക്രിസ്തീന ഫെർണാണ്ടസ് ദെ കിർഹ്നെർ 

അർജന്തീനയുടെ ഉപരാഷ്ട്രപതിയെ വധിക്കാൻ ശമം; പാപ്പാ അനുശോചിച്ചു!

സെപ്റ്റംബർ 1-ന് വ്യാഴാഴ്‌ച വൈകുന്നേരം അർജന്തീനയുടെ തലസ്ഥാന നഗരിയായ ബൂവെനോസ് അയിരെസിലെ തൻറെ ഭവനത്തിനു മുന്നിൽ ഉപരാഷ്ട്രപതി ക്രിസ്തീന കിർഹ്നെർ കാറിൽ വന്നിറങ്ങിയപ്പോഴാണ് ബ്രസീലിയൻ പൗരനായ 35 വയസ്സുകാരൻ ആന്ത്രെസ് സബാഗ് തൊട്ടടുത്തുനിന്നു വെടിവയ്ക്കാൻ വിഫലശ്രമം നടത്തിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അർജന്തീനയുടെ ഉപരാഷ്ട്രപതി (വൈസ് പ്രസിഡൻറ്) ക്രിസ്തീന ഫെർണാണ്ടസ് ദെ കിർഹ്നെറിനെ പാപ്പാ തൻറെ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ചു.

വെള്ളിയാഴ്‌ച (02/09/22) ഒരു ടെലെഗ്രാം സന്ദേശത്തിലൂടെയാണ് ഫ്രാൻസീസ് പാപ്പാ ഇതു പ്രകടിപ്പിച്ചത്.

സെപ്റ്റംബർ 1-ന് വ്യാഴാഴ്‌ച വൈകുന്നേരം അർജന്തീനയുടെ തലസ്ഥാന നഗരിയായ ബൂവെനോസ് അയിരെസിലെ തൻറെ ഭവനത്തിനു മുന്നിൽ ഉപരാഷ്ട്രപതി ക്രിസ്തീന കിർഹ്നെർ കാറിൽ വന്നിറങ്ങിയപ്പോഴാണ് ബ്രസീലിയൻ പൗരനായ 35 വയസ്സുകാരൻ ആന്ത്രെസ് സബാഗ് തൊട്ടടുത്തുനിന്നു വെടിവയ്ക്കാൻ ശ്രമിച്ചത്. തോക്കിൽ 5 വെടിയുണ്ടകളുണ്ടായിരുന്നെങ്കിലും കാഞ്ചിവലിച്ചപ്പോൾ വെടി പൊട്ടിയില്ല. അംഗരക്ഷകർ ഞൊടിയിടയിൽ അക്രമിയെ കീഴടക്കി.

ആശങ്കാജനകമായ ഒരു വാർത്തയാണിതെന്ന് തൻറെ ടെലെഗ്രാം സന്ദേശത്തിൽ പറയുന്ന പാപ്പാ സകലവിധ ആക്രണങ്ങൾക്കുമെതിരെ സാമൂഹ്യ ഏകതാനതയും ജനാധിപത്യമൂല്യങ്ങളുടെ ആദരവും അർജന്തീനയിൽ പ്രബലപ്പെടുന്നതിനായി താൻ പ്രാർത്ഥിക്കുന്നുവെന്ന് വെളിപ്പെടുത്തി.

1953 ഫെബ്രുവരി 19-ന് ജനിച്ച  ക്രിസ്തീന ഫെർണാണ്ടസ്  2019 ഡിസംബർ 10 മുതലാണ് അർജന്തീനയുടെ വൈസ് പ്രസിഡൻറ് സ്ഥാനം അലങ്കരിക്കുന്നത്.2007 മുതൽ 2015 വരെ അർജന്തീനയുടെ പ്രസിഡൻറ് ആയും ക്രീസ്തീന സേനവനമനുഷ്ഠിച്ചിട്ടുണ്ട്.

പാപ്പായുടെ ജന്മനാടായ അർജന്തീനയിലെ കത്തോലിക്കാമെത്രാൻ സംഘവും പ്രാദേശിക സഭയുടെ നാമത്തിൽ ഐക്യദാർഢ്യം അറിയിക്കുകയും നാടിൻറെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  ഉപരാഷ്ട്രപതി ക്രിസ്തീനയ്ക്കെതിരെ നടന്ന വധശ്രമത്തെ അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസും അപലപിച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 സെപ്റ്റംബർ 2022, 15:28