തിരയുക

കർദ്ദിനാൾ മൈക്കിൾ ചേർണി (Card. Michael Czerny)., സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട് കർദ്ദിനാൾ മൈക്കിൾ ചേർണി (Card. Michael Czerny)., സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രീഫെക്ട്  

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വിദ്യഭ്യാസം പ്രദാനം ചെയ്യണം, കർദ്ദിനാൾ ചേർണി!

റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വിദ്യഭ്യാസത്തെ അധികരിച്ച് ഒരു ചർച്ചായോഗം സംഘടിപ്പിക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും നീതിയും അനുകമ്പയും മാനവാന്തസ്സും ഉറപ്പുനല്കണമെങ്കിൽ സംഘാതമായ പരിശ്രമം അനിവാര്യമാണെന്ന് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ചുമതലവഹിക്കുന്ന പ്രീഫെക്ട് കർദ്ദിനാൾ മൈക്കിൾ ചേർണി (Card. Michael Czerny).

ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച  (26/09/22) റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ  സർവ്വകലാശാലയിൽ കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വിദ്യഭ്യാസത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട ചർച്ചായോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ ജന്മനാടും വീടും വിട്ട് പലായനം ചെയ്യവെ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും നഷ്ടപ്പെട്ടുപോയവ വീണ്ടെടുത്ത് നല്കണമെങ്കിൽ ഈ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് കർദ്ദിനാൾ ചേർണി വ്യക്തമാക്കി.

സംഘാതമായ പ്രവർത്തനം തുടങ്ങുന്നതിനും ആശയങ്ങൾ കണ്ടെത്തി പങ്കുവയ്ക്കുന്നതിനും സഹായകമായ ഒരു ചട്ടക്കൂട് കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രബോധനം നല്കുന്നുണ്ടെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിൽ വിദ്യഭ്യാസത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടിയ കർദ്ദിനാൾ ചേർണി അതിൽ ഒരുമിച്ചു മുന്നേറണമെന്നും ഭിന്നയിടങ്ങളിൽ ഭിന്ന സാഹചര്യങ്ങളിൽ വിദ്യ പ്രദാനം ചെയ്യേണ്ടതുണ്ടെന്നും വിശദീകരിച്ചു.

അഭയാർത്ഥികളും അവരെ സ്വീകരിക്കുന്ന സമൂഹത്തിലെ അവരുടെ സമപ്രായക്കാരും തമ്മിലുള്ള വിദ്യാഭ്യാസ വിടവ് വളരെ വലുതായിരിക്കുമെന്നത് കുടിയേറ്റക്കാരും അഭയാർത്ഥികളുമായ കുട്ടികളെ പ്രാദേശിക സമൂഹത്തിൽ ഉൾച്ചേർക്കുന്ന പ്രക്രിയയെ ദുർബ്ബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യപ്രദാനം ചെയ്യുന്ന പ്രക്രിയയിൽ ത്രിവിധ ഭാഷകൾ അതായത്, മനനത്തിനും വിധിതീർപ്പിനും ഉതകുന്ന മനസ്സിൻറെ ഭാഷ, മനസ്സിലാക്കുന്നതിനുതകുന്ന ഹൃദയത്തിൻറെ ഭാഷ, കർമ്മനിരതമാകുന്നതിന് കരങ്ങളുടെ ഭാഷ എന്നിവ ഉപയോഗപ്പെടുത്തേണ്ടതിൻറെ പ്രാധാന്യം ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കർദ്ദിനാൾ ചേർണി ചൂണ്ടിക്കാട്ടി.

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അർത്ഥവത്തായ വിദ്യഭ്യാസ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ സർക്കാരുകൾക്കും സമൂഹങ്ങൾക്കും സഭയ്ക്കും പരസ്പരപൂരകമായ ഉത്തരവാദിത്വം ഉണ്ടെന്നും അവ വ്യക്തമായ ദൗത്യബോധത്തോടും ഉദാരതയോടും കൂടി കൈകോർത്തു പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2022, 15:26