വിശ്വാസത്തെ പ്രതിയുള്ള പീഢനം ലോകത്തിൽ ഇന്നും തുടരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വാസത്തെപ്രതി പീഢിപ്പിക്കപ്പെടുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം (Aid to the Church in Need, ACN ) എന്ന പൊന്തിഫിക്കൽ സംഘടനയുടെ ബ്രിട്ടനിലെ ഘടകം അന്നാടിൻറെ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
മതവിശ്വാസത്തിൻറെ പേരിൽ പീഢിപ്പിക്കപ്പെട്ടവരെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനം ആഗസ്റ്റ് 22-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെട്ടതിനോടനുബന്ധിച്ചാണ് ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായത്തിൻറെ ദേശീയ ഘടകത്തിൻറെ ചുമതല വഹിക്കുന്ന കരോളിൻ ഹൾ ഈ അഭ്യർത്ഥന നടത്തിയത്.
വിശ്വാസത്തെ പ്രതി കൊടിയ പീഢനങ്ങൾ നടക്കുന്നതായുള്ള ഞെട്ടിക്കുന്ന വാർത്തകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും തട്ടിക്കൊണ്ടുപോകലുകൾ, മാനഭംഗപ്പെടുത്തൽ, കൊലപാതകം തുടങ്ങിയ വിവിധങ്ങളായ രീതികൾ പീഢകർ അവലംബിക്കുന്നുണ്ടെന്നും ചൈന, പാക്കിസ്ഥാൻ, നൈജീരിയ, മൊസാംബിക്ക്, അഫ്ഖാനിസ്ഥാൻ എന്നീ നാടുകളിലും മദ്ധ്യപൂർവ്വദേശത്തും മതപരമായ കാരണങ്ങളാലുള്ള പീഢനങ്ങൾ ശക്തമാണെന്നും കരോളിൻ ഉദാഹരണസഹിതം വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: