ഹൈതിയിൽ കുട്ടികൾ ദുരിതാവസ്ഥയിൽ: സേവ് ദി ചിൽഡ്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏതാണ്ട് 22 ലക്ഷത്തിലധികം കുട്ടികളാണ്, ഹൈതിയിൽ ഇപ്പോഴും തുടരുന്ന സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. രാജ്യത്ത് തുടരുന്ന അക്രമങ്ങളുടെ വർദ്ധനവും, രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളും മൂലം സ്ഥിതിഗതികൾ വഷളായതിനാൽ, കുട്ടികളുടെയും സാധാരണ കുടുംബങ്ങളുടെയും കാര്യത്തിൽ വലിയ ആശങ്കയാണുള്ളതെന്ന് സേവ് ദി ചിൽഡ്രൻ പ്രസ്താവിച്ചു. രാജ്യത്ത് ഏതാണ്ട് 50 ലക്ഷത്തോളം ആളുകൾക്കാണ് സഹായം ആവശ്യമായിരിക്കുന്നത്.
വ്യാപിച്ചുവരുന്ന ദാരിദ്ര്യം, വർദ്ധിച്ചുവരുന്ന ജീവിതച്ചിലവുകൾ, നിരന്തരം തുടരുന്ന അക്രമങ്ങൾ, കാർഷികോത്പാദനത്തിലെ പ്രശ്നങ്ങൾ, വിലകൂടിയ ഭക്ഷ്യ ഇറക്കുമതി, വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അസ്ഥിരത എന്നിവ ചേർന്ന് ഈ കരീബിയൻ രാജ്യത്തിന്റെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ കൂടുതൽ മോശമാക്കുന്നു.
1978 മുതൽ രാജ്യത്ത് പ്രവർത്തിച്ചുവരുന്ന ഈ സംഘടന, ദുർബലരായ കുട്ടികളുടെയും കുടുംബങ്ങളുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കായി അടിയന്തിരമായി പ്രവർത്തിക്കുന്നതിനുവേണ്ടി ഹൈതിക്ക് പിന്തുണ വർദ്ധിപ്പിക്കാണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.
ദാരിദ്ര്യത്താൽ ജീവനുപോലും ഭീഷണി നേരിടുന്ന കുട്ടികളും, ആരോഗ്യസേവനങ്ങൾ ലഭ്യമാകാത്തതിനാൽ ബുദ്ധിമുട്ടുന്ന അമ്മമാരും, ജലദൗർബല്യവും, അക്രമങ്ങളും ചേർന്ന് ദുരിതാവസ്ഥയിലായ രാജ്യത്തിന് അടിയന്തിരമായി അന്ത്രരാഷ്ട്രസമൂഹത്തിന്റെ സഹായം ആവശ്യമാണെന്ന് ഹൈതിയിലെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ ഷന്താൾ ഇമ്പൊൾട് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: