പാകിസ്ഥാൻ ന്യൂനപക്ഷ ദിനം: നിർബന്ധിത മതപരിവർത്തനം ദുർബലരുടെ മഹാ വിപത്ത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ജീവിതത്തിലെ ഒരു വിപത്തായ നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് നമുക്ക് ആരംഭിക്കാം." എന്ന് പറഞ്ഞു കൊണ്ടാണ് ദക്ഷിണേഷ്യൻ രാഷ്ട്രമായ പാക്കിസ്ഥാനിൽ വ്യാഴാഴ്ച ദേശീയ ന്യൂനപക്ഷ ദിനം ആചരിച്ച അവസരത്തിൽ ഒരു കത്തോലിക്കാ അൽമായനായ പീറ്റർ ജേക്കബ് സംസാരിച്ചത്. നിർബന്ധിത മതപരിവർത്തനങ്ങളുടെ പ്രശ്നം പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളിലെ ഏറ്റവും ദുർബ്ബലരും ദരിദ്രരുമായ അംഗങ്ങളെ ബാധിക്കുന്നതായി ഫിദെസ് വാർത്താ ഏജൻസിയോടു സംസാരിച്ച ജേക്കബ് പറഞ്ഞു.
ഈ വേദനാജനകമായ മൗലിക മനുഷ്യാവകാശ ലംഘനങ്ങൾ, വിവേചനം, ദാരിദ്ര്യം, നിയമവാഴ്ചയുടെ അഭാവം തുടങ്ങിയ അങ്ങേയറ്റം ആശങ്കാജനകമായ ഘടകങ്ങളുമായി കൈകോർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "ഈ വിഷയത്തിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വം ന്യൂനപക്ഷ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കാൻ അവരുടെ വിശ്വാസം ഉപയോഗിക്കാൻ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നു.
ന്യൂനപക്ഷങ്ങൾക്ക് നീതി
സാമൂഹ്യനീതിക്കായുള്ള കേന്ദ്രത്തിന്റെ തലവനായ ജേക്കബ് ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിന്റെ പ്രശ്നം എല്ലാ പാക്കിസ്ഥാനികളുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും സർക്കാർ നീതി ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രശ്നം തിരിച്ചറിയുകയും മതിയായ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കുകയും വേണം. മതന്യൂനപക്ഷങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രത്യേക നടപടികൾ കൈക്കൊള്ളണം എന്നും ജേക്കബ് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ദുർബ്ബലവും പാർശ്വവൽക്കരിക്കപ്പെട്ടതുമായ അവസ്ഥയ്ക്ക് പാകിസ്ഥാൻ സമൂഹത്തിൽ സംരക്ഷണവും അവബോധവും വർദ്ധിപ്പിക്കുന്നതിന് ബോധവൽക്കരണവും വിദ്യാഭ്യാസ പരിപാടികളും അടിയന്തിരമായി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർബന്ധിത മതപരിവർത്തനങ്ങളിൽ വർദ്ധനവ്
2021-ൽ മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള 78 യുവതികളെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി സമൂഹനീതിക്കായുള്ള കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 39 ഹിന്ദുക്കളും, 38 ക്രൈസ്തവരും, 1 സിഖ് സ്ത്രീയും ഉൾപ്പെടുന്നു. 2020-നെ അപേക്ഷിച്ച് നിർബന്ധിത മതപരിവർത്തനങ്ങളിൽ 80 ശതമാനം വർധനവാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ഈ കേസുകൾ മാത്രമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ജേക്കബ്, മറ്റു പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നൽകി.
സർക്കാരിന്റെ നിശ്ചയദാർഢ്യം
പാക്കിസ്ഥാന്റെ ന്യൂനപക്ഷ ദിനത്തിനായുള്ള സന്ദേശത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, "ഭയമോ പ്രീതിയോ പരിഗണിക്കാതെ" ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ "അചഞ്ചലമായ ദൃഢനിശ്ചയം ഉറപ്പ് നൽകി.
സർക്കാർ സേവനങ്ങളിൽ തന്റെ സർക്കാർ 5 ശതമാനം ജോലി സംവരണം ന്യൂനപക്ഷങ്ങൾക്കായി മാറ്റി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ, എല്ലാ രാഷ്ട്രനിർമ്മാണ ശ്രമങ്ങളിലും ന്യൂനപക്ഷങ്ങൾ വഹിക്കുന്ന വിശിഷ്ടമായ പങ്ക് താൻ ആത്മാർത്ഥമായി ഊന്നിപ്പറയുന്നുവെന്നും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള തങ്ങളുടെ യാത്രയിൽ അവർ അർപ്പിച്ച ത്യാഗത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാം എന്ന പ്രധാനമന്ത്രിയുടെ സന്ദേശം വായിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: