വിശ്വാസിയുടെ സായാഹ്നപ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അസ്വസ്ഥതകളുടെയും അനിശ്ചിതത്വങ്ങളുടെയും പരീക്ഷണങ്ങളുടെയും പ്രലോഭനങ്ങളുടെയും മുന്നിലും, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൽനിന്നുയരുന്ന ഒരു വിലാപപ്രാർത്ഥനയുടെ സ്വരമാണ് നൂറ്റിനാല്പത്തിയൊന്നാം സങ്കീർത്തനത്തെ നയിക്കുന്നത്. ദാവീദിനാൽ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ സങ്കീർത്തനം, നന്മയുള്ള, ദൈവത്തോടടുത്ത മനുഷ്യർക്കേ യഥാർത്ഥ ദൈവാരാധന നടത്താനാകൂ എന്ന് വ്യക്തമാക്കുന്നു. ഈയൊരു ബോധ്യത്തിൽ നിന്നുകൊണ്ടാണ് സങ്കീർത്തകൻ ഇസ്രയേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത്. ഒരു സായാഹ്നബലിയായി തന്റെ പ്രാർത്ഥനയെ ദൈവത്തിന് സമർപ്പിക്കുന്ന സങ്കീർത്തകൻ, ദുഷ്ടരിൽനിന്നും അവരുടെ പ്രവൃത്തികളിൽനിന്നും അകന്നിരിക്കാനും, ദൈവത്തിൽ ശരണം തേടാനും, സംരക്ഷണത്തിനായി അവനോട് പ്രാർത്ഥിക്കാനും തീരുമാനിച്ച് ദൈവതിരുമുൻപിൽ നടത്തുന്ന അർത്ഥനകളാണ് ഈ സങ്കീർത്തനം മുഴുവനും. സജ്ജനങ്ങളാൽ നയിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന സങ്കീർത്തകൻ, ദുഷ്ടരുടെ പ്രതിഫലം എന്തായിരിക്കുമെന്ന് സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇനിയും മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു വിശ്വാസിയുടെ വാക്കുകളാണ് ദാവീദിൽ നാം കാണുന്നത്.
ധൂപാർച്ചനപോലെ ഉയരുന്ന പ്രാർത്ഥന
സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ഒരു വ്യക്തിയുടെ വിലാപപ്രാർത്ഥനയാണ്. ദൈവത്തിലുള്ള ശരണത്താലും, ഉറച്ച വിശ്വാസത്താലും നയിക്കപ്പെടുന്ന സങ്കീർത്തകൻ ഭീഷണിയുയർത്തി മുന്നിൽ നിൽക്കുന്ന തിന്മയെ കണ്ടുകൊണ്ടാണ് ദൈവത്തോട് പ്രാർത്ഥിക്കുന്നത്. അതുകൊണ്ടായിരിക്കണം "കർത്താവെ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥനയ്ക്ക് ചെവി തരണമേ!" (വാ. 1) എന്ന് അവൻ പ്രാർത്ഥിക്കുന്നത്. ശിശുതുല്യമായ നൈർമ്മല്യത്തോടെ വിളിച്ചപേക്ഷിക്കുന്ന വിശ്വാസിയുടെ പ്രാർത്ഥനയ്ക്ക് ചെവി തരികയും, വേഗം അവന് തുണയായെത്തുകയും ചെയ്യുന്നവനാണ് യാഹ്‌വെ. സങ്കീർത്തനത്തിന്റെ രണ്ടാമത്തെ വാക്യത്തിലാകട്ടെ, വിണ്ണിലേക്കുയരുന്ന ധൂപം പോലെ ദൈവസന്നിധിയിലേക്കുയർത്തുന്ന പ്രാർത്ഥനയെ വർണ്ണിച്ച്, വിശ്വാസത്തോടെയും അപേക്ഷകളോടെയും ദൈവസന്നിധിയിലേക്കുയർത്തുന്ന കരങ്ങളെ സായാഹ്നബലിയായി സ്വീകരിക്കണമേയെന്നാണ് ദാവീദ് പ്രാർത്ഥിക്കുന്നത്. "എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ ധൂപാർച്ചനയായും ഞാൻ കൈകൾ ഉയർത്തുന്നത് സായാഹ്നബലിയായതും സ്വീകരിക്കേണമേ!" (വാ. 2).
നന്മതിന്മകളെ വേർതിരിച്ചറിയുന്ന വിശ്വാസം
സങ്കീർത്തനത്തിന്റെ മൂന്നുമുതൽ അഞ്ചു വരെയുള്ള വാക്യങ്ങൾ നന്മതിന്മകളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവേകം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു വിശ്വാസി, നന്മയെ മുറുകെപ്പിടിക്കാൻ ആഗ്രഹിക്കുന്നതാണ് വ്യക്തമാക്കുന്നത്. നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവില്ലാത്തതാണ് പല വീഴ്ചകൾക്കും കാരണം. എന്നാൽ കൂടെയുള്ള, കരംപിടിച്ചു നടത്തുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള അറിവും, അവന്റെ സ്നേഹാനുഭവവും ഉള്ള ഒരു യഥാർത്ഥ വിശ്വാസി എപ്രകാരമാണ് പ്രാർത്ഥിക്കേണ്ടതെന്ന് ഈ വാക്യങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. തന്റെ നാവിന് കടിഞ്ഞാടിണമേയെന്നും, അധരകവാടത്തിന്, തന്റെ ചുണ്ടുകൾക്ക് കാവലേർപ്പെടുത്തണമേയെന്നും, പ്രാർത്ഥിക്കാൻ അവനെ പ്രേരിപ്പിക്കുന്നത്, തിന്മയെ വെറുക്കുന്ന, ദൈവത്തെ സ്നേഹിക്കുന്ന അവന്റെ മനസ്സാണ്. തന്റെ ഹൃദയത്തെ തിന്മയിലേക്ക് ചായാനോ, തന്നെ അക്രമികൾക്കൊപ്പം കൂടി ദുഷ്കർമ്മങ്ങളിൽ ഏർപ്പെടാനോ വിട്ടുകൊടുക്കരുതേയെന്ന സങ്കീർത്തകന്റെ പ്രാർത്ഥന, ദൈവത്തിലുള്ള പൂർണ്ണമായ ശരണത്തെയും, അവൻ തന്റെ പ്രാർത്ഥനകൾ ഉപേക്ഷിക്കില്ലെന്ന സങ്കീർത്തകന്റെ ബോധ്യത്തെയുമാണ് വെളിപ്പെടുത്തുക. ദുഷ്ടരുടെ ഇഷ്ടവിഭവങ്ങളിൽ ആനന്ദം കണ്ടെത്താൻ, ദൈവസാന്നിധ്യത്തിന്റെ മാധുര്യം തിരിച്ചറിഞ്ഞ ഒരു വിശ്വസിക്കാകില്ല.
ദൈവത്തിൽനിന്നുള്ള ശിക്ഷണവും, ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യരുടെ തിരുത്തലുകളും തന്റെ നന്മയ്ക്കായാണെന്നും, തന്നെ നേർവഴിയെ നടത്തുന്നതിനുവേണ്ടിയുള്ളതാണെന്നും ബോധ്യമുള്ളതുകൊണ്ടാണ്, "എന്റെ നന്മയ്ക്കുവേണ്ടി നീതിമാൻ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ!" എന്ന് അഞ്ചാം വാക്യത്തിന്റെ ആദ്യപകുതിയിൽ സങ്കീർത്തകൻ പറഞ്ഞുവയ്ക്കുക. ദുഷ്ടരുടെ തൈലവും തലോടലും, തന്നെ ദൈവത്തിൽനിന്ന് അകറ്റുന്നതിനേ ഉപകരിക്കൂ എന്ന് പറയുന്ന സങ്കീർത്തകൻ, തന്റെ "പ്രാർത്ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികൾക്കെതിരാണ്" (വാ. 5b) എന്നും, അതുവഴി നന്മയുടെ പാതയെയാണ് താൻ പിന്തുടരാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.
ദുഷ്ടരുടെ പ്രതിഫലം
സങ്കീർത്തനത്തിന്റെ ആറും ഏഴും വാക്യങ്ങൾ ഭാഷാപരമായി ഏറെ വ്യക്തമല്ല എന്ന ഒരു അഭിപ്രായമാണ് ബൈബിൾ പണ്ഡിതന്മാർക്കുള്ളത്. ഒരു പക്ഷെ സാവൂളിനെപ്പോലെ തനിക്കെതിരെ നിന്ന ആരെയെങ്കിലും കുറിച്ചാകാം ഈ വാക്കുകൾ. എന്തുതന്നെയായാലും, ദൈവത്തിൽനിന്ന് അകന്ന്, തിന്മ പ്രവർത്തിക്കുന്നവർക്ക് അവരുടെ ദുഷ്പ്രവൃത്തികൾക്കനുസരിച്ച ശിക്ഷയുണ്ടാകുമെന്ന ഒരു ചിന്തയാണ് ദാവീദ് ഇവിടെ പങ്കുവയ്ക്കുന്നത്. "അവരുടെ ന്യായാധിപന്മാർ പാറയിൽനിന്ന് തള്ളിവീഴ്ത്തപ്പെടും; അപ്പോൾ എന്റെ വാക്ക് എത്ര സൗമ്യമായിരുന്നെന്ന് അവർ അറിയും. വിറകു കീറിയിട്ടിരിക്കുന്നത് പോലെ അവരുടെ അസ്ഥികൾ പാതാളവാതിൽക്കൽ ചിതറിക്കിടക്കുന്നു" (വാ. 6-7). നന്മയുടെ, ദൈവസ്നേഹത്തിന്റെ വാക്കുകൾക്ക് നേരെ പുറംതിരിഞ്ഞ്, തിന്മയുടെ പിന്നാലെ സഞ്ചരിക്കുന്നവരെ കാത്തിരിക്കുക നാശമാണ്.
ദൈവത്തിൽ സംരക്ഷണം തേടുക
കെണികൾ നിറഞ്ഞ തിന്മയുടെ പാതയിൽനിന്ന് അകന്നു നിൽക്കുന്ന ദാവീദിലെ വിശ്വാസി, ദൈവത്തിലേക്ക് തന്റെ മിഴികൾ നടുകയും, അവനിൽ അഭയം തേടുകയും ചെയ്യുന്നു. തിന്മയുടെ പ്രതിഫലം തകർച്ചയാണെന്നും, പാതാളവാതിലാണെന്നും ഉള്ള ബോധ്യം, കൂടുതൽ ശരണത്തോടെ ദൈവസന്നിധിയിൽ ജീവിക്കാൻ സങ്കീർത്തകനിലെ വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് "ദൈവമായ കർത്താവെ, എന്റെ ദൃഷ്ടി അങ്ങയുടെ നേരെ തിരിഞ്ഞിരിക്കുന്നു; അങ്ങയിൽ ഞാൻ അഭയം തേടുന്നു. എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ; അവർ എനിക്കൊരുക്കിയ കെണികളിൽനിന്നും ദുഷ്കർമ്മികൾ വിരിച്ച വലകളിൽനിന്നും എന്നെ കാത്തുകൊള്ളേണമേ!" (വാ. 8-9) എന്ന് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. തിന്മ ചെയ്യുന്നവൻ തിന്മയാണ് സ്വീകരിക്കുക. എന്നാൽ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്നവൻ ഏതൊരു കെണിയിൽനിന്നും രക്ഷപെടും എന്ന ഒരു ബോധ്യം പങ്കുവച്ചുകൊണ്ടാണ് സങ്കീർത്തനം അവസാനിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
നൂറ്റിനാല്പത്തിയൊന്നാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, നമുക്കും, ഏതൊരു വിശ്വാസിക്കും സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയാണിതെന്ന് നമുക്ക് കാണാം. ദൈവത്തിലേക്കുയരുന്ന ഒരു പ്രാർത്ഥനയായി നമ്മുടെ വാക്കുകളും, ധൂപാർച്ചനപോലെ വിണ്ണിലേക്കുയരുന്ന കരങ്ങൾപോലെ, ദൈവത്തിന് സ്വീകാര്യമായവയായി നമ്മുടെ പ്രവൃത്തികളും മാറണമെന്ന് ഈ സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ദുഷ്ടന്റെ അഭിഷേകതൈലത്തേക്കാൾ, നീതിമാന്റെ തിരുത്തലുകൾ സ്വീകരിക്കുവാൻ നാം തയ്യാറാകുമെങ്കിൽ നമ്മുടെ ജീവിതവും ദൈവത്തിന് പ്രീതികരമാകും, ദൈവോന്മുഖമാകും. നന്മതിന്മകൾ തിരിച്ചറിഞ്ഞ്, ദൈവത്തോട് ചേർന്ന്, അവനിൽ ശരണപ്പെട്ട് ജീവിക്കാൻ സങ്കീർത്തനവരികൾ നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവത്തെ പൂർണ്ണമായി സ്നേഹിച്ചാൽ, അവനിൽ പൂർണ്ണമായി ശരണപ്പെട്ടാൽ, പാപവഴികൾ ഉപേക്ഷിച്ചാൽ, ദുഷ്ടരിൽനിന്ന് അകന്നു നിന്നാൽ, ജീവിതം ഒരു പ്രാർത്ഥനയായി മാറിയാൽ, ഇസ്രയേലിന്റെ ദൈവം നമ്മെ നിരാധാരരായി ഉപേക്ഷിക്കില്ല. ദുഷ്ടർ നമുക്കായൊരുക്കിയ കെണികളിൽനിന്നും ശത്രുവിന്റെ മാർഗ്ഗങ്ങളിൽനിന്നും അവൻ നമ്മെ സംരക്ഷിക്കും. നന്മയുടെയും, സ്നേഹത്തിന്റെയും, അനുഗ്രഹത്തിന്റെയും വാക്കുകളാൽ, നമ്മുടെയും മറ്റുള്ളവരുടെയും ഹൃദയങ്ങൾക്കും ജീവിതങ്ങൾക്കും ദൈവത്തിലേക്കുള്ള പാത തെളിക്കുവാനും, പൂർണ്ണമായും ദൈവസ്നേഹത്താൽ നിറഞ്ഞ ഒരു ധൂപാർച്ചനയായി ദൈവത്തിലേക്കുയരുവാനും ഇസ്രയേലിന്റെ ദൈവമായ കർത്താവ് നമ്മിൽ കനിയട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: