തിരയുക

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ചലികൾ. എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ചലികൾ.  

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു

ബ്രിട്ടന്റെയും, കോമൺവെൽത്ത് രാഷ്ട്രങ്ങളുടെയും രാജ്ഞിയായ എലിസബത്ത് II വ്യാഴാഴ്ച 96-ആം വയസ്സിൽ അന്തരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി

1926 ഏപ്രിൽ 21-ന് ജനിച്ച നെ എലിസബത്ത് അലക്‌സാന്ദ്ര മേരി തന്റെ പിതാവ് ജോർജ്ജ് രാജാവിന്റെ മരണശേഷം1952-ൽ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടു. എലിസബത്ത് രാജ്ഞി ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജ്ഞിയായിരുന്നു.  ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലണ്ടിന്റെയും രാജ്ഞിയായും മറ്റ് 14 കോമൺവെൽത്തുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അബർഡീൻഷെയറിലെ സ്കോട്ട്‌ലൻഡിലെ വസതിയായ ബാൽമൊറൽ കൊട്ടാരത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് രാജ്ഞി അന്തരിച്ചത്.

പുതിയ രാജാവിന്റെ ആദരാഞ്ജലികൾ
ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമൻ തന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് വ്യാഴാഴ്ച ഒരു പ്രസ്താവന പുറത്തിറക്കി.

"എന്റെ പ്രിയപ്പെട്ട അമ്മയായ  രാജ്ഞിയുടെ മരണം എനിക്കും, എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഏറ്റവും വലിയ ദുഃഖത്തിന്റെ നിമിഷമാണ്," പ്രിയപ്പെട്ട ഒരു പരമാധികാരിയുടെയും, വളരെ പ്രിയപ്പെട്ട അമ്മയുടെയും വിയോഗത്തിൽ ഞങ്ങൾ അഗാധമായി വിലപിക്കുന്നു. അവളുടെ നഷ്ടം രാജ്യമെമ്പാടും കോമൺവെൽത്തിലും, ലോകമെമ്പാടുമുള്ള എണ്ണമറ്റ ആളുകൾക്ക് ആഴത്തിൽ അനുഭവപ്പെടുമെന്ന് എനിക്കറിയാം." എന്ന് പറഞ്ഞു. രാജ്ഞിയുടെ മരണത്തെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസും എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

“ബാൽമൊറാലിൽ നിന്ന് ഇപ്പോൾ കേട്ട വാർത്തയിൽ ഞങ്ങൾ എല്ലാവരും തകർന്നിരിക്കുന്നുവെന്നും രാജ്ഞിയുടെ മരണം രാജ്യത്തിനും ലോകത്തിനും വലിയ ആഘാതമാണ്" എന്നും അനുശോചനം അറിയിച്ചു. രാജ്ഞി കാരണമാണ് ബ്രിട്ടൻ ഇന്ന് മഹത്തായ രാജ്യമായതെന്ന് പുതുതായി നിയമിതയായ പ്രധാനമന്ത്രി പറഞ്ഞു. അചഞ്ചലയും, സുതാര്യയുമായ എലിസബത്ത് രാജ്ഞി ഞങ്ങൾക്ക് ആവശ്യമായ സ്ഥിരതയും ശക്തിയും നൽകി” എന്നും, “ഇത്  ഒരു വലിയ നഷ്ടത്തിന്റെ ദിവസമാണ് എന്നാൽ എലിസബത്ത് രാജ്ഞി  മഹത്തായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചു” എന്നും ട്രസ് വെളിപ്പെടുത്തി.

രാജ്ഞിയും പാപ്പമാരും
തന്റെ 70 വർഷത്തെ ഭരണത്തിൽ, വിൻസ്റ്റൺ ചർച്ചിൽ മുതൽ ഏറ്റവും പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് വരെയുള്ള 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ കണ്ടുമുട്ടിയതിനു പുറമേ, അവളുടെ ജീവിതകാലത്തെ 5 പൊന്തിഫിക്കേറ്റുകളിൽ നാല് പാപ്പാമാരെ വ്യക്തിപരമായി രാജ്ഞി കണ്ടിട്ടുണ്ട്. 

1951-ൽ എലിസബത്ത് രാജകുമാരി എന്ന നിലയിലാണ് രാജ്ഞി ആദ്യമായി വത്തിക്കാൻ സന്ദർശിച്ചത്. പിയൂസ് പന്ത്രണ്ടാമനായിരുന്നു അന്നത്തെ പാപ്പാ. രാജ്ഞിയായതിന് ശേഷമുള്ള എലിസബത്തിന്റെ ആദ്യ സന്ദർശനം 1961 മെയ് 5നായിരുന്നു. അവരെയും ഫിലിപ്പ് രാജകുമാരനെയും ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

1980-ൽ എലിസബത്ത് രാജ്ഞി വത്തിക്കാനിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തുകയും, ജോൺ പോൾ രണ്ടാമൻ പാപ്പാ അവരെ സ്വീകരിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം, പോളണ്ടുകാരനായ ജോൺ പോൾ രണ്ടാമൻ പാപ്പാ ഗ്രേറ്റ് ബ്രിട്ടനിലേക്ക് ഒരു ഇടയ സന്ദർശനം നടത്തുകയുമുണ്ടായി.

പുതിയ സഹസ്രാബ്ദത്തിന്റെ ഉദയത്തോടെ, 2000 ഒക്ടോബറിൽ എലിസബത്ത് രാജ്ഞി ഒരിക്കൽ കൂടി വത്തിക്കാൻ സന്ദർശിച്ചു. 2010 സെപ്റ്റംബരിൽ, കർദ്ദിനാൾ ജോൺ ഹെൻറി ന്യൂമാനെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച അവസരത്തിൽ ഒരു അപ്പസ്തോലിക യാത്രയ്ക്കിടെ ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ ഗ്രേറ്റ് ബ്രിട്ടൻ സന്ദർശിക്കുകയും എഡിൻബർഗിൽ രാജ്ഞിയെ കാണുകയും ചെയ്തു.

2021 മെയ് മാസത്തിൽ അന്തരിച്ച എഡിൻബർഗ് പ്രഭുവായ ഫിലിപ്പ് രാജകുമാരനും, എലിസബത്ത് രാജ്ഞിയും 2014 ൽ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. യുണൈറ്റഡ് കിംഗ്ഡവും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിലായിരുന്നു ഈ കൂടിക്കാഴ്ച.

70 വർഷത്തെ ഭരണം
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്  2022 ജൂൺ 2-ന് ഫ്രാൻസിസ് പാപ്പാ രാജ്ഞിക്ക് ഒരു സന്ദേശം അയച്ചു. അതിൽ "അങ്ങയുടെ രാജഭരണ ജന്മദിനത്തിന്റെ ഈ സന്തോഷകരമായ അവസരത്തിൽ, ഈ പ്ലാറ്റിനം ജൂബിലി വർഷം ആഘോഷിക്കുമ്പോൾ,
സർവ്വശക്തനായ ദൈവം നിങ്ങൾക്കും രാജകുടുംബാംഗങ്ങൾക്കും രാജ്യത്തിലെ എല്ലാ ജനങ്ങൾക്കും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ നൽകുമെന്ന എന്റെ പ്രാർത്ഥന നവീകരിക്കുകയും ഹൃദ്യമായ ആശംസകൾ അർപ്പിക്കുകയും ചെയ്യുന്നു'എന്ന് രേഖപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 സെപ്റ്റംബർ 2022, 16:26